പന്ത്രണ്ട് സീറ്റുകളില്‍ ബിജെപിക്ക് പ്രതീക്ഷ; ആര്‍എസ്എസിന് ആറും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മുന്നേറ്റം സംബന്ധിച്ച് വിലയിരുത്തലുമായി അവസാനം ബിജെപി രംഗത്തുവന്നു. 12 സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് വിജയം നേടാനാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. നേരത്തെ ആറ് സീറ്റുകളില്‍ ബിജെപിയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു ആര്‍എസ്എസിന്‍റെ വിലയിരുത്തല്‍. കേരളത്തില്‍ ഇടത്പക്ഷത്തിനോ വലതുപക്ഷത്തിനോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യ്ക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഇക്കൂറി ബിജെപി കൂടുതല്‍ ആത്മവിശ്വാസത്തിലുമാണ്. തെരഞ്ഞെടുപ്പിനുശേഷം ഇടതുവലതുമുന്നണികള്‍ അവരുടെ വിജയപ്രതീക്ഷകളും സീറ്റ് സാധ്യതകളും പ്രഖ്യാപിച്ചപ്പോള്‍ ബിജെപി നിശബ്ദമായിരുന്നു. രണ്ടുമുന്നണികളും അവകാശപ്പെട്ടത് അവര്‍ 80ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ്. തുടര്‍ന്നാണ് ബിജെപി കോര്‍കമ്മിറ്റിയോഗം സാധ്യതകള്‍ പരിശോധിച്ചത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടി നിയമസഭയില്‍ എക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇക്കുറി ബിജെപിയുടെ എക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് ഭരണകക്ഷിയായ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവും പ്രതിപക്ഷവും പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍പ്പോലും ബിജെപിക്ക് മത്സരം കടുത്തതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടി വിജയ സാധ്യത പ്രവചിച്ച സീറ്റുകളില്‍ ശക്തമായ ത്രികോണമത്സരമാണ് ഉണ്ടായിട്ടുള്ളത്. ഇത് പ്രവചനങ്ങളെ പിന്തുണയ്ക്കുന്നില്ല. അതിനാല്‍ ഏതാനും സീറ്റുകളിലെങ്കിലും മുന്‍തൂക്കം അറിയണം എന്നുണ്ടെങ്കില്‍ വോട്ടെണ്ണുന്ന രണ്ടാം തീയതി വരെ കാത്തിരിക്കേണ്ടിവരും. 140 അംഗ നിയമസഭയില്‍ ഒരു സീറ്റിലും ബിജെപി വിജയിച്ചുകൂടാ എന്നകാര്യത്തില്‍ മാത്രമാണ് ഭരണപക്ഷവും പ്രതിപക്ഷവും യോജിപ്പിലുള്ളത്. ഇത് രണ്ടുമുന്നണികളും തമ്മിലുള്ള ധാരണയാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപിയും ആരോപിച്ചിട്ടുണ്ട്.
ഏപ്രില്‍ 6 ന് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചയുടനെ, 27 മണ്ഡലങ്ങളില്‍ ബിജെപി മികച്ച പോരാട്ടം നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇത് അല്‍പ്പം അതിശയോക്തി കലര്‍ന്ന പ്രസ്താവന ആയിരുന്നെന്ന് ഏവര്‍ക്കും തിരിച്ചറിയാവുന്നതാണ്. എന്നാല്‍ മന്ത്രിയെന്നതിലുപരി ഒരു പാര്‍ട്ടി പ്രവര്‍ത്തകന് അണികള്‍ക്ക് ആത്മവിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നതിനാല്‍ അദ്ദേഹത്തിന്‍റെ വിലയിരുത്തലില്‍ തെറ്റുപറയാനാവില്ല. വെള്ളിയാഴ്ച ആര്‍എസ്എസ് അവരുടെ കണക്കുകള്‍ പരിശോധിച്ചിരുന്നു. ഏതാനും മണിക്കൂര്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ആറ് മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് വലിയ പ്രതീക്ഷകളുണ്ടെന്ന് പറഞ്ഞു. നേമം , മഞ്ചേശ്വരം, പാലക്കാട്, തൃശ്ശൂര്‍ , കഴക്കൂട്ടം, വട്ടിയൂര്‍കാവ് എന്നീമണ്ഡലങ്ങളിലാണ് ആര്‍എസ്എസ് വിജയ സാധ്യത കണ്ടെത്തിയത്. ഈ സീറ്റുകള്‍ക്കുപുറമേ കാസര്‍ഗോഡ്, ചത്തന്നൂര്‍, മലമ്പുഴ, കോഴിക്കോട് നോര്‍ത്ത്, കാട്ടാക്കട, മണലൂര്‍ എന്നിവിടങ്ങളിലും പാര്‍ട്ടിക്ക് വിജയ സാധ്യതയുണ്ടെന്ന് ബിജെപി കണ്ടെത്തി.
എന്നിരുന്നാലും, അധികാരസ്ഥാനത്ത് മാറിമാറി വന്ന പരമ്പരാഗത രാഷ്ട്രീയ മുന്നണികള്‍ക്കൊന്നും ഇത്തവണ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും നിര്‍ണ്ണായക ഘടകമാകുന്നത് ബിജെപിയാണെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ച് പറയുന്നു. 35 സീറ്റുകള്‍ ബിജെപിക്ക് നേടാനായാല്‍ അത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവന ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപി എങ്ങനെ പ്രകടനം നടത്തിയെന്നത് തിരിഞ്ഞുനോക്കുമ്പോള്‍, സുരേന്ദ്രന്‍റെ ചിന്ത തീര്‍ച്ചയായും യുക്തിക്ക് അതീതമാണ് എന്ന് കാണാന്‍ കഴിയും. കാരണം 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 10.33 ശതമാനമായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 15.10 ശതമാനത്തിലെത്തി. ഇവിടെ ബാര്‍ട്ടി ഒരു സീറ്റില്‍ വിജയം നേടി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം 15.6 ശതമാനമായിരുന്നു. 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 13.28 ശതമാനം വോട്ട് നേടുകയും 21,000 സീറ്റുകളില്‍ 1,200 സീറ്റുകള്‍ നേടുകയും ചെയ്തു. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപി അധ്യക്ഷന്‍റെ വാദങ്ങളുമായി പൊരുത്തപ്പെടുന്നില്ല. എന്നിരുന്നാലും, വോട്ടെണ്ണല്‍ ദിവസത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, 80 ഓളം സീറ്റുകളില്‍ എതിരാളികള്‍ വിജയം പ്രവചിക്കുക്കുന്നു.
ആര് ജയിച്ചാലും തോറ്റാലും ഒരു കാര്യം ഉറപ്പാണ്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടയാള്‍ തീര്‍ച്ചയായും പറയും വിജയിക്ക് ബിജെപിയുമായി രഹസ്യ ബന്ധമുണ്ടായിരുന്നു എന്ന്. അതിനാല്‍ ഫലപ്രഖ്യാപനത്തിനുശേഷവും ബിജെപിയുടെ വളര്‍ച്ച, നിഴല്‍, അവിശുദ്ധ ബന്ധം എന്നിവ വീണ്ടും ചര്‍ച്ചയാകും. അതില്‍ യാഥാര്‍ത്ഥ്യം ുണ്ടെങ്കിലും ഇല്ലെങ്കിലും.