തുടര്‍ച്ചയായ മൂന്നാം വാരത്തിലും ഇടിഞ്ഞ് സൂചികകള്‍
1 min readഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ രാജ്യത്തെ മൂലധന വിപണികളില്‍ അറ്റ വില്‍പ്പനക്കാരാകുന്നതിനും ഏപ്രില്‍ സാക്ഷ്യം വഹിച്ചു
മുംബൈ: കോവിഡ് 19 രാജ്യത്തിന്‍റെ സാമ്പത്തിക അന്തരീക്ഷത്തില്‍ സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വങ്ങളുടെ പ്രതിഫലനം എന്നോണം തുടര്‍ച്ചയായ മൂന്നാം വാരത്തിലും ഇടിവ് പ്രകടമാക്കി ഓഹരിവിപണി സൂചികകള്‍.
ആഗോള വിപണികളിലെ അസ്വസ്ഥതയും വിലനിര്‍ണയ സമ്മര്‍ദങ്ങളും വിപണിയില്‍ സ്വാധീനം ചെലുത്തിയെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇന്നലെ ബിഎസ്ഇ സെന്‍സെക്സ് ഇടിവിലാണ് തുടങ്ങിയതെങ്കിലും, വ്യാപാരം പുരോഗമിച്ചപ്പോള്‍ എല്ലാ നഷ്ടങ്ങളും തിരിച്ചുപിടിക്കുകയും 200 പോയിന്‍റുകള്‍ കുതിക്കുകയും ഇന്‍ട്രാ-ഡേ ഡീലുകളില്‍ 48,265 എന്ന ഉയര്‍ന്ന സ്ഥാനത്തെത്തുകയും ചെയ്തു. എന്നിരുന്നാലും, പിന്നീട് 600 പോയിന്‍റ് ഇടിവിലേക്ക് തിരിച്ചെത്തി 47,669 എന്ന നിലയിലായി. എന്നാല്‍ വ്യാപാരം അവസാനിക്കുന്ന ഘട്ടത്തില്‍ ഇടിവ് 202 പോയിന്‍റ് അഥവാ 0.42 ശതമാനമായി കുറച്ച് 47,878.45 എന്ന തലത്തിലായിരുന്നു സെന്‍സെക്സ്.
എന്‍എസ്ഇ നിഫ്റ്റി 50.65 പോയിന്‍റ് അഥവാ 0.45 ശതമാനം ഇടിഞ്ഞ് 14,341 ലെവലിലാണ് വ്യാപാരം നിര്‍ത്തിയത്. ഇന്‍ട്രാ-ഡേ ഡീലുകളില്‍ സൂചിക ഇവിടെയും ഉയര്‍ച്ച താഴ്ചകള്‍ പ്രകടമാക്കി.
ബ്രിട്ടാനിയ, ഡോ. റെഡ്ഡീസ് ലാബ്സ്, എം ആന്‍ഡ് എം, വിപ്രോ, ഗ്രാസിം, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെടെ നിഫ്റ്റിയിലെ 30ഓളം ഓഹരികള്‍ നഷ്ടം വരുത്തി. സെന്‍സെക്സില്‍ എച്ച്യുഎല്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവയാണ് നിക്ഷേപകര്‍ക്ക് ഏറ്റവുമധികം നഷ്ടം വരുത്തിയത്.
എന്‍ടിപിസി , പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ബിപിസിഎല്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി എന്നിവയാണ് ഇന്നലത്തെ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. യൂറോപ്യന്‍ വിപണികളും ഇന്നലെ എട്ടു ദിവസത്തിനിടയിലെ ആദ്യ നഷ്ടം കണ്ടു. ആഗോള തലത്തില്‍ കോവിഡ് 19 കേസുകളിലുണ്ടാകുന്ന വര്‍ധന തന്നെയാണ് യൂറോപ്യന്‍ വിപണികളിലെയും ചാഞ്ചാട്ടത്തിന് കാരണമാകുന്നത്.
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ രാജ്യത്തെ മൂലധന വിപണികളില്‍ അറ്റ വില്‍പ്പനക്കാരാകുന്നതിനും ഏപ്രില്‍ സാക്ഷ്യം വഹിച്ചു. ഏപ്രില്‍ 1-16 വരെയുള്ള കാലയളവില്‍ 4,615 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ നടത്തിയിട്ടുള്ളത്. മാര്‍ച്ചില്‍ 17,304 കോടി രൂപയുടെ അറ്റ നിക്ഷേപം നടന്ന സ്ഥാനത്താണിത്. ഏപ്രിലില്‍ ഇക്വിറ്റികളില്‍ ?4,643 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടന്നപ്പോള്‍ ഡെറ്റ് വിഭാഗത്തില്‍ 28 കോടി രൂപയുടെ നിക്ഷേപം നടന്നു.