Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ധനക്കമ്മി കുറയ്ക്കാന്‍ സൗദി അറേബ്യ സ്വകാര്യവല്‍ക്കരണങ്ങള്‍ വേഗത്തിലാക്കുന്നു

1 min read

15 ബില്യണ്‍ റിയാലിന്റെ കരാറുകളില്‍ സ്വകാര്യ നിക്ഷേപകരുമായി ധാരണയിലെത്തിയതായി സൗദിയിലെ ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്രം മേധാവി

റിയാദ് പകര്‍ച്ചവ്യാധിയും എണ്ണവിലയിടിവും മൂലം കുതിച്ചുയര്‍ന്ന ധനക്കമ്മി കുറയ്ക്കാന്‍ സൗദി അറേബ്യ സ്വകാര്യവല്‍ക്കരണ പ്രക്രിയകളുടെ വേഗത വര്‍ധിപ്പിക്കുന്നു. ഏതാണ്ട് 15 ബില്യണ്‍ റിയാലിന്റെ(4 ബില്യണ്‍ ഡോളര്‍) അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സ്വകാര്യ നിക്ഷേപകരുമായി ധാരണയിലെത്തിയതായി സൗദി അറേബ്യയിലെ ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്രം (എന്‍സിപി) മേധാവി റയ്യാന്‍ നഗഡി പറഞ്ഞു. ഈ വര്‍ഷം നിരവധി പൊതുമേഖല ആസ്തികളുടെ വില്‍പ്പന പൂര്‍ത്തിയാക്കുമെന്നും നഗഡി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്വകാര്യവല്‍ക്കരണങ്ങളിലൂടെയും വില്‍പ്പനയിലൂടെയും എത്ര തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

സ്വകാര്യവല്‍ക്കരണങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2017ലാണ് സൗദി അറേബ്യ എന്‍സിപിക്ക് രൂപം നല്‍കിയത്. 2016ല്‍ സൗദിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സാമ്പത്തിക പരിഷ്‌കാര പദ്ധതി പ്രഖ്യാപിച്ച സമയത്ത് സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മന്ദഗതിയിലാണ് സൗദി അറേബ്യയിലെ സ്വകാര്യവല്‍ക്കരണ പ്രക്രിയകള്‍ നീങ്ങുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലും സോക്കര്‍ ക്ലബ്ബുകളിലും മില്ലുകളിലും ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുമെന്നും സൗദി കിരീടാവകാശി അന്ന് സൂചന നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം സൗദി അരാംകോയിലും മില്ലുകളിലും ഉള്ള ഓഹരികള്‍ വില്‍ക്കാന്‍ മാത്രമേ സൗദിക്ക് സാധിച്ചിട്ടുള്ളു.  പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുന്നതിന് സ്വകാര്യ നിക്ഷേപകരുമായി സൗദി കരാറുകളില്‍ ഒപ്പുവെച്ചിരുന്നെങ്കിലും സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ 200 ബില്യണ്‍ ഡോളര്‍ സമാഹരിക്കാമെന്ന സൗദിയുടെ പദ്ധതി ലക്ഷ്യം കണ്ടില്ല.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

2022,2023 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന പൊതു- സ്വകാര്യ പങ്കാളിത്തങ്ങളിലും ഓഹരി വിറ്റഴിക്കലിലും സൗദി അറേബ്യയ്ക്ക് വളരെ വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന് നഗഡി പറഞ്ഞു. ‘ഇത് സംബന്ധിച്ച് കൃത്യമായൊരു പദ്ധതി തങ്ങള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കുക മാത്രമാണ് ഇനി വേണ്ടത’്. സ്വകാര്യവല്‍ക്കരണത്തില്‍ രണ്ട്, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തത ഇപ്പോള്‍ തങ്ങള്‍ക്കുണ്ടെന്നും നഗഡി പറഞ്ഞു. നേരത്തെ എച്ച്എസ്ബിസി ഹോള്‍ഡിംഗ് ഉദ്യോഗസ്ഥനായ നഗഡിയെ 2019ലാണ് രാജ്യത്തെ സ്വകാര്യവല്‍ക്കരണ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സൗദി അറേബ്യ നിയമിച്ചത്. ആ വര്‍ഷം അവസാനത്തോടെ എന്‍സിപി മേധാവിയായി അദ്ദേഹം നിയമിതനായി.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

സ്വകാര്യവല്‍ക്കരണ നിയമത്തില്‍ സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കുകയെന്നതായിരുന്നു നഗഡിക്ക് മുമ്പിലുണ്ടായിരുന്ന ആദ്യ കടമ്പ. സ്വകാര്യവല്‍ക്കരണത്തിന് അനുമതി ലഭിക്കുന്നതിനാവശ്യമായ പല നിബന്ധനകളും ഒഴിവാക്കി വേഗത്തിലുള്ള അനുമതി ലക്ഷ്യമിടുന്ന നിയമത്തിന് മാര്‍ച്ചിലാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. സ്വകാര്യവല്‍ക്കരണം പൊതുവെ രാജ്യത്തിന് പുതിയ അനുഭവമായതിനാല്‍ ആദ്യ ഇടപാടുകളില്‍ കുറച്ച് കാലതാമസം ഉണ്ടാകുമെന്നും എന്നാല്‍ അതിനുശേഷം സ്വകാര്യവല്‍ക്കര പ്രക്രിയകള്‍ വേഗത്തിലാകുമെന്നാണ് കരുതുന്നതെന്നും നഗഡി അറിയിച്ചു.

നാല് മില്ലുകളുടെ വില്‍പ്പനയിലൂടെ കഴിഞ്ഞിടെ സൗദി അറേബ്യ 800 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും മറ്റ് രണ്ട് മില്ലുകളുടെ വില്‍പ്പനയിലൂടെ സൗദി 740 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ അഞ്ച് വര്‍ഷമെങ്കിലും എടുക്കും. ഈ വര്‍ഷം അവസാനത്തോടെ റാസ് അല്‍ ഖൈര്‍ ജല ശുദ്ധീകരണ പ്ലാന്റിന്റെ ഒരു ഭാഗം വില്‍ക്കാനും സൗദി ആലോചിക്കുന്നുണ്ട്. ഈ ഇടപാടിലൂടെ കോടിക്കണക്കിന് ഡോളറാണ് സൗദി ലക്ഷ്യമിടുന്നത്.

സ്വകാര്യവല്‍ക്കരണ നടപടികളില്‍ സൗദി അറേബ്യയിലെ പ്രധാന സ്ഥാപനമാണ് എന്‍സിപി എങ്കിലും പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഓഹരി വില്‍പ്പനയിലോ കമ്പനിയുടെ എണ്ണ പൈപ്പ്‌ലൈന്‍ പണയ ഇടപാടിലോ എന്‍സിപി പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ മാസം നടന്ന പൈപ്പ്‌ലൈന്‍ ഇടപാടിലൂടെ 1.24 ബില്യണ്‍ ഡോളറാണ് സൗദി സമാഹരിച്ചത്. ഈ സമയത്ത്  അടിസ്ഥാന സൗകര്യ പ്രോജക്ടുകളില്‍ സ്വകാര്യമേഖലയുടെ നിക്ഷേപം നേടുന്നതിലും അങ്ങനെ സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കുന്നതിലുമായിരുന്നു എന്‍സിപിയുടെ ശ്രദ്ധ. ഇവ കൂടാതെ ജലശുദ്ധീകരണ പ്ലാന്റുകള്‍ പോലെ എണ്ണ-ഇതര, വാതക ആസ്തികളുടെ വില്‍പ്പന ഇടപാടുകളും എന്‍സിപി ലക്ഷ്യമിടുന്നുണ്ട്. ധനക്കമ്മി കുറയ്ക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാണ് ഇവയെല്ലാം. സര്‍ക്കാര്‍ ചിലവുകളില്‍ നിന്ന് അടിസ്ഥാന സൗകര്യ പ്രോജക്ടുകളിലെ നിക്ഷേപങ്ങളെ ഒഴിവാക്കാനും പുതിയ പ്രോജക്ടുകള്‍ക്കുള്ള ഫണ്ടിംഗിന് സോവറീന്‍ വെല്‍ത്ത് ഫണ്ടിനെ ഉപയോഗിക്കാനുമാണ് സൗദിയുടെ പദ്ധതി.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ചിലവിടല്‍ കുറയ്ക്കാനുള്ള ധനസമാഹരണ മാര്‍ഗമായി മാത്രമല്ല സ്വകാര്യവല്‍ക്കരണങ്ങളെ കാണുന്നതെന്നും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അന്താരാഷ്ട്ര നിക്ഷേപകരുടെയും ബാങ്കുകളുടെയും പ്രിയ നിക്ഷേപ കേന്ദ്രമായി സൗദിയെ മാറ്റുകയുമാണ് സ്വകാര്യവല്‍ക്കരണത്തിന്റെ ലക്ഷ്യമെന്നും നഗഡി  വ്യക്തമാക്കി.

Maintained By : Studio3