മാസെറാറ്റി ലെവാന്റെ ഹൈബ്രിഡ് അനാവരണം ചെയ്തു
അസൂറോ ആസ്‌ട്രോ എന്ന് വിളിക്കുന്ന മെറ്റാലിക് ബ്ലൂ നിറം പുതുതായി അവതരിപ്പിച്ചു
ന്യൂഡെല്‍ഹി: മാസെറാറ്റി ഗിബ്ലി ഹൈബ്രിഡ് പുറത്തിറക്കിയാണ് ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ് വൈദ്യുതീകരണത്തിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ലെവാന്റെ ഹൈബ്രിഡ് ആഗോളതലത്തില്‍ അനാവരണം ചെയ്തിരിക്കുകയാണ് കമ്പനി. അല്‍പ്പം കൂടുതല്‍ സ്‌പോര്‍ട്ടിയായ പുതിയ ജിടി വകഭേദം കൂടി പുറത്തിറക്കി. അസൂറോ ആസ്‌ട്രോ എന്ന് വിളിക്കുന്ന മെറ്റാലിക് ബ്ലൂ നിറം പുതുതായി അവതരിപ്പിച്ചു. കൂടാതെ വശങ്ങളിലെ മൂന്ന് എയര്‍ ഇന്‍ടേക്കുകളിലും ബ്രേക്ക് കാലിപറുകളിലും ലോഗോ നല്‍കിയ സി പില്ലറിലും നീലനിറ സാന്നിധ്യം കാണാം. പരിഷ്‌കരിച്ച മോഡലില്‍ കണ്ട നവീകരിച്ച ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കുന്നു. കാബിനില്‍, അപ്‌ഗ്രേഡ് ചെയ്ത 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 7.0 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവ നല്‍കി.
2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മാസെറാറ്റി ലെവാന്റെ ഹൈബ്രിഡ് ഉപയോഗിക്കുന്നത്. കൂടെ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കി. ഗിബ്ലി ഹൈബ്രിഡിന് ലഭിക്കുന്നതുപോലെ, 5,750 ആര്‍പിഎമ്മില്‍ 325 ബിഎച്ച്പി കരുത്തും 2,250 ആര്‍പിഎമ്മില്‍ 450 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. താഴ്ന്ന റെവലൂഷനുകളില്‍ ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നതുപോലെയുള്ള ടോര്‍ക്ക് ലഭിക്കുന്നതായി മാസെറാറ്റി ചൂണ്ടിക്കാട്ടി. പുതിയ ലെവാന്റെ ഹൈബ്രിഡ് മോഡലിന് മൂന്നക്ക വേഗത കൈവരിക്കാന്‍ ആറ് സെക്കന്‍ഡ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 240 കിലോമീറ്ററാണ് ടോപ് സ്പീഡ്.
ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം, എയര്‍ സസ്‌പെന്‍ഷന്‍, പിറകില്‍ മെക്കാനിക്കല്‍ ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രെന്‍ഷ്യല്‍ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. മാസെറാറ്റി ലെവാന്റെ ഹൈബ്രിഡ് എസ്‌യുവിയുടെ ഭാരം 2090 കിലോഗ്രാമാണ്. പിറകില്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ ഭാഗമായ ബാറ്ററി സ്ഥാപിച്ചെങ്കിലും വാഹനത്തിന്റെ ഭാരം രണ്ട് ആക്‌സിലുകളിലും തുല്യമായി നല്‍കാന്‍ കഴിഞ്ഞു. 21 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് മാസെറാറ്റി ലെവാന്റെ ഹൈബ്രിഡ് ഓടുന്നത്.