തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറച്ചത് അടിത്തറയില്ലാത്തതിനാല്‍
1 min readചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കേവലം 25 സീറ്റില്‍ ഒതുക്കാന്‍ ഡിഎംകെ കഴിഞ്ഞു എന്നത് ദേശീയപാര്‍ട്ടിക്കുള്ളില്‍ അപസ്വരങ്ങള്‍ക്ക് വഴിവെച്ചതായി റിപ്പോര്‍ട്ടുകള്‍. സീറ്റ് പങ്കിടലിനായി നിരവധി തവണ നടത്തിയ വിലപേശലിനുശേഷമാണ് ഡിഎംകെ 25 സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. മുമ്പ് 42 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ 41 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഇക്കുറി 42ല്‍ നിന്നും 32 ലേക്ക് താഴ്ന്നെങ്കിലും ഡിഎംകെ വഴങ്ങിയിരുന്നില്ല. അന്ന് 18 സീറ്റുകള്‍ മാത്രമാണ് തമിഴകത്തെ പ്രതിപക്ഷം കോണ്‍ഗ്രസിനായി നീക്കിവെച്ചിരുന്നത്.
കോണ്‍ഗ്രസിനുള്ള സീറ്റുകള്‍ ഡിഎംകെ കുറയ്ക്കാന്‍ കാരണം അവര്‍ തമിഴ്നാട്ടില്‍ അടിത്തറയില്ലാത്ത പാര്‍ട്ടി ആയതുകൊണ്ടാണ്.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ഐഎഎന്‍എസിനോട് പറഞ്ഞു, “മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് അടിത്തട്ടിലുള്ള ശക്തിയില്ല, ഞങ്ങള്‍ നല്‍കിയ 25 എണ്ണം പോലും ഡിഎംകെയുടെ ദയയാണ്” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ഒരു ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഡിഎംകെയുടെ ഈ നിലപാട് കോണ്‍ഗ്രസ് മനസിലാക്കി എന്നതാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ അപസ്വരങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ സംസ്ഥാനത്ത് അവര്‍ക്ക് മറ്റൊരു ഓപ്ഷനില്ല.
ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ഏറെ സാധ്യതയുള്ള പാര്‍ട്ടി ഡിഎംകെ ആണ്. പത്ത് വര്‍ഷത്തെ ഭരണത്തിനുശേഷമാണ് എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനാല്‍ ഡിഎംകെയ്ക്ക് ഒപ്പം നിന്നാല്‍ ഒരു പക്ഷേ ഭരണത്തില്‍ പങ്കാളികളാകാന്‍ സാധിച്ചേക്കാം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരം ഇപ്പോള്‍ പരമപ്രധാനമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അടിക്കടിയുള്ള തമിഴ്നാട് സന്ദര്‍ശനവും പാര്‍ട്ടിയെ ഏതുവിധത്തിലും അധികാരശ്രേണിയില്‍ എത്തിക്കണം എന്നാഗ്രഹിച്ചുതന്നെയാണ്. ഒറ്റക്കു മത്സരിച്ചാല്‍ അവര്‍ക്ക് കെട്ടിവെച്ച പണം ലഭ്യമാകാന്‍ സാധ്യതയില്ലാത്ത സംസ്ഥാനം കൂടിയാണ് തമിഴ്നാട്. അപ്പോള്‍ സഖ്യത്തില്‍ ഏര്‍പ്പെട്ട് അധികാരത്തിലെത്തുക എന്നതാണ് തന്ത്രം. ഇനി ഡിഎംകെ രണ്ടു സീറ്റുകള്‍ കൂടി കുറച്ചാലും കോണ്‍ഗ്രസ് അവര്‍ക്കൊപ്പം തന്നെ നില്‍ക്കും. അതാണ് തമിഴകത്തെ രാഷ്ട്രീയ കാലാവസ്ഥ.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചിട്ട് അധികം നാളായില്ല. അവിടെ കോണ്‍ഗ്രസിലെ ഒരുവിഭാഗം കൂട്ടത്തോടെ ബിജെപിയിലേക്ക് കൂടുമാറിയതാണ് നാരായണസ്വാമി സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായത്. ഈ അവസ്ഥ മറ്റുള്ള സ്ഥലങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ഡിഎംകെ കരുതുന്നു. തമിഴ്നാട്ടില്‍ വലിയ ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരുകയും ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ മറ്റുപാര്‍ട്ടികളേക്ക് ചേക്കേറാനുള്ള സാധ്യതയും ഡിഎംകെ മുന്‍കൂട്ടികാണുന്നുണ്ട്. ഇത് തമിഴ്നാട്ടില്‍ ഒഴിവാക്കാനാണ് കോണ്‍ഗ്രസിന് ഡിഎംകെ പ്രാധാന്യം കുറച്ചത്. ഡിഎംകെ നേതാവ എം കെ സ്റ്റാലിന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 18 ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ വിമുഖത കാണിച്ചതായും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെയും ഇടപെടലിനെത്തുടര്‍ന്ന് ഒടുവില്‍ ഏതാനും സീറ്റുകള്‍കൂടി വര്‍ധിപ്പിച്ചുനല്‍കുകാന്‍ സമ്മതിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ദേശീയതലത്തില്‍ ഡിഎംകെക്ക് കോണ്‍ഗ്രസിനെ ആവശ്യമുണ്ട്. എന്നിരുന്നാലും, തമിഴ്നാട് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ എസ് അഴഗിരി സീറ്റുവിഭജനത്തില്‍ പാര്‍ട്ടിക്ക് സന്തോഷമാണ് ഉള്ളതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മാന്യമായ രീതിയിലാണ് ഡിഎംകെ തങ്ങളുടെ പാര്‍ട്ടിയെ പരിഗണിച്ചതെന്ന് അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസും ഡിഎംകെയും പരമ്പരാഗത സഖ്യകക്ഷിയാണെന്നും തങ്ങള്‍ക്കിടയയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും തമിഴ്നാടിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു പറയുന്നു. ഇരു പാര്‍ട്ടികളും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. എഐഎഡിഎംകെ-ബിജെപി കൂട്ടുകെട്ടിന്‍റെ പരാജയത്തിനായി ഞങ്ങള്‍ പോരാടും, ബിജെപിയുടെ നികൃഷ്ടമായ നീക്കങ്ങള്‍ക്കെതിരെയും ഞങ്ങള്‍ ജാഗ്രത പാലിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിപിഐ-എമ്മുമായുള്ള സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഡിഎംകെ അന്തിമതീരുമാനമെടുത്തിട്ടില്ല. ഡിഎംകെ നാലില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച ഡിഎംകെ ആസ്ഥാനത്ത് നിന്ന് ഇടതുപക്ഷം ചര്‍ച്ച ബഹിഷ്കരിച്ചിരുന്നു. സിപിഐ എം 8 സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. ആറില്‍ക്കുറഞ്ഞ് ഒരു ധാരണയ്ക്കും സിപിഎം തയ്യാറുമല്ല. 234-അംഗ തമിഴ്നാട് നിയമസഭയില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കാനാണ് ഡിഎംകെ ഇക്കുറി തയ്യാറെടുക്കുന്നത്. അത് അനുസരിച്ചുള്ള പ്രാമുഖ്യം മാത്രമാണ് അവര്‍ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.