തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
1 min readകൊല്‍ക്കത്ത: അതി തീവ്ര രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങുന്ന പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംസ്ഥാനത്തെ 291 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. ഡാര്‍ജിലിംഗിലെ ശേഷിക്കുന്ന മൂന്ന് സീറ്റുകളില്‍ തൃണമൂല്‍ സഖ്യകക്ഷികള്‍ മത്സരിക്കും. പാര്‍ട്ടി അവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയില്ലെന്നും അവര്‍ പറഞ്ഞു. “തൃണമൂല്‍ കോണ്‍ഗ്രസിന് മാത്രമേ ബംഗാളിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയൂ,” മമത പറഞ്ഞു.
ഈസ്റ്റ് മിഡ്നാപൂരിലെ നന്ദിഗ്രാം സീറ്റില്‍ നിന്ന് മത്സരിക്കുമെന്നും ദീദി വ്യക്തമാക്കി. ‘ഞാന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. ഞാന്‍ എന്‍റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നു,’ തന്‍റെ വസതിയില്‍ ലിസ്റ്റ് പുറത്തുവിട്ടുകൊണ്ട് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തൃണമൂല്‍ മേധാവി ബംഗാളി ചലച്ചിത്ര-ടെലിവിഷന്‍ വ്യവസായ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 291 ടിഎംസി സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ 50 സ്ത്രീകളും, 42 മുസ്ലീം സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം മിഡ്നാപൂരിലെ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്ന് ബാനര്‍ജി പറഞ്ഞു. “മാര്‍ച്ച് 9 ന് ഞാന്‍ നന്ദിഗ്രാമിലേക്ക് പോകുന്നു. മാര്‍ച്ച് 10 ന് ഞാന്‍ ഹാല്‍ദിയയില്‍ നാമനിര്‍ദേശം സമര്‍പ്പിക്കും”, അവര്‍ പറഞ്ഞു.
മന്ദത നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതിനാല്‍ സംസ്ഥാന വൈദ്യുതി മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സോവന്ദേബ് ചാറ്റര്‍ജി ഭവാനിപൂര്‍ സീറ്റില്‍ നിന്ന് മത്സരിക്കും. മുന്‍ തൃണമൂല്‍ കൗണ്‍സിലര്‍ ദേബാഷിസ് കുമാര്‍ രശ്ബിഹാരി സീറ്റില്‍ നിന്ന് മത്സരിക്കും. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ കാഞ്ചന്‍ മല്ലിക്കിനെയും മമത സ്ഥാനാര്‍ത്ഥിയാക്കി. നടന്‍ ചിരഞ്ജീത് ചക്രവര്‍ത്തി ബരാസത്തില്‍ നിന്നും മത്സരിക്കും. ചണ്ഡിപൂരില്‍ സോഹാം ചക്രവര്‍ത്തി, സംവിധായകന്‍ രാജ് ചക്രവര്‍ത്തി ബരാക്പൂരില്‍ നിന്നും, നടി സായന്തിക ബങ്കുരയില്‍നിന്നും, മിഡ്നാപൂര്‍ സര്‍ദറില്‍ ജൂണ്‍ മല്ലയ്യ,
അസന്‍സോള്‍-സൗത്തില്‍ നിന്നും സയാനി ഘോഷ്, ഹൗറയിലെ ഷിബ്പൂരില്‍ നിന്നും ക്രിക്കറ്റ് താരം മനോജ് തിവാരി, ലൗലി മൈത്ര സോനാര്‍പൂര്‍ സൗത്തില്‍ നിന്നും ജനവിധി തേടും.
‘സ്ഥാനാര്‍ത്ഥികളുടെ പേര് തെരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ ഇത്തവണ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. അവരെല്ലാം ചെറുപ്പക്കാരാണ്. കല, കായികം, മാധ്യമ, സംസ്കാരം എന്നീ മേഖലകളിലെ പ്രമുഖര്‍ക്ക് ഞങ്ങള്‍ അസംബ്ലി പോള്‍ ടിക്കറ്റ് നല്‍കിയിട്ടുണ്ട്, “ബാനര്‍ജി പറഞ്ഞു. പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് കാരണങ്ങളും കാരണം നിലവിലുള്ള 23-24 തൃണമൂല്‍ നിയമസഭാംഗങ്ങളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും അവര്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവും ജാദവ്പൂര്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഓം പ്രകാശ് മിശ്ര സിലിഗുരിയില്‍ നിന്ന് തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കും.വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതിന് തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാള്‍, ഹേമന്ത് സോറന്‍, ശിവസേന എന്നിവര്‍ക്കും ബാനര്‍ജി നന്ദി പറഞ്ഞു.