സ്തനാര്‍ബുദ സാധ്യത നേരത്തെ കണ്ടെത്താന്‍ ആധുനിക പരിശോധനകള്‍ ഉപയോഗപ്പെടുത്തണമെന്ന് വിദഗ്ധര്‍
1 min readപ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ പോലുള്ള ആധുനിക പ്രവചനാത്മക പരിശോധനകളിലൂടെ ചില സ്തനാര്‍ബുദ രോഗികള്‍ക്കെങ്കിലും കീമോതെറാപ്പി ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഓങ്കോളജി വിദഗ്ധര്‍
കൊച്ചി: ചില സ്തനാര്‍ബുദ രോഗികള്‍ക്കെങ്കിലും ആധുനിക പ്രവചനാത്മക പരിശോധനകളിലൂടെ (പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍) കീമോതെറാപ്പി ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഓങ്കോളജി വിദഗ്ധര്‍. സ്തനാര്‍ബുദം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്ന പരിശോധനകളെ സംബന്ധിച്ച ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിവിധ ഓങ്കോളജി വിദഗ്ധര്‍ ആധുനിക പ്രവചനാത്മക പരിശോധനകളുടെ സാധ്യതകള്‍ ചൂണ്ടിക്കാണിച്ചത്. സ്തനാര്‍ബുദ ചികിത്സയില്‍ എല്ലാവര്‍ക്കും അനുയോജ്യമായ ഒരു ചികിത്സ എന്നൊന്നില്ലെന്നും വീണ്ടും അക്രമിക്കാന്‍ സാധ്യതയില്ലാത്ത തരം സ്തനാര്‍ബുദങ്ങളെ ഇന്നു ലഭ്യമായ ‘കാന്‍അസിസ്റ്റ് ബ്രെസ്റ്റ’് പോലുള്ള പുതുയുഗ പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകളിലൂടെയും ഹോര്‍മോണ്‍ റിസെപ്റ്റര്‍ ടെസ്റ്റുകളിലൂടെയും മുന്‍കൂട്ടി തിരിച്ചറിയാനാകുമെന്നും ഇവര്‍ക്ക് കീമോതെറാപ്പി ഒഴിവാക്കാനാവുമെന്നും പരിപാടിയില്‍ പ്രമുഖ കാന്‍സര്‍ സര്‍ജന്‍ ഡോ. ചിത്രതാര പറഞ്ഞു. പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ചികിത്സാഫലം മെച്ചപ്പെടുത്താനും ഇത്തരം ചികിത്സകളിലൂടെ സാധിക്കും. ഇതിലൂടെ രോഗികളുടെ ജീവിതശൈലിയും മെച്ചപ്പെടുന്നു.
കാന്‍സറിനെ ചെറുക്കുന്നതിലും കാന്‍സര്‍ രോഗികളുടെ ആയുസ്സ് നീട്ടുന്നതിലും കീമോതെറാപ്പി നിര്‍ണായകമാണെങ്കിലും കീമോതെറാപ്പിയുടെ കടുത്ത പാര്‍ശ്വഫലങ്ങളും ജീവിതശൈലിയില്‍ അത് വരുത്തുന്ന നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ കഴിയുന്നതല്ല. ദീര്‍ഘകാലം നിലനില്‍ക്കുന്ന പാര്‍ശ്വഫലങ്ങളാണ് പലപ്പോഴും കീമോതെറാപ്പി ഉണ്ടാക്കുന്നത്. എന്നാല്‍ പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ പോലുള്ള ഇത്തരം നൂതന പരിശോധനകളിലൂടെ അതൊഴിവാക്കാനാവുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആദ്യദശയിലുള്ള ഹോര്‍മോണ്‍-പോസിറ്റീവ് സ്തനാര്‍ബുദം മുന്‍കൂട്ടി അറിയാന്‍ കാന്‍അസിസ്റ്റ് ബ്രെസ്റ്റ്പോലുള്ള പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകളിലൂടെ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗിക്ക് കീമോതെറാപ്പി ആവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ഡോക്ടര്‍മാര്‍ക്കു സാധിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. അര്‍ബുദ ചികിത്സാ രംഗത്തെ പ്രമുഖ ആഗോള സംഘടനകളായ ഇഎസ്എംഒ, എന്‍സിസിഎന്‍, എഎസ് സിഒ (ESMO, NCCN, ASCO) തുടങ്ങിയവയെല്ലാം പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കാന്‍സര്‍ ചികിത്സാരംഗത്തെ പുതിയ കണ്ടെത്തലുകള്‍ മൂലം ഓരോ രോഗിക്കും പ്രത്യേകമായി ആവശ്യമുള്ള ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഇന്നുണ്ടെന്ന് ഡോ ചിത്രതാര അഭിപ്രായപ്പെട്ടു. കൂടുതല്‍ രോഗികള്‍ക്ക് പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ ലഭ്യമാക്കുന്നതിലൂടെ അനാവശ്യ കീമോതെറാപ്പി ഒഴിവാക്കാനും അതിലൂടെ ഉണ്ടാകുന്ന ചിലവ് കുറയ്ക്കാനും സാധിക്കുമെന്ന് ഓങ്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചു.
കീമോതെറാപ്പി പോലുള്ള കടുത്ത ചികിത്സകള്‍ ഒഴിവാക്കുന്നത് രോഗികളുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നതിനാല്‍ സബ്സിഡികളോടെ രോഗികള്‍ക്ക് പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണണെന്നും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഡോ. ചിത്രതാര ആവശ്യപ്പെട്ടു. തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിയ്ക്കുകയെന്നന്നത് കാന്‍സര്‍ ചികിത്സയില്‍ പ്രധാനമാണ്. ഏറെ വൈകിയ അവസ്ഥയില്‍ രോഗം കണ്ടെത്തുന്നതിലൂടെ നൂതന സാങ്കേതിക വിദ്യകള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം സ്തനാര്‍ബുദ കേസുകളും വൈകിയ വേളയിലാണ് കണ്ടുപിടിക്കപ്പെടുന്നതെന്നും മെച്ചപ്പെട്ട പരിശോധനാ സംവിധിനങ്ങളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും മാത്രമേ ഇതില്‍ മാറ്റമുണ്ടാകുകയുള്ളുവെന്നും ഡോ. ചിത്രതാര പറഞ്ഞു.