September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2050ഓടെ ലോകത്ത് നാലിലൊരാള്‍ക്ക് കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

അണുബാധ, രോഗങ്ങള്‍, ജന്മനായുള്ള പ്രശ്‌നങ്ങള്‍, ശബ്ദ മലനീകരണം, ജീവിത ശൈലിയിലെ മാറ്റം തുടങ്ങി കേള്‍വിയുമായി ബന്ധപ്പെട്ട പല തകരാറുകളുടെയും കാരണങ്ങള്‍ ഒഴിവാക്കാനാകുന്നതാണെന്ന് റിപ്പോര്‍ട്ട്

ലോകജനസംഖ്യയുടെ നാലിലൊരാള്‍ക്ക് 2050ഓടെ കേള്‍വിപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ശ്രവണ വൈകല്യങ്ങള്‍ തടയുന്നതിനും ചികിത്സയ്ക്കുമായി കൂടുതല്‍ തുക മാറ്റിവെക്കണമെന്നാണ് സംഘടന പറയുന്നത്. അണുബാധ, രോഗങ്ങള്‍, ജന്മനായുള്ള തകരാറുകള്‍, ശബ്ദ മിലിനീകരണം, ജീവിതശൈലിയിലെ മാറ്റം തുടങ്ങി കേള്‍വിയുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളുടെയും കാരണങ്ങള്‍ നമുക്ക് ഒഴിവാക്കാനാകുന്നതാണെന്ന് ശ്രവണശക്തിയുമായി ബന്ധപ്പെട്ട ആദ്യ ആഗോള റിപ്പോര്‍ട്ട് പറയുന്നു.

പ്രതിവര്‍ഷം 1.33 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്ന, ശ്രവണ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള പരിഹാരങ്ങളടങ്ങിയ ഒരു പാക്കേജും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്. അതേസമയം അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ ഓരോ വര്‍ഷവും ഏതാണ്ട് ഒരു ട്രില്യണ്‍ ഡോളറോളം ലോകത്തിന് നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് താക്കീത് നല്‍കുന്നു. ഇതിനെതിരെ നടപടി എടുത്തില്ലെങ്കില്‍ കേള്‍വിപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി വലിയ തുക ചിലവഴിക്കേണ്ടി വരും. അതിനേക്കാള്‍ ഉപരിയായി ആശയവിനിമയം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസിക ആഘാതവും വളരെ വലുതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

നിലവില്‍ അഞ്ചിലൊരാള്‍ക്കെന്ന കണക്കില്‍ ലോകത്ത് കേള്‍വിപ്രശ്‌നങ്ങള്‍ ഉണ്ട്. അടുത്ത മൂന്ന് ദശാബ്ദത്തിനുള്ളില്‍ ലോകത്ത് കേള്‍വിശക്തിയില്ലാത്ത ആളുകളുടെ എണ്ണം 1.5 ഇരട്ടി വര്‍ധിച്ച് 250 കോടി ആകുമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2019ലെ കണക്കനുസരിച്ച് ലോകത്ത് 160 കോടി ജനങ്ങള്‍ക്കാണ് കേള്‍വിശക്തി ഇല്ലാത്തത്. 250 കോടിയില്‍ 700 ദശലക്ഷം ആളുകള്‍ക്ക് 2050ഓടെ ഏതെങ്കിലും രീതിയിലുള്ള ചികിത്സ വേണ്ടിവരുന്ന ഗുരുതരമായ കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2019ല്‍ ഇത്തരത്തിലുള്ള 430 ദശലക്ഷം ആളുകളാണ് ലോകത്ത് ഉണ്ടായിരുന്നത്.

ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണ് കേള്‍വി പ്രശ്‌നങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. വരുമാനം കുറഞ്ഞ രാജ്യങ്ങളിലാണ് കേള്‍വി പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സാസൗകര്യങ്ങള്‍ തീരെ കുറവ്. ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധരുടെ അഭാവമാണ് ഇവിടങ്ങളിലെ പ്രധാന പ്രശ്‌നം. കേള്‍വിശക്തി ഇല്ലാത്ത 80 ശതമാനം ആളുകളും ഇത്തരം രാജ്യങ്ങളിലാണ് ജീവിക്കുന്നത് എന്നതുകൊണ്ട് തന്നെ ഭൂരിഭാഗം ആളുകള്‍ക്കും അവര്‍ക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നില്ല. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ ഉള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ പോലും കേള്‍വി പ്രശ്‌ന്ങ്ങള്‍ക്കുള്ള ചികിത്സാസൗകര്യം എല്ലാ മേഖലകളിലും ഒരുപോലെ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്യമായ വിവരങ്ങളുടെ അഭാവവും കര്‍ണ രോഗങ്ങളെയും കേള്‍വി ശക്തി നഷ്ടമാകുന്നതിനെയും ചുറ്റിപ്പറ്റിയുള്ള ദുഷ്പ്രചരണങ്ങളും ആവശ്യമായ ചികിത്സ തേടുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും കേള്‍വി ശക്തി നഷ്ടപ്പെടലും കര്‍ണ രോഗങ്ങളും മുന്‍കൂട്ടി തിരിച്ചറിയുന്നതിനും തടയുന്നതിനും വേണ്ട വിധത്തില്‍ കൊകാര്യം ചെയ്യുന്നതിനുമുള്ള മതിയായ വിവരങ്ങളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷണമുണ്ട്.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

പൊതുസ്ഥലങ്ങളിലെ ശബ്ദ മലിനീകരണം കുറയ്ക്കുക, കേള്‍വി ശക്തി നഷ്ടപ്പെടാന്‍ കാരണമാകുന്ന മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവെപ്പ് കാര്യക്ഷമമാക്കുക തുടങ്ങി പൊതുജനാരോഗ്യ പദ്ധതികള്‍ അടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്. ജനങ്ങളുടെ പ്രധാനപ്പെട്ട ജീവിത ഘട്ടങ്ങളില്‍ കേള്‍വി പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി കാര്യക്ഷമമായ പരിശോധന സംവിധാനം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കുട്ടികളുടെ കേള്‍വി ശക്തി നഷ്ടമാകുന്ന 60 ശതമാനം കേസുകളും മുന്‍കൂട്ടി തടയാവുന്നതാണ്. കേള്‍വി പ്രശ്‌നങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാത്തത് മൂലം ഓരോ വര്‍ഷവും ഒരു ട്രില്യണ്‍ ഡോളറോളം നഷ്ടമാകുന്നു. ഇത് മൂലമുള്ള സാമ്പത്തിക ബാധ്യത വലുതാണെങ്കിലും കേള്‍വി ശക്തി നഷ്ടമാകുന്നവരുടെ ആശയ വിനിമയവും വിദ്യാഭ്യാസവും സാമൂഹിക ഇടപെടലും ഇല്ലാതാക്കുന്നത് മൂലമുണ്ടാകുന്ന നൈരാശ്യം അളക്കാനാകാത്തതാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനം ഗബ്രിയേസസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3