റിയല്‍മി ‘മോഷന്‍ ആക്റ്റിവേറ്റഡ് നൈറ്റ്’ ലൈറ്റ് അവതരിപ്പിച്ചു
വില 599 രൂപ. ഫെബ്രുവരി 26 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവിടങ്ങളില്‍ ലഭിക്കും
ന്യൂഡെല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി ഇന്ത്യയില്‍ ‘മോഷന്‍ ആക്റ്റിവേറ്റഡ് നൈറ്റ്’ ലൈറ്റ് അവതരിപ്പിച്ചു. ഇന്‍ഫ്രാറെഡ് സെന്‍സറിന്റെ സഹായത്തോടെ മനുഷ്യരുടെ ചലനം തിരിച്ചറിയുമ്പോള്‍ നൈറ്റ് ലാമ്പ് യാന്ത്രികമായി ഓണാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 599 രൂപയാണ് വില. ഫെബ്രുവരി 26 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവിടങ്ങളില്‍ ലഭ്യമാകും.
മോഷന്‍ ആക്റ്റിവേറ്റഡ് നൈറ്റ് ലൈറ്റിന് രണ്ട് ബ്രൈറ്റ്‌നസ് സെറ്റിംഗ്‌സ് നല്‍കിയതായി റിയല്‍മി വ്യക്തമാക്കി. പതിനഞ്ച് സെക്കന്‍ഡിനുള്ളില്‍ ഷട്ട് ഓഫ് ചെയ്യുന്നതിനാല്‍ ഊര്‍ജ സംരക്ഷണം ഉറപ്പാക്കുന്നുവെന്നും റിയല്‍മി അറിയിച്ചു. 120 ഡിഗ്രി റേഞ്ച് സെന്‍സിംഗ് ലഭിച്ചതാണ് റിയല്‍മി മോഷന്‍ ആക്റ്റിവേറ്റഡ് നൈറ്റ് ലൈറ്റ്. ആറ് മീറ്റര്‍ വരെ അകലെയിരുന്ന് മനുഷ്യ ചലനത്തിലൂടെ ആക്റ്റിവേറ്റ് ചെയ്യാന്‍ കഴിയും. ഭാരം കുറഞ്ഞതും വൃത്താകൃതി ലഭിച്ചതുമാണ് റിയല്‍മി മോഷന്‍ ആക്റ്റിവേറ്റഡ് നൈറ്റ് ലൈറ്റ്. തൂക്കിയിടാനും പശ ഉപയോഗിച്ച് ഏതെങ്കിലും പ്രതലത്തില്‍ കാന്തികമായി സ്ഥാപിക്കാനും കഴിയും. മൂന്ന് എഎഎ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. 365 ദിവസത്തോളം ചാര്‍ജ് നില്‍ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
റിയല്‍മി ‘മൊബീല്‍ ഗെയിം കണ്‍ട്രോളര്‍’, റിയല്‍മി ‘കൂളിംഗ് ബാക്ക് ക്ലിപ്പ്’ എന്നിവ ഇതോടൊപ്പം പുറത്തിറക്കി. മൊബീല്‍ ഗെയിം കണ്‍ട്രോളറിന് 999 രൂപയാണ് വില. ‘ക്യാപ്എയര്‍ മാപ്പിംഗ് ടെക്നോളജി’യുമായാണ് മൊബീല്‍ ഗെയിം കണ്‍ട്രോളര്‍ വരുന്നത്. കൂളിംഗ് ബാക്ക് ക്ലിപ്പിന് 1,799 രൂപ വില വരും. ഇത് ‘ഡുവല്‍ കൂളിംഗ് ടെക്’ വാഗ്ദാനം ചെയ്യുന്നു. ഡിവൈസ് ഓണ്‍ ചെയ്തയുടന്‍ തണുപ്പിക്കുകയും 40 മിനിറ്റിന് ശേഷവും 25 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിര്‍ത്തുകയും ചെയ്യും.