പുതുവര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ഹെല്‍ത്തി ഫുഡിനോട്
1 min readലോക്ക്ഡൗണ്‍ കാലത്ത് ജങ്ക് ഫുഡ് കഴിച്ച് മടുത്ത ഇന്ത്യക്കാര്‍ പുതുവര്‍ഷത്തില്‍ ഹെല്‍ത്തി ഫുഡിലേക്ക് തിരിയുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി നടത്തിയ സര്‍വ്വേയിലാണ് 2021ല്‍ ഭൂരിഭാഗം ഇന്ത്യക്കാരും ആരോഗ്യദായകവും പോഷകനിലവാരം കൂടിയതുമായ ഭക്ഷണങ്ങള്‍ കൂടുതലായി ഓര്‍ഡര്‍ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുള്ളത്.
ഒരു ലക്ഷത്തോളം ഓര്‍ഡറുകള്‍ അടിസ്ഥാനമാക്കിയാണ് സ്വിഗ്ഗിയുടെ ഹെല്‍ത്ത് ഹബ്ബ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് 2021 ജനുവരിയില്‍ ഹെല്‍ത്തി ഫുഡ് ഓര്‍ഡറുകളില്‍ ഏകദേശം 20 ശതമാനം വര്‍ധനയുണ്ടായെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. പുതുവര്‍ഷത്തില്‍ ആരോഗ്യപൂര്‍ണമായ ഭക്ഷണക്രമത്തിലേക്ക് മാറാനുള്ള പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതുവര്‍ഷരാവില്‍ പിസയ്ക്കും ബിരിയാണിക്കുമാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ എത്തിയതെങ്കിലും പുതുവര്‍ഷ ദിനത്തില്‍ ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ക്കും ഡെസേര്‍ട്ടുകള്‍ക്കുമാണ് കൂടുതല്‍ ഓര്‍ഡറെത്തിയത്. ചോളം കൊണ്ടുള്ള വിഭവങ്ങള്‍, പലവിധ ധാന്യങ്ങള്‍ അരച്ച് തയ്യാറാക്കിയ മസാലദോശ, മെക്‌സിക്കന്‍ ബറിറ്റോ ബൗള്‍, സീസര്‍ സാലഡ്, കോണ്‍ സാന്‍വിച്ച്, ബെല്‍ജിയന്‍ ബൈറ്റ്‌സ്, ഷുഗര്‍ഫ്രീ ഐസ്‌ക്രീം എന്നീ വിഭവങ്ങള്‍ക്കാണ് 2021ല്‍ ഏറ്റവുമധികം ഓര്‍ഡറുകള്‍ എത്തിയതെന്ന് സ്വിഗ്ഗി വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഐടി ഹബ്ബായ ബംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം ഹെല്‍ത്തി ഫുഡിനുള്ള ഓര്‍ഡറുകള്‍ എത്തിയത്. നഗരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഹെല്‍ത്തി ഫുഡ് ഓര്‍ഡറുകളില്‍ ഹൈദരാബാദില്‍ നിന്നും ബാര്‍ബിക്യൂ ഗ്രില്‍ഡ് സാലഡുകള്‍ക്കും പ്രോട്ടീന്‍ ഗ്വാക്കമോള്‍ ബൗള്‍സ്, ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് എന്നിവയ്ക്കാണ് കൂടുതല്‍ ഓര്‍ഡറുകള്‍ വന്നത്. അതേസമയം മുംബൈയില്‍ നിന്നുള്ളവര്‍ കൂടുതലായും ബറിറ്റോ ബൗള്‍സ്, സീസര്‍ സാലഡ്, ഹോംസ്‌റ്റൈല്‍ നോര്‍ത്ത് ഇന്ത്യന്‍ കിച്ചഡികളും കോംബോകളും ഓര്‍ഡര്‍ ചെയ്തപ്പോള്‍ എന്‍സിആര്‍ (നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍) മേഖലയില്‍ നിന്നുള്ളവര്‍ പൊഹ, ഉപ്പുമാവ് തുടങ്ങിയ ഹെല്‍ത്ത് ബ്രേക്ക്ഫാസ്റ്റുകളും പ്രോട്ടീന്‍ സാലഡും മറ്റുമാണ് ഓര്‍ഡര്‍ ചെയ്തത്.
ഉച്ചഭക്ഷണ ഓര്‍ഡറുകളില്‍ ശരാശരി 360 കലോറിയാണ് അടങ്ങിയിരിക്കുന്നതെന്നും രാത്രി ഭക്ഷണങ്ങള്‍ക്ക് ഇത് 335 കലോറിയാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.