ഓൺലൈൻ വിപണിയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി പോക്കോ
പോക്കോ എം2, പോക്കോ സി3 മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യകത
ഇന്ത്യയിലെ ഓൺലൈൻ സ്മാർട്ട്ഫോൺ വിപണിയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി പോക്കോ. രാജ്യത്ത് ഓൺലൈൻ വഴി മൂന്ന് ഡിവൈസുകൾ വിൽക്കുമ്പോൾ അതിൽ രണ്ടെണ്ണം പോക്കോ ഡിവൈസുകളാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പോക്കോ എം2, പോക്കോ സി3 മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത്.
സ്വതന്ത്രമായി പ്രവർത്തനം തുടങ്ങി പത്ത് മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ഓൺലൈൻ സ്മാർട്ട്ഫോൺ വിപണിയിൽ മൂന്നാമത്തെ വലിയ കമ്പനിയായി മാറാൻ കഴിഞ്ഞുവെന്ന് പോക്കോ ഇന്ത്യ കൺട്രി ഡയറക്റ്റർ അനൂജ് ശർമ പറഞ്ഞു. ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേ വിൽപ്പനയുടെ ആദ്യ ആഴ്ച്ചയിൽ പത്ത് ലക്ഷത്തിലധികം യൂണിറ്റ് വിൽപ്പന നടത്താൻ സാധിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ബെസ്റ്റ് സെല്ലിംഗ് മോഡലുകൾക്ക് പരിമിത കാലത്തേക്ക് വിലക്കിഴിവ് നൽകാൻ കമ്പനി തീരുമാനിച്ചു. പോക്കോ സി3 സ്മാർട്ട്ഫോണിൻ്റെ 3+32 ജിബി വേരിയൻ്റ് 6,999 രൂപയ്ക്കും 4+64 ജിബി വേരിയൻ്റ് 7,999 രൂപയ്ക്കും വാങ്ങാൻ കഴിയും. പോക്കോ എക്സ്3 സ്മാർട്ട്ഫോണിന് 15,999 രൂപ മുതലാണ് വില. മൂന്ന് വേരിയൻ്റുകൾക്കും 1,000 രൂപ വിലക്കിഴിവ് ലഭിക്കും.