ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തിന് കരുത്തേകാൻ ‘എസ്റ്റിക് 2026’
തിരുവനന്തപുരം: രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക വികസനത്തിന് പുതിയ ദിശാബോധം നൽകുന്ന ‘ഇമേർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് 2026’ (ESTIC 2026) സംഘടിപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്തെ CSIR-NIIST. ഭാരത സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ കാര്യാലയത്തിന്റെ മാർഗ്ഗനിർദ്ദേശത്തോടെ സി.എസ്.ഐ.ആർ -ന്റെ നേതൃത്വത്തിൽ 12 കേന്ദ്ര മന്ത്രാലയങ്ങളുടെയും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ‘വികസിത് ഭാരത്@2047’ എന്ന ദേശീയ ലക്ഷ്യത്തിന് ഊർജ്ജം പകരുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. നാലായിരത്തിലധികം പ്രതിനിധികളും 150-ലധികം സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്ന ഈ സംഗമത്തിൽ നിർമ്മിതബുദ്ധി, ക്വാണ്ടം ആശയവിനിമയം, സെമികണ്ടക്ടറുകൾ, ബഹിരാകാശ സാങ്കേതികവിദ്യ, അഡ്വാൻസ്ഡ് ഹെൽത്ത്‌കെയർ ഉൾപ്പെടെയുള്ള 12 പ്രമുഖ മേഖലകളിലെ സാങ്കേതിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യും. വളർന്നുവരുന്ന യുവ ശാസ്ത്രജ്ഞർക്കും സംരംഭകർക്കുമായി ‘Frontiers in Focus’, ‘Young Researchers Pitch Corner’ എന്നീ പ്രത്യേക വേദികൾ ഒരുക്കിയിട്ടുണ്ട്. ഗവേഷണശാലകളിലെ കണ്ടെത്തലുകളെ പ്രായോഗിക ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ‘Next-Gen Discovery Expo’, ‘Innovation Exchange Hub’ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. നൊബേൽ സമ്മാന ജേതാക്കളും അന്താരാഷ്ട്ര ശാസ്ത്ര വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ പ്രായോഗിക തലത്തിലുള്ള സാങ്കേതിക വികസനം, ഡീപ്-ടെക് സംരംഭകത്വം, യുവ തലമുറയുടെ പങ്കാളിത്തം എന്നിവയ്ക്കാണ് ഇത്തവണ മുൻഗണന നൽകുന്നത്. ശാസ്ത്ര മേഖലയിലെ സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള ദേശീയ വേദിയായി എസ്റ്റിക് 2026 മാറും.
