September 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് ഗൗതം അദാനി

കൊച്ചി: ഇന്ത്യയിൽ ജനിച്ചതോ വളർന്നതോ ആയ ആയിരം കോടി രൂപയോ അതിലധികമോ ആസ്‌തിയുള്ള വ്യക്തികളെ ഉൾപ്പെടുത്തി തയാറാക്കിയ എം3എം ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പുറത്തിറക്കി. നിലവിലെ താമസസ്ഥലമോ പാസ്‌പോർട്ടോ കണക്കിലെടുക്കാതെ, ഇന്ത്യൻ പശ്ചാത്തലമുള്ള വ്യവസായികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎസ് ഡോളറിന് 95.63 രൂപ എന്ന നിരക്കിൽ 2026 ഓഗസ്റ്റ് 24 വരെയുള്ള കണക്കുകൾ ആസ്‌പദമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇത്തവണത്തെ പട്ടികയിൽ ഇന്ത്യയിലെ 106 നഗരങ്ങളിലടക്കം ആഗോളതലത്തിൽ 163 നഗരങ്ങളിൽ നിന്നായി 1810 പ്രമുഖ വ്യക്തികൾ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 128 പേരുടെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്. നിഫ്റ്റി 50 സൂചിക 3.9 ശതമാനവും സെൻസെക്‌സ് 5.8 ശതമാനവും ഇടിവ് നേരിട്ടപ്പോഴും ഇവരുടെ ആകെ സമ്പത്ത് 12.8 ശതമാനം വർധിച്ച് 187.5 ലക്ഷം കോടി രൂപയിലെത്തി. രാജ്യത്ത് ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 391 ആയി ഉയർന്നു. ഇതിൽ 27 പേർ പുതിയതായി ഈ പട്ടികയിൽ ഇടംപിടിച്ചവരാണ്. 9.23 ലക്ഷം കോടി രൂപയുടെ ആസ്‌തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, 8.63 ലക്ഷം കോടി രൂപയോടെ മുകേഷ് അംബാനിയും കുടുംബവും രണ്ടാം സ്ഥാനത്തുണ്ട്. 3.39 ലക്ഷം കോടി രൂപയുടെ ആസ്‌തിയുമായി എൽഎൻ മിത്തലും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. 465 ശതകോടീശ്വരന്മാരുമായി മുംബൈ നഗരം ഒന്നാമതും, 236 പേരുമായി ന്യൂഡൽഹിയും 129 പേരുമായി ബെംഗളൂരുവും തൊട്ടടുത്ത സ്ഥാനങ്ങളിലും നിലകൊള്ളുന്നു. വ്യവസായ മേഖലകൾ പരിശോധിക്കുമ്പോൾ 166 പേരുമായി ഇൻഡസ്ട്രിയൽ പ്രൊഡക്‌ട്‌സ് മേഖലയാണ് മുൻപന്തിയിൽ നിൽക്കുന്നത്. കെമിക്കൽസ് മേഖലയിൽ നിന്ന് 142 പേരും ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ നിന്ന് 136 പേരും പട്ടികയിലുണ്ട്. ഇതാദ്യമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തുനിന്ന് 3.07 ലക്ഷം കോടി രൂപയുടെ സംയോജിത ആസ്‌തിയുള്ള 19 പേർ പട്ടികയിൽ ഇടംനേടി. പട്ടികയിലുള്ളവരുടെ എഴുപത് ശതമാനത്തോളം വരുന്ന 1266 പേരും സ്വയം സംരംഭകരായി ഉയർന്നുവന്നവരാണ്. ഇതിനുപുറമേ വനിതാ സംരംഭകരുടെ എണ്ണം മുൻവർഷത്തെ നൂറിൽ നിന്ന് ഇത്തവണ 131 ആയി ഉയർന്നു. ഓഹരി വിപണിയിലെ തിരിച്ചടികൾക്കിടയിലും സമ്പത്തുൽപ്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ വർഷമാണ് കടന്നുപോയതെന്ന് ഹുറുണ്‍ ഇന്ത്യ സ്ഥാപകനും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. പ്രതിരോധം, ഉൽപ്പാദനം, ഹരിതോർജ്ജം, കൃത്രിമബുദ്ധി എന്നീ മേഖലകളാണ് ഇന്ത്യയിലെ സമ്പന്നരുടെ പ്രധാന സ്രോതസുകളായി മാറിയിരിക്കുന്നത്. എഐ മേഖലയിൽ നിന്നുമാത്രം പതിനഞ്ച് പുതിയ സംരംഭകർ ഉൾപ്പെടെ പത്തൊൻപത് പേർ പട്ടികയിൽ ഇടംപിടിച്ചത് വലിയൊരു മാറ്റത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പൊതു ലഭ്യമായ കണക്കുകളും പ്രമുഖ നിക്ഷേപകരിലെ വിവരങ്ങളും വിലയിരുത്തി ഹുറുണ്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് തുടർച്ചയായ പതിനഞ്ചാം വർഷവും ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

  റെയിൽവേ വികസനത്തിന് 2026-27 വർഷത്തിൽ 3,795 കോടി രൂപ
Maintained By : Studio3