August 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓണക്കാലം: സാംസ്കാരിക ടൂറിസത്തിന്‍റെ വാതായനം

1 min read

  • പി.സി വിഷ്ണുനാഥ്, ടൂറിസം സാംസ്കാരിക മന്ത്രി

ഭൂപടം നോക്കിയാല്‍ മാത്രം ഒരു നാടിനെ തൊട്ടറിയാന്‍ നമുക്ക് കഴിയില്ല; ആ നാടിന്‍റെ മനുഷ്യരെ അറിയണം, അവരുടെ ജീവിതം കാണണം, അവരുടെ പാട്ടുകള്‍ കേള്‍ക്കണം, അവരുടെ ഭക്ഷണത്തിന്‍റെ രുചിയറിയണം, അവരുടെ ആഘോഷങ്ങളില്‍ ഒപ്പം ചേരണം. മലകളാലും കായലുകളാലും കടല്‍ത്തീരങ്ങളാലും സമ്പന്നമായ കേരളത്തിന്‍റെ പ്രകൃതിഭംഗി ലോകത്തിന് പരിചയപ്പെടുത്തുമ്പോള്‍, ഉത്സവങ്ങളും കലകളും രുചികളും മനുഷ്യബന്ധങ്ങളും ഇഴചേര്‍ന്ന ഒരു നാടിന്‍റ ആത്മാവിനെയാണ് പരിചയപ്പെടുത്തുന്നത്. ആ ആത്മാവിനെ ഏറ്റവും സമഗ്രമായി അനുഭവിച്ചറിയാന്‍ കഴിയുന്ന കാലമാണ് ഓണം. നമ്മുടെ പൂക്കളത്തില്‍ പൂക്കള്‍ മാത്രമല്ല, നമ്മുടെ നാടിന്‍റെ സൗന്ദര്യബോധം കൂടിയാണ് വിരിയുന്നത്. ഓണസദ്യയില്‍ വിഭവങ്ങള്‍ മാത്രമല്ല, പങ്കുവയ്ക്കലിന്‍റെ സംസ്കാരം കൂടിയാണ് വിളമ്പുന്നത്. ചെണ്ടമേളത്തില്‍ താളം മാത്രമല്ല, തലമുറകളിലൂടെ കൈമാറിയ ഒരു പൈതൃകത്തിന്‍റെ സ്പന്ദനമാണ് കേള്‍ക്കുന്നത്. നാടന്‍ കലാവതരണത്തില്‍ കലാകാരന്‍റെ കഴിവിനൊപ്പം സമൂഹത്തിന്‍റെ ഓര്‍മ്മകളും ജീവിതാനുഭവങ്ങളുമാണ് വേദിയിലെത്തുന്നത്. അതുകൊണ്ടുതന്നെ ഓണം ഒരു ആഘോഷം മാത്രമല്ല; കേരളത്തെ അനുഭവിച്ചറിയാനുള്ള ഒരു സഞ്ചാരവഴി കൂടിയാണ്. ഈ കാഴ്ചപ്പാടിലാണ് ഓണക്കാലത്തെ സാംസ്കാരിക ടൂറിസത്തിന്‍റെ വലിയ സാധ്യതകളായി സര്‍ക്കാര്‍ കാണുന്നത്. ഒരു വിനോദസഞ്ചാരി കേരളത്തിലേക്ക് വരുമ്പോള്‍ ഇവിടെ എന്തുണ്ട് എന്നതിലുപരി, ഇവിടെ എങ്ങനെ ജീവിക്കാം, എങ്ങനെ ആഘോഷിക്കാം, എങ്ങനെ ഒരു സംസ്കാരത്തിന്‍റെ ഭാഗമാകാം എന്ന അനുഭവമാകും ഇനി തേടുന്നത്. ആ മാറ്റത്തെ തിരിച്ചറിയുന്നിടത്താണ് ഓണം കേരള ടൂറിസത്തിന്‍റെ ഒരു വലിയ സാംസ്കാരിക വാതായനമായി മാറുന്നത്. ഇത്തവണ സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ചേര്‍ന്ന് കൂടുതല്‍ മോടിയാടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഉത്സവ സംസ്കാരവും കലകളും ഒത്തുചേരുന്ന ഒരാഴ്ചക്കാലത്തെ ആഘോഷം പൊതുജനങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് തീര്‍ച്ച. കേരളത്തിന്‍റെ സാംസ്കാരികമായ സവിശേഷതകളെയും പാരമ്പര്യ കലകളെയും കലാരംഗത്തെ പുതിയ പ്രവണതകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടാണ് ടൂറിസം ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓണാഘോഷത്തിനുള്ള പരിപാടികളില്‍ നാടന്‍ കലകള്‍ക്കും പ്രാദേശിക കലാകാരന്‍മാര്‍ക്കും വേദി ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓണം ഘോഷയാത്രയിലും പരമ്പരാഗത, നാടന്‍ കലാരൂപങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേദികളുടെ എണ്ണം കൂടിയതോടെ കൂടുതല്‍ കലാകാരന്‍മാര്‍ക്ക് അവസരം ലഭ്യമാക്കാനുളള സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. പാരമ്പര്യ, നാടന്‍, ഗോത്ര കലാരൂപങ്ങളെ സംരക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന കലാകാരന്‍മാര്‍ക്ക് അവസരം നല്‍കുന്നതിലും ശ്രദ്ധിച്ചു. അതുപോലെ തന്നെ ജനപ്രിയ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന കലാവതരണങ്ങളുടെയും കലാകാരന്‍മാരുടെയും പ്രാതിനിധ്യവും ഉറപ്പു വരുത്തിയിട്ടുണ്ട്. കേരളത്തിന്‍റെ ഉത്സവ സംസ്കാരവും ആചാരത്തനിമയും കലകളുമായി വിനോദസഞ്ചാരികള്‍ക്ക് അടുത്തറിയാന്‍ കഴിയുന്ന മികച്ച അവസരമാണ് ഓണാഘോഷം. ഇത്തവണ ഓണാഘോഷത്തിന് കേരളത്തിന്‍റെ പാരമ്പര്യ, നാടന്‍ കലകളുടെ അവതരണം ആസ്വദിക്കുന്നതിനൊപ്പം കലാകാരന്‍മാരുമായി സംവദിക്കുകയും ചെയ്യാം. കേരളത്തിന്‍റെ കലാപൈതൃകത്തെ അടുത്തറിയാന്‍ അവസരമൊരുക്കുന്ന ലൈവ് സെഷനുകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. തോല്‍പ്പാവക്കൂത്ത്, കഥകളി ചമയം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളെയും അവയുടെ പിന്നിലെ കലാപ്രക്രിയകളെയും നേരിട്ട് പരിചയപ്പെടാന്‍ ഇതിലൂടെ അവസരം ലഭിക്കും. കേരളത്തിന്‍റെ തനത് സംസ്കാരവും പ്രത്യേകതയും തിരിച്ചറിഞ്ഞെത്തുന്ന വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് ഓണാഘോഷ പരിപാടികള്‍ മുഖ്യ ആകര്‍ഷണമാകും. ഓണക്കാലം നിരവധി സഞ്ചാരികള്‍ കേരളത്തിലേക്കെത്തുന്ന വേളയാണ്. ഗ്രാമപ്രദേശങ്ങളിലെ ഓണാഘോഷങ്ങളില്‍ പങ്കുചേരാനും ഓണക്കളികളും സവിശേഷമായ ആചാരവിശേഷങ്ങളും നേരിട്ടറിയാനും ഓണക്കാലം സഞ്ചാരികള്‍ക്ക് അവസരമൊരുക്കും. ആഗോള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ പ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഓണാഘോഷം ആഗോള ടൂറിസം വിപണിയില്‍ എത്തിക്കാനാകും. ഓണത്തെയും കേരള ടൂറിസത്തെയും ലോക ടൂറിസം ഭൂപടത്തില്‍ സജീവ സാന്നിധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ എക്കാലവും കേരളം മുന്‍പന്തിയിലാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ആനുപാതികമായ വര്‍ധനവുണ്ട്. ഈ തരംഗം സജീവമായി നിലനിര്‍ത്തേണ്ടത് കേരള ടൂറിസത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ടൂറിസത്തിന് വ്യവസായ പദവി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് ടൂറിസം പങ്കാളികളില്‍ നിന്നും വിനോദസഞ്ചാരികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് വലിയ പ്രോത്സാഹനമാണ് ഇത് നല്‍കുന്നത്. യാത്ര ചെയ്യാനുള്ള താല്‍പര്യം ആളുകളില്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണുള്ളത്. യാത്ര ചെയ്യുകയും പുതിയ സ്ഥലങ്ങള്‍ പര്യവേഷണം ചെയ്യുകയും ചെയ്യുന്ന ഈ പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ടൂറിസം പ്രവര്‍ത്തനങ്ങളാണ് ഓണക്കാലത്ത് ഉള്‍പ്പെടെ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്.

  കല്യാണ്‍ ജൂവലേഴ്‌സിന് തമിഴ്‌നാട് സർക്കാരിന്‍റെ 'തായ് മാമന്‍ തങ്ക മോതിരം' കരാര്‍
Maintained By : Studio3