വിഴിഞ്ഞം തുറമുഖത്തിന്റെ കയറ്റുമതി – ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾക്ക് തുടക്കമായി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന വഴിയിലെ നിർണായക നാഴികക്കല്ലായ സമ്പൂർണ്ണ കയറ്റുമതി – ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ എക്‌സിം കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്‌സ് വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്‌മെന്റ് മദർ പോർട്ടിൽ നിന്നുള്ള വാണിജ്യ ചരക്ക് നീക്കത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കവാടങ്ങളിലൊന്നായി വിഴിഞ്ഞം മാറുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണിത്. ആഗോള സമുദ്ര വ്യാപാര പാതകളെ ഇന്ത്യൻ വിപണിയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കവാടമായി കേരളം മാറുന്നതിന്റെ തെളിവുകൂടിയാണ് സമ്പൂർണ്ണ എക്‌സിം പ്രവർത്തനങ്ങളുടെ തുടക്കം. സംസ്ഥാന സർക്കാർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും സമുദ്ര മേഖലയിലെ മറ്റ് പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ലോകോത്തര തുറമുഖം യാഥാർഥ്യമായത്. വ്യാപാര, നിക്ഷേപ, സാമ്പത്തിക വികസനത്തിലേക്കുള്ള പ്രധാന വാതായനമായാണ് വിഴിഞ്ഞം മാറുന്നത്. സ്പെയിനിലെ വലൻസിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്‌നറിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് തുറമുഖം സമ്പൂർണ വാണിജ്യ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. ഇതോടെ പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്ക് അയച്ചിരുന്നവർക്ക് വിഴിഞ്ഞത്തു നിന്ന് നേരിട്ട് ചരക്കുകൾ അയയ്ക്കാനാകും. യാത്രാസമയം കുറയ്ക്കുന്നതിനും ലോജിസ്റ്റിക്‌സ് ചെലവിൽ വലിയ കുറവ് വരുത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. കാർഷികോൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാനും ഇതിലൂടെ അവസരമൊരുങ്ങും. എക്‌സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ വെയർഹൗസിംഗ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക്‌സ് പാർക്കുകൾ തുടങ്ങിയ മേഖലകളിൽ അതിവേഗ വളർച്ചയ്ക്ക് വഴിയൊരുങ്ങും. തിരുവനന്തപുരത്തും സമീപ ജില്ലകളിലും നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, പോർട്ട് ചാർജുകൾ തുടങ്ങിയവയിലൂടെ സർക്കാർ വരുമാനത്തിലും വലിയ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
മിഷൻ സമുദ്ര
തുറമുഖ കേന്ദ്രീകൃത വ്യവസായ വളർച്ച, മികച്ച ലോജിസ്റ്റിക്‌സ് ശൃംഖല, സുസ്ഥിരമായ സാമ്പത്തിക പുരോഗതി എന്നിവ ഉറപ്പാക്കുന്നതിനുള്ള ബൃഹത് പദ്ധതിയായാണ് ‘മിഷൻ സമുദ്ര’. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റുന്ന ‘പോർട്ട് സിറ്റി’ എന്ന കാഴ്ചപ്പാടാണ് പദ്ധതിക്കുള്ളത്. തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്‌സ് വികസനം, ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 400 കോടി രൂപയുടെ ഉത്തേജക പ്രധാന ഫണ്ട് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. 2031ഓടെ പൊതു നിക്ഷേപത്തിന്റെ പത്തിരട്ടിയിലേറെ വർധിപ്പിക്കാൻ മിഷൻ സമുദ്രയ്ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. വ്യവസായം, ലോജിസ്റ്റിക്‌സ്, സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ആകർഷിക്കുന്നതിനൊപ്പം തുറമുഖ പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്‌സ്, വ്യാപാരം, നിർമാണം, അനുബന്ധ നഗര സേവനങ്ങൾ എന്നിവയിലുടനീളം സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ‘ഉപഭോക്തൃ സംസ്ഥാനം’ എന്ന നിലയിൽ നിന്ന് കേരളത്തെ ഏഷ്യയിലെ തന്നെ പ്രധാന നിർമാണ-കയറ്റുമതി ഹബ്ബാക്കി മാറ്റുന്നതിൽ വിഴിഞ്ഞത്തിന് നിർണായക പങ്ക് വഹിക്കാനാകും. റോഡ്, റെയിൽ ഗതാഗത സൗകര്യങ്ങൾ പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വൻകിട കയറ്റുമതികളിൽ വലിയൊരു പങ്കും വിഴിഞ്ഞം വഴിയാകുമെന്നാണ് പ്രതീക്ഷ. 20 മുതൽ 24 മീറ്റർ വരെ സ്വാഭാവിക ആഴമുള്ള തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. കിഴക്ക്-പടിഞ്ഞാറ് അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം. അതിനാൽ വരും വർഷങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഗതിയെ തന്നെ മാറ്റിമറിക്കാൻ തുറമുഖത്തിനാകും.
