Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചിയില്‍ കുരുമുളക് ഫ്യൂച്ചേഴ്‌സ് വ്യാപാരം പുനരാരംഭിക്കുന്നു

1 min read

കൊച്ചി: രാജ്യത്തെ വന്‍കിട നഗരങ്ങള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും ധനവിപണിയിലെ നിക്ഷേപ സാധ്യതകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പ്രമുഖ കൊമോഡിറ്റി എക്‌സ്‌ചേഞ്ചായ എന്‍സിഡിഇഎക്‌സ് ‘ഹര്‍ ഘര്‍ ഇന്‍വെസ്റ്റര്‍’ ക്യാമ്പയിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. ‘ഇക്വിറ്റി ഫോര്‍ ഭാരത്’ എന്ന ദേശീയ ദൗത്യത്തിന്റെ രണ്ടാം ഘട്ടമായാണ് ഈ പദ്ധതി കേരളത്തില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം, ആഭ്യന്തര-ആഗോള വിപണിയില്‍ ഏറെ പ്രാധാന്യമുള്ള ‘ബ്ലാക്ക് പെപ്പര്‍ (കുരുമുളക്) ഫ്യൂച്ചേഴ്‌സ്’ ട്രേഡിംഗും ജൂലൈ 15ന് എക്‌സ്‌ചേഞ്ച് പുനരാരംഭിക്കും. ചെറുപട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും നിക്ഷേപകര്‍ക്ക് സുരക്ഷിതമായി ധനവിപണിയില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കുകയാണ് ‘ഹര്‍ ഘര്‍ ഇന്‍വെസ്റ്റര്‍’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉയര്‍ന്ന സാമ്പത്തിക സാക്ഷരതയും ശക്തമായ വ്യാപാര പാരമ്പര്യവുമുള്ള കൊച്ചി, ഇതിന് ഏറ്റവും അനുയോജ്യമായ നഗരമായതിനാലാണ് ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി തിരഞ്ഞെടുത്തതെന്ന് എന്‍സിഡിഇഎക്‌സ് അധികൃതര്‍ വ്യക്തമാക്കി. 2026 ജൂണില്‍ ഗുവാഹത്തിയിലാണ് ഈ ക്യാമ്പയിനിന്റെ ഒന്നാം ഘട്ടം ആരംഭിച്ചത്. നിലവില്‍ ആഗോളതലത്തില്‍ കുരുമുളകിനായി സജീവ ഡെറിവേറ്റീവ്‌സ് വിപണി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് എന്‍സിഡിഇഎക്‌സിന്റെ പുതിയ ചുവടുവെപ്പ്. കൊച്ചിയുടെ പഴയകാല കുരുമുളക് വ്യാപാര പ്രൗഢി വീണ്ടെടുക്കാനും ലോകത്തിലെ ഏക നിയന്ത്രിത കുരുമുളക് ബെഞ്ച്മാര്‍ക്ക് ആയി ഇതിനെ മാറ്റാനും പുതിയ ഫ്യൂച്ചേഴ്‌സിലൂടെ സാധിക്കും. കുരുമുളക് കര്‍ഷകര്‍, വ്യാപാരികള്‍, സംസ്‌കരണ സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍ എന്നിവര്‍ക്ക് വിപണി വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് സംരക്ഷണം ലഭിക്കാനും സുതാര്യമായ വിലനിര്‍ണ്ണയം ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും. കൊച്ചിയില്‍ കുരുമുളക് ഫ്യൂച്ചേഴ്‌സ് പുനരാരംഭിക്കുന്നതിലൂടെ കാര്‍ഷിക മേഖലയെയും മൂലധന വിപണിയെയും ബന്ധിപ്പിക്കുന്നതില്‍ കേരളത്തിനു മുന്നില്‍ വലിയ സാധ്യതയാണ് തുറന്നു കിട്ടുന്നതെന്ന് എന്‍സിഡിഇഎക്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. അരുണ്‍ റാസ്‌തെ പറഞ്ഞു. ലോകത്ത് കുരുമുളകിനായി ഒരു സജീവ ആഗോള ബെഞ്ച്മാര്‍ക്ക് ഇല്ലാത്ത സാഹചര്യത്തില്‍ ഈ പുതിയ കരാര്‍ വലിയൊരു ശൂന്യത നികത്തുമെന്ന് ചീഫ് ബിസിനസ് ഓഫീസര്‍ കേദാര്‍ ദേശ്പാണ്ഡെ വ്യക്തമാക്കി. ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ ഇന്ത്യയുടെ നേതൃത്വം കൂടുതല്‍ ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊമോഡിറ്റി വിപണിയിലെ എന്‍സിഡിഇഎക്‌സിന്റെ സുതാര്യതയും വിശ്വാസ്യതയും ഇനി ഇക്വിറ്റി വിപണിയിലേക്കും വ്യാപിപ്പിക്കുകയാണെന്നും അതിന്റെ ആദ്യപടിയായി ആദ്യതലമുറ നിക്ഷേപകര്‍ക്കായി ഒരു മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും ചീഫ് ഓഫ് ഇക്വിറ്റി ടോജോ ബാനര്‍ജി പറഞ്ഞു. കൊമോഡിറ്റി എക്‌സ്‌ചേഞ്ച് എന്നതിനപ്പുറം ഒരു ബഹുമുഖ ധനവിപണി സ്ഥാപനമായി മാറാനുള്ള തയ്യാറെടുപ്പിലാണ് എന്‍സിഡിഇഎക്‌സ്. സെബിയുടെ അനുമതിയോടെ ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ്‌സ് വിഭാഗങ്ങളിലേക്ക് കടക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 770 കോടി രൂപയുടെ സമാഹരണത്തിന് ശേഷം തങ്ങളുടെ ആദ്യ മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനും എക്‌സ്‌ചേഞ്ച് ഒരുങ്ങുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ നേരിടുന്നതിനായി, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്, ഐഐറ്റി ബോംബെ എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ എക്‌സ്‌ചേഞ്ച് ട്രേഡഡ് റെയിന്‍ ഫ്യൂച്ചേഴ്‌സ് കരാറായ ‘റെയിന്‍ മുംബൈ’ക്ക് സെബിയുടെ അംഗീകാരം ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.

  മഹീന്ദ്ര യുവോടെക് പ്ലസ് 585 ഡിഐ വി1 ട്രാക്ടർ
Maintained By : Studio3