സംരംഭകർക്കുള്ള വ്യക്തിഗത ബിസിനസ് വായ്പകളിൽ വൻ വർധന
കൊച്ചി: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് വ്യക്തിഗത ബിസിനസ് വായ്പകളിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യയുടെ വാണിജ്യ വായ്പാ വിപണിയിൽ കാര്യമായ മാറ്റങ്ങളാണ് പ്രകടമാകുന്നതെന്നും കാണിക്കുന്ന റിപ്പോർട്ട് പുറത്ത്. ട്രാൻസ്‌യൂണിയൻ സിബിലും സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി പുറത്തിറക്കിയ ഏറ്റവും പുതിയ എംഎസ്എംഇ പൾസ് റിപ്പോർട്ടിൻ്റേതാണ് പഠനം. 2023 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള മൂന്ന് വർഷ കാലയളവിൽ വ്യക്തിഗത ബിസിനസ് വായ്പകൾ 1.8 മടങ്ങ് വർധിച്ചപ്പോൾ വാണിജ്യ സ്ഥാപനങ്ങളുടെ വായ്പകൾ 1.5 മടങ്ങ് മാത്രമാണ് വർധിച്ചത്. മൊത്തം വാണിജ്യ വായ്പകളിൽ 28 ശതമാനം വ്യക്തിഗത വായ്പകളും 72 ശതമാനം സ്ഥാപനങ്ങൾക്കുള്ള വായ്പകളുമാണ്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം 4.4 കോടി സജീവ വാണിജ്യ ഇടപാടുകളിലായി മൊത്തം വാണിജ്യ വായ്പാ കുടിശ്ശിക 65.8 ലക്ഷം കോടി രൂപയിലെത്തി. 2025 മാർച്ചിലെ 57.9 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് കാണിക്കുന്നത്. എംഎസ്എംഇകൾക്കുള്ള വായ്പാ ലഭ്യത വിപുലീകരിക്കാൻ ഇനിയും വലിയ സാധ്യതകളുണ്ട്; വാണിജ്യ സ്ഥാപനങ്ങളിൽ 41 ശതമാനം പേർക്ക് മാത്രമേ നിലവിൽ ഔദ്യോഗിക വായ്പാ സൗകര്യങ്ങൾ ലഭിക്കുന്നുള്ളൂ. മൊത്തത്തിലുള്ള വാണിജ്യ പോർട്ട്‌ഫോളിയോ 2026 മാർച്ച് വരെ 1.8 ശതമാനം എന്ന നിലയിൽ സുസ്ഥിരമായി തുടരുന്നു. 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 2.8 കോടി വ്യക്തികൾക്ക് സജീവമായ ബിസിനസ്സ് വായ്പകൾ ഉണ്ടായിരുന്നു. ഇതിൽ 43 ശതമാനം പേരും 24 മാസത്തിൽ താഴെ മാത്രം വായ്പാ ചരിത്രമുള്ള തുടക്കക്കാരായ വാണിജ്യ സ്ഥാപനങ്ങളാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ മൊത്തം വാണിജ്യ കുടിശ്ശികയുടെ 48 ശതമാനം വ്യക്തിഗത വായ്പക്കാരുടേതാണ്. സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ ഇത് 24 ശതമാനം ആണ്. വസ്തു ഈടിന്മേലുള്ള വായ്പകളിൽ 68 ശതമാനം വ്യക്തിഗത വായ്പക്കാരാണ്. വാണിജ്യ വാഹന വായ്പകളിൽ ഇത് 76 ശതമാനം വരും. ഈടില്ലാത്ത ബിസിനസ് വായ്പകളിൽ 67 ശതമാനവും വ്യക്തികളാണ് എടുത്തിട്ടുള്ളത്.
