Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 30 മുതൽ

തിരുവനന്തപുരം: മലബാർ റിവർ ഫെസ്റ്റിവൽ 2026ന്റെ പന്ത്രണ്ടാമത് എഡിഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുമെന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമാണ് മലബാർ റിവർ ഫെസ്റ്റിവൽ. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കയാക്കർമാരെയും നൂറിലധികം ദേശീയ കയാക്കർമാരെയും പ്രതീക്ഷിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോഴിക്കോട് മുനിസിപ്പാലിറ്റിയിലും എട്ടു പഞ്ചായത്തുകളിലും 18 ഓളം സാഹസിക കായിക പരിപാടികൾ സംഘടിപ്പിക്കും. കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലിൽ അമേരിക്ക, ന്യൂസിലൻഡ്, ചിലി, റഷ്യ, ബെൽജിയം, ഇറ്റലി, മലേഷ്യ, ഉക്രൈൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 18 കയാക്കർമാർ പങ്കെടുത്തിരുന്നു. 85 ഇന്ത്യൻ കയാക്കർമാരും ഇതിൽ പങ്കാളികളായിരുന്നതായി മന്ത്രി അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി രക്ഷാധികാരിയായി സംഘാടക സമിതി പ്രവർത്തിക്കും. കോഴിക്കോട് ജില്ലാ കളക്ടർ സമിതിയുടെ ചെയർമാനായിരിക്കും. കൂടാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രതിനിധികളും സമിതിയിലുണ്ട്. ഇന്ത്യൻ കയാക്കിംഗ് ആന്റ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് കേരള ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. സാഹസിക കായിക പ്രേമികൾ, ടൂറിസം പ്രതിനിധികൾ, അന്താരാഷ്ട്ര കയാക്കർമാർ എന്നിവരുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിലെ അമ്യൂസ്മെന്റ് പാർക്കുകളിൽ സുരക്ഷാ പരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. റെസ്പോൺസിബിൾ ടൂറിസം പോലെ സസ്റ്റൈനബിൾ ടൂറിസം ഉണ്ടാകേണ്ടതാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ഡയറക്ടർ എം. അഞ്ജന, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സെക്രട്ടറി ബിനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

  501 ശതമാനം വളർച്ച രേഖപ്പെടുത്തി ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ
Maintained By : Studio3