January 23, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്

1 min read

കൊച്ചി: മിൽമയുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എം.എം.എഫ് – മിൽമയും ഫുഡ്‌ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം ഇടപ്പള്ളിയിലെ മിൽമ ഓഫീസിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്. മണിയുടെ സാന്നിധ്യത്തില്‍ മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫും ഫുഡ്‌ലിങ്ക്സ് പാർട്ണർ മുഹമ്മദ് ഷിബുവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണാപത്രം പ്രകാരം സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് പ്രീമിയം മിൽമ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവകാശം ഫുഡ്‌ലിങ്ക്സിന് ലഭിക്കും. പ്രതിമാസം 20 ടൺ മിൽമ നെയ്യ് ഈ നാല് രാജ്യങ്ങളിലായി വിതരണം ചെയ്യാനായി വാങ്ങണമെന്ന് കരാര്‍ നിഷ്കര്‍ഷിക്കുന്നു. ഇതിനു പുറമെ ഓരോ രാജ്യത്തും പ്രതിമാസം അഞ്ച് ലക്ഷം രൂപയുടെ മറ്റ് മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള നിബന്ധനയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ലുലു ഗ്രൂപ്പിന്റെ മില്‍മ വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലായിരിക്കും ഈ രാജ്യങ്ങളിലെ വിപണനം നടക്കുക എന്ന് കരാർ പ്രത്യേകം വ്യക്തമാക്കുന്നു. വിദേശ വിപണിയിൽ മിൽമയുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും വിപണി വിപുലീകരിക്കാനും ഈ പുതിയ സഹകരണം വഴിതുറക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. ലുലു ഗ്രൂപ്പിന് പുറമെ മില്‍മയുടെ ഉത്പന്നങ്ങള്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയതോതില്‍ വിതരണം ചെയ്യുന്ന ഡീലര്‍മാരുണ്ട്. അവരുടെ പ്രവര്‍ത്തനത്തെ അലോസരപ്പെടുത്താത്ത വിധത്തിലായിരിക്കും ഈ സഹകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധാരണാപത്ര പ്രകാരം നിശ്ചിത ഗുണനിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുക എന്നത് മിൽമയുടെ ഉത്തരവാദിത്തമായിരിക്കും. ആലപ്പുഴ പുന്നപ്രയിലുള്ള സെൻട്രൽ പ്രൊഡക്ട്സ് ഡയറിയിൽ നിന്നാണ് ഉൽപ്പന്നങ്ങൾ കയറ്റുമതിക്കായി കൈമാറുന്നത്. വിദേശ രാജ്യങ്ങളിലെ വിതരണത്തിനാവശ്യമായ ലോജിസ്റ്റിക്സ്, കസ്റ്റംസ് ക്ലിയറൻസ്, അതത് രാജ്യങ്ങളിലെ നിയമപരമായ അനുമതികൾ എന്നിവയെല്ലാം ഫുഡ്‌ലിങ്ക്സ് നേരിട്ട് നിർവഹിക്കണം. ഉൽപ്പന്നങ്ങൾ കൈമാറുന്നതിന് മുമ്പായി മുഴുവന്‍ തുകയും മുൻകൂറായി മിൽമയ്ക്ക് നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാറെങ്കിലും പ്രവർത്തനക്ഷമതയും വിൽപന ലക്ഷ്യങ്ങളും വിലയിരുത്തി ഇത് രണ്ട് വർഷം വരെ നീട്ടാവുന്നതാണ്.

  കേരള ട്രാവല്‍ മാര്‍ട്ട് 2026ന് സെപ്തംബര്‍ 24ന് കൊച്ചിയില്‍

 

 

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3