December 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചി ബിനാലെ ആറാം ലക്കത്തിന് തുടക്കം

1 min read

കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും വംശഹത്യയെ പ്രേരിപ്പിക്കാനും കലയെ ഉപയോഗിക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള നിലമൊരുക്കാന്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി ബിനാലെ ആറാം ലക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേകം സജ്ജമാക്കിയ കുരുത്തോല വിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതേ സമയം തന്നെ വേദിയിലിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും ചേര്‍ന്ന് 20 വിളക്കുകളും തെളിയിച്ചു. കലയെ ഉപയോഗിച്ച് സംസ്ഥാനത്തെ താറടിച്ച് കാണിക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ക്ക് ദേശീയ അംഗീകാരം നല്‍കുന്നതാണ് വര്‍ത്തമാനകാല കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ താറടിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം നല്‍കിയതിലൂടെ പുരസ്ക്കാരങ്ങളുടെ പ്രാധാന്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരം കാര്യങ്ങള്‍ ചെറുക്കപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് നിലമൊരുക്കാന്‍ ബിനാലെയ്ക്ക് കഴിയണം. വൈവിധ്യങ്ങളെ തച്ചുടച്ച് കൊണ്ടുള്ള പ്രതിലോമകരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ ഛിദ്രശക്തികള്‍ തുനിയുകയാണ്. ഇതിനെതിരെ കലാപരമായ ചെറുത്ത് നില്‍പ്പ് അനിവാര്യമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബിനാലെയ്ക്ക് കഴിയണം. അതാണ് ബിനാലെയുടെ രാഷ്ട്രീയ മാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിനാലെയുടെ നടത്തിപ്പിലൂടെ അന്താരാഷ്ട്രതലത്തിലുള്ള പരിപാടികള്‍ നടത്താനുള്ള സംസ്ഥാനത്തിന്റെ കഴിവാണ് പ്രകടമാകുന്നത്. ബിനാലെയുടെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ ഏഴരക്കോടി രൂപ അനുവദിച്ചത് ഈ കഴിവിനുള്ള അംഗീകാരമാണ്. ഇത്തരം സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക സാഹായം നല്‍കുന്നത് കേരള സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്ക്കാരിക കൈമാറ്റങ്ങളാണ് ബിനാലെ പോലുള്ള കലാമേളകളുടെ സവിശേഷത. വിവിധ ദേശങ്ങളുടെ കലാസൃഷ്ടികള്‍, ചരിത്രാനുഭവങ്ങള്‍, വൈയക്തിമായ അനുഭവങ്ങള്‍, അനേകം ജീവിതങ്ങളുടെ അനുഭൂതി തുടങ്ങിയവ നമ്മുക്കുള്ളില്‍ നിറയും. മണ്ണിനോടും മനുഷ്യനോടും ചേര്‍ന്ന് നില്‍ക്കുമ്പേളാണ് അത് കലയാകുന്നത്. സാംസ്ക്കാരിക പുരോഗതി സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനമാണ്. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സാംസ്ക്കാരിക സമുച്ചയം നിര്‍മ്മിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ ഇത് പൂര്‍ത്തീകരിച്ചു. സാംസ്ക്കാരിക രംഗത്ത് കാര്യക്ഷമമായി ഇടപെട്ട് സാമൂഹ്യപുരോഗതിയ്ക്ക് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി ബിനാലെ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കൊച്ചി ബിനാലെ ഒരു തുറന്ന കവാടമാണ്. ലോകത്തിലെ ഏത് സംസ്ക്കാരത്തിനും കലയ്ക്കും ഇതിലൂടെ അകത്തേക്കും പുറത്തേക്കും സ‍‍ഞ്ചരിക്കാം. ഇതിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. വേണു വി സ്വാഗതവും സിഇഒ തോമസ് വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര ഫോര്‍ ദി ടൈം ബീയിംഗ് എന്ന ബിനാലെ പ്രമേയം സദസ്സിന് മുന്നില്‍ വിവരിച്ചു. കലാകാരന്റെ സ്വാതന്ത്ര്യം പൊതു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, മേയര്‍ എം അനില്‍കുമാര്‍, മുന്‍ മന്ത്രിയും ബിനാലെയുടെ അഭ്യുദയകാംക്ഷിയുമായ സിപിഐ(എം) ജന. സെക്രട്ടറി എം എ ബേബി, മുന്‍ മന്ത്രി കെ വി തോമസ്, മ്യൂസിയം-പുരാരേഖ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, കെഎംബി പേട്രണ്‍ എം എ യൂസഫലി, ട്രസ്റ്റ് അംഗങ്ങളായ അദീബ് അഹമ്മദ്, മറിയം റാം, അമൃത ഝവേരി, ഷബാന ഫൈസല്‍, ബോണി തോമസ്, ടോണി ജോസഫ്, എന്‍ എസ് മാധവന്‍, ഉപദേശക സമിതിയംഗങ്ങളായ സംഗീത ജിന്‍ഡാല്‍, അലക്സ് കുരുവിള, അനുമെന്‍ഡ, കിരണ്‍ നാടാര്‍, വി സുനില്‍, കെ ജെ സോഹന്‍, ഷെഫാലി വര്‍മ്മ, അലക്സ് കുരുവിള, മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, കെബിഎഫ് പ്രോഗ്രാംസ് ഡയറക്ടര്‍ മാരിയോ ഡിസൂസ, മുന്‍ ക്യൂറേറ്റര്‍ ജിതീഷ് കല്ലാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയ്ക്ക് ശേഷം ശംഖ ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറി. നിഖിൽ ചോപ്രയും എച്ച് എച്ച് ആർട്ട് സ്‌പേസസും ചേര്‍ന്ന് ക്യുറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദർശനത്തിൽ 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതല്‍ പൊതുജനങ്ങള്‍ക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്.

  വിഴിഞ്ഞം തുറമുഖ വികസനം സംരംഭകര്‍ക്ക് വലിയ സാധ്യതകൾ

2 thoughts on “കൊച്ചി ബിനാലെ ആറാം ലക്കത്തിന് തുടക്കം

  1. Yo, 990k! Just wanted to say I’ve been kicking around here for a few weeks, and it’s pretty solid. Games are smooth, and I actually managed to pull out a win last night. No complaints so far. Check ’em out! 990k

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3