October 25, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നവീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെ കേരള ടൂറിസം വളരണമെന്ന് വിദഗ്ധര്‍

1 min read

ഇടുക്കി: സഞ്ചാരികള്‍ക്ക് ആഴത്തിലുള്ള അനുഭവം നല്‍കുന്നതിന് നിര്‍മിതബുദ്ധി, ഡാറ്റ അനലിറ്റിക്‌സ് എന്നിവ പ്രയോജനപ്പെടുത്തി നവീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെ കേരള ടൂറിസം പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് വിദഗ്ധര്‍. കുട്ടിക്കാനത്ത് കേരള ടൂറിസം സംഘടിപ്പിച്ച വിഷന്‍ 2031 സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്. കേരള ടൂറിസം ഇന്നത്തെ മത്സരാധിഷ്ഠിത സാഹചര്യത്തിനൊത്ത് മുന്നേറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രഭാഷകര്‍ പറഞ്ഞു. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, മൈസ് (മീറ്റിംഗുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) പോലുള്ള പ്രത്യേക വിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും കേരള ടൂറിസം ഇതിനകം തന്നെ നൂതനമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ‘ആഗോള ടൂറിസത്തിലെ പ്രവണതകളും അവസരങ്ങളും-മാര്‍ക്കറ്റിംഗും ബ്രാന്‍ഡിംഗും’ എന്ന വിഷയത്തില്‍ നടന്ന സെഷന്‍ മോഡറേറ്റ് ചെയ്ത ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു വിനോദ സഞ്ചാരികളും ആതിഥേയരും ശുചിത്വത്തിന്റെയും സുസ്ഥിരതയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പ്രധാനമാണ്. നഗരങ്ങളെയും ഗ്രാമങ്ങളെയും ബ്രാന്‍ഡ് ചെയ്യാനുള്ള കഴിവ് കേരള ടൂറിസത്തിനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ടൂറിസം പങ്കാളികള്‍ പ്രാദേശികമായ സവിശേഷതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫ്രഷ് മൈന്‍ഡ് ഐഡിയാസ് സ്ഥാപകയും സിഇഒയുമായ അജയ് എസ് നായര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പ്രത്യേകതകള്‍ യാത്രികര്‍ക്ക് അറിയാന്‍ സഹായിക്കുന്നതിന് ഫ്‌ളൈറ്റ് മാഗസിനുകളുമായി ഭരണകൂടം ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ആയുര്‍വേദ ടൂറിസം ഉയര്‍ന്ന നിലവാരമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കേരളം നൂതനമായ വഴികള്‍ തേടണമെന്ന് ക്രിയേറ്റീവ് ട്രാവല്‍ ജോയിന്റ് എംഡി രാജീവ് കോഹ്ലി പറഞ്ഞു. പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് കേരളത്തില്‍ ഒരു തദ്ദേശീയനെപ്പോലെ ദിവസങ്ങള്‍ ചെലവിടാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ ആലോചിക്കണമെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് അഭിപ്രായപ്പെട്ടു. കേരളത്തിലെ നഗരങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള വഴികള്‍ മുന്നോട്ടുവച്ച അഡ്വര്‍ടൈസിംഗ് ക്ലബ് ബാംഗ്ലൂര്‍ പ്രസിഡന്റ് ലേഖ് അലി, അവയില്‍ ഓരോന്നിനും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യല്‍/ഇന്‍ക്ലൂസീവ് ടൂറിസം/എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം/റീജനറേറ്റീവ് ടൂറിസം’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ കേരള ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്‌കുമാര്‍ കെ മോഡറേറ്ററായി. പ്രാദേശിക സമൂഹങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം കൊണ്ടുവന്ന സമഗ്രമായ മാറ്റങ്ങള്‍ വിശദീകരിച്ച അദ്ദേഹം സംസ്ഥാനത്തെ ആര്‍ടി മിഷന്‍ യൂണിറ്റുകളില്‍ ഏകദേശം 70 ശതമാനവും സ്ത്രീകളാണ് നയിക്കുന്നതെന്ന് പറഞ്ഞു. റിജനറേറ്റിവ് ടൂറിസത്തില്‍ ഊന്നിയുള്ള ഫലപ്രദമായ ടൂറിസം ഡെസ്റ്റിനേഷനായി മാറാനുള്ള അടിത്തറയും സാമൂഹികപിന്തുണയും കേരളത്തിനുണ്ടെന്ന് ഐഐടിടിഎം നോയിഡയിലെയും ഐസിആര്‍ടി ഇന്ത്യയിലെയും അക്കാദമിഷ്യന്‍ അദിതി ചൗധരി പറഞ്ഞു.
ഇന്‍ക്ലൂസിവ് ടൂറിസത്തെക്കുറിച്ച് സംസാരിച്ച യുഎന്‍ വനിതാ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. പീജ രാജന്‍ ടൂറിസം മേഖലയില്‍ സുരക്ഷ, ലിംഗഭേദം, സ്ത്രീശാക്തീകരണം എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. സ്ത്രീകളുടെ വിജയഗാഥകള്‍ ഉള്‍ക്കൊള്ളുന്ന പ്രൊമോഷണല്‍ ബ്രാന്‍ഡിംഗ്, പ്രധാന സംരംഭങ്ങളുടെ നേതൃത്വത്തില്‍ സ്ത്രീകളെ നിയോഗിക്കുക എന്നിവയ്ക്കൊപ്പം, ആര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനുള്ള മാര്‍ഗങ്ങളും അവര്‍ നിര്‍ദ്ദേശിച്ചു. പ്രകൃതി, മനുഷ്യര്‍, ഹൗസ് ബോട്ടുകള്‍, പ്രാദേശിക അനുഭവം തുടങ്ങിയ അതുല്യമായ ഉല്‍പ്പന്നങ്ങള്‍ അനുഭവ ടൂറിസത്തില്‍ ഉള്‍പ്പെടുന്നുവെന്ന് സിജിഎച്ച് എര്‍ത്ത് വൈസ് പ്രസിഡന്റ് ശൈലേന്ദ്രന്‍ എന്‍ പറഞ്ഞു. സമൂഹത്തിന്റെ വിശ്വാസവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിന് പ്രാദേശിക സമൂഹത്തെ പങ്കാളികളായി ഈ മേഖലയിലേക്ക് ആകര്‍ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘ബിയോണ്ട് ഡിസൈന്‍ പോളിസി’ എന്ന സെഷനില്‍, കെടിഐഎല്‍ എംഡി ഡോ. മനോജ് കുമാര്‍ കെ, ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ വിനോദ് സിറിയക്, ഐഐഐഡി കേരള ചെയര്‍പേഴ്സണ്‍ ചിത്ര നായര്‍ എന്നിവര്‍ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറിന്റെ മുന്‍ ഡീന്‍ പ്രൊഫ. കെ.ടി രവീന്ദ്രന്‍ മോഡറേറ്ററായിരുന്നു. ‘ടൂറിസം എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌കില്ലിംഗ്-ദി വേ ഫോര്‍വേഡ് ഇന്‍ ഡെവലപ്പിംഗ് ഹ്യൂമന്‍ ക്യാപിറ്റല്‍ ടൂറിസം ഫോര്‍വേഡ് ഫോര്‍ ഫ്യൂച്ചര്‍’ എന്ന സെഷനില്‍ ഐഐഎം സിര്‍മൗറിലെ ടൂറിസം മാനേജ്മെന്റ് പ്രൊഫസര്‍ ഡോ. ജിതേന്ദ്രന്‍ കൊക്രാണിക്കല്‍, എംജി യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് മേധാവി ഡോ. ടോണി കെ. തോമസ്, ബോണ്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എംഡി ജാക്സണ്‍ പീറ്റര്‍, അഡ്വഞ്ചേഴ്സ് സ്പോര്‍ട്സ് ടൂറിസം ഇന്‍സ്ട്രക്ടര്‍ അമൃത് ജോസ് അപ്പാടന്‍ എന്നിവര്‍ പാനലിസ്റ്റുകളായി. കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം.ആര്‍. മോഡറേറ്ററായിരുന്നു. ‘ടൂറിസം ഡിസൈനിംഗിലെ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ജഡായു എര്‍ത്ത് സെന്ററിന്റെ ആര്‍ട്ട് ഡയറക്ടറും സ്ഥാപകനുമായ രാജീവ് അഞ്ചല്‍, ന്യൂഡല്‍ഹിയിലെ എല്‍ഇഎ അസോസിയേറ്റ്സ് സൗത്ത് ഏഷ്യയിലെ പ്രിന്‍സിപ്പല്‍ അര്‍ബന്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റ് രാജേന്ദര്‍ സിംഗ്, ഐഡിയ ഡിസൈന്‍സിന്റെ അര്‍ബന്‍ ഡിസൈനറും സ്ഥാപകയുമായ ബിലി മേനോന്‍, എഇസിഒഎമ്മിലെ ബില്‍ഡിംഗ്‌സ് പ്ലേസസിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ മോണിക്ക രാജീവ് നായര്‍ എന്നിവര്‍ പങ്കെടുത്തു. കെടിഐഎല്‍ എംഡി ഡോ. മനോജ് കുമാര്‍ കെ. മോഡറേറ്ററായി. ‘അതുല്യമായ അനുഭവത്തിനായി ടൂറിസത്തില്‍ സാങ്കേതികവിദ്യയുടെ ഉള്‍പ്പെടുത്തലും ഉപയോഗവും’ ‘പൈതൃകസംസ്‌കാരആത്മീയ ടൂറിസത്തിന്റെ ഭാവി സാധ്യതകള്‍’, ‘ടൂറിസം ബിസിനസ് ഇന്നൊവേഷനുകളും സാഹസിക ടൂറിസത്തിലെയും അനുബന്ധ ഉല്‍പ്പന്നങ്ങളിലെയും നിക്ഷേപവും’ എന്നീ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.

  എയര്‍-സീ കാര്‍ഗോ ഗതാഗത രംഗത്ത് തലസ്ഥാനത്തിന് വിപുലമായ സാധ്യതകൾ
Maintained By : Studio3