Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിന്‍റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയിലേക്ക് അടുക്കുന്നു: മുഖ്യമന്ത്രി

1 min read

കൊട്ടാരക്കര: ഐടി വ്യവസായത്തില്‍ കേരളം വലിയ മുന്നേറ്റത്തിന്‍റെ പാതയിലാണെന്നും സംസ്ഥാനത്തിന്‍റെ ഐടി കയറ്റുമതി വൈകാതെ ഒരു ലക്ഷം കോടിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി മേഖലയ്ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ സംസ്ഥാനം വിജയിച്ചതിന്‍റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിസിനസുകള്‍ക്കായി സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര സാങ്കേതികവിദ്യ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍റെ കൊട്ടാരക്കരയിലെ ഗവേഷണ-വികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മേഖലയില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനമാണ് കേരളത്തിലെ ഐടി വ്യവസായത്തിന് ഊര്‍ജ്ജമേകുന്നതെന്നും ഇത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം നല്‍കുന്ന നിക്ഷേപസാധ്യത ഏറെ വലുതാണ്. ഐടി മേഖലയില്‍ 66,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നൂതന സാങ്കേതിക വിദ്യകളുടെയും വൈജ്ഞാനിക വ്യവസായത്തിന്‍റെയും കേന്ദ്രമായി കേരളം മാറുകയാണ്. നൂതനാശയങ്ങള്‍ ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാഹചര്യം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ നേതൃത്വത്തില്‍ ഇതിന് മാര്‍ഗനിര്‍ദേശവും ഫണ്ടിംഗും നല്‍കുന്നു. കേരളത്തില്‍ നിലവില്‍ 6400 സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. സ്റ്റാര്‍ട്ടപ്പുകളിലൂടെ 6000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിന് ലഭിച്ചത്. സോഹോയുടെ കൊട്ടാരക്കര ഗവേഷണ-വികസന കേന്ദ്രത്തില്‍ തുടക്കത്തില്‍ 250 ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ ലഭിക്കുക. പിന്നീട് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന് കേരളത്തില്‍ വലിയ സാധ്യതയാണുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ നൈപുണ്യശേഷി മെച്ചപ്പെടുത്തി കൂടുതല്‍ മികച്ച തൊഴിലവസരം സാധ്യമാക്കുകയാണ് സോഹോ പോലുള്ള കമ്പനികള്‍ ചെയ്യുന്നത്. കൊട്ടാരക്കരയിലേത് ഒരു തുടക്കമാണെന്നും ഈ മാതൃക കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിലെ ചെറുപ്പക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരത്തിനും വിവിധ മേഖലകളിലെ തൊഴില്‍ വികസനത്തിനുമാണ് പദ്ധതിയിലൂടെ അവസരമൊരുങ്ങുന്നതെന്ന് ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. വികേന്ദ്രീകൃത വികസനത്തിന്‍റെ മാതൃകയാണ് കൊട്ടാരക്കരയിലെ സോഹോ കാമ്പസെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. വികസനവും തൊഴിലവസരവും നഗര കേന്ദ്രീകൃതമായി ഒതുങ്ങാതെ എല്ലാ പ്രദേശങ്ങളിലേക്കും വ്യക്തികളിലേക്കും എത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയായിരുന്നു. ഐസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, സോഹോ കോര്‍പ്പറേഷന്‍ ഫൗണ്ടര്‍മാരായ ശ്രീധര്‍ വെമ്പു, ടോണി തോമസ്, സോഹോ കോര്‍പ്പറേഷന്‍ സിഇഒ ശൈലേഷ് കുമാര്‍ ദാവേ, സോഹോ പ്രിന്‍സിപ്പല്‍ ഡോ. ജയരാജ് പോരൂര്‍ എന്നിവരും സംസാരിച്ചു. കൊട്ടാരക്കരയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ ഒരു ഡീപ്ടെക് സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള ധാരണാപത്രം കെഎസ്‌യുഎം സോഹോയുമായി ഒപ്പുവച്ചു. കൊച്ചി ആസ്ഥാനമായ കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അസിമോവ് റോബോട്ടിക്സിനെ സോഹോ ഏറ്റെടുക്കുന്നതിന്‍റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. കാമ്പസില്‍ സോഹോയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന എട്ട് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകളെ ചടങ്ങില്‍ അനുമോദിച്ചു. ബോസണ്‍ മോട്ടോഴ്സ്, സെന്‍ട്രോണ്‍ ലാബ്സ്, വി ടൈറ്റന്‍ കോര്‍പ്പറേഷന്‍, വിപസ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, വെര്‍ഡന്‍റ് ടെലിമെട്രി ആന്‍ഡ് ആന്‍റിന സിസ്റ്റംസ്, ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ്, എനര്‍ജി 24ബൈ 7, നേത്രസെമി എന്നിവയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍. കേരള സ്റ്റാര്‍ട്ടപ് മിഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്‍റും (ഐഎച്ച്ആര്‍ഡി) സോഹോ കോര്‍പ്പറേഷനും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം കൊട്ടാരക്കര എന്‍ജിനീയറിങ് കോളേജില്‍ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് കൊട്ടാരക്കരയ്ക്കടുത്തുള്ള നെടുവത്തൂരില്‍ 3.5 ഏക്കര്‍ ഐടി പാര്‍ക്കിന്‍റെ ഭാഗമാണ് ഗവേഷണ വികസന കാമ്പസ്.

  കെ-സ്വിഫ്റ്റ് വഴി സംരംഭങ്ങള്‍ക്ക് താല്ക്കാലിക കെട്ടിട നമ്പര്‍
Maintained By : Studio3