കടപ്പത്ര വില്‍പനയിലൂടെ 150 കോടി രൂപ സമാഹരിക്കാൻ ഇന്‍ഡല്‍ മണി
കൊച്ചി: സ്വര്‍ണവായ്പാ ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി കടപ്പത്ര വില്‍പനയിലൂടെ 150 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ് പുറത്തിറക്കുക. ഒക്ടോബര്‍ 21 തിങ്കളാഴ്ച ആരംഭിക്കുന്ന ഇഷ്യു നവംബര്‍ നാല് വരെ നീണ്ടു നില്‍ക്കും. ആദ്യഘട്ടത്തില്‍ 75 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടര്‍ന്ന് അധികമായി 75 കോടി രൂപ സമാഹരിക്കാനുള്ള അനുമതിയുമുണ്ട്. ക്രിസിലിന്റെ ബിബിബി+ റേറ്റിംഗ് ഉള്ളതാണ് ഊ സുരക്ഷിത കടപ്പത്രങ്ങള്‍. 366 ദിവസം മുതല്‍ 66 മാസം വരെയാണ് നിക്ഷേപ കാലയളവ്. 66 മാസം കൊണ്ട് ഇരട്ടിയാകുന്ന നിക്ഷേപത്തിന് പ്രതിവര്‍ഷം 13.44 ശതമാനം കൂപ്പണ്‍ നിരക്ക് ഉണ്ടായിരിക്കും. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് കടപ്പത്രങ്ങള്‍ ലിസ്റ്റ് ചെയ്യുക. ഇഷ്യുവിന്റെ ലീഡ് മാനേജര്‍ വിവ്രോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡാണ്. ഈ ധനസമാഹരണത്തിലൂടെ സ്വര്‍ണ വായ്പാ വിപണിയില്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ശാഖകള്‍ ആരംഭിക്കുകയാണ് കമ്പനിയുടെ ഉദ്ദേശ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. വായ്പാ വിതരണം ശക്തിപ്പെടുത്തുന്നതിനും ആസ്തികളുടെ വിപുലീകരണത്തിനും കമ്പനിക്ക് സാധിക്കും. വരുമാനവും ലാഭവും ബ്രാന്‍ഡ് വാല്യുവും ഉയര്‍ത്താന്‍ കൂടുതല്‍ ശാഖകള്‍ തുറക്കുന്നതിലൂടെ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
1786 കോടി രൂപയുടെ ആസ്തികളാണ് ഇപ്പോള്‍ കമ്പനി കൈകാര്യം ചെയ്യുന്നത്. ഇതില്‍ 92 ശതമാനത്തോളം സ്വര്‍ണ വായ്പകളാണ്. ഈ വര്‍ഷം സെപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് 324 ശാഖകളുണ്ട്. ഇവ ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി വ്യാപിച്ചുകിടക്കുന്നു.