ബിഎസ്‌എ ഗോള്‍ഡ് സ്‌റ്റാര്‍ 650 മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍
കൊച്ചി: ക്ലാസിക് ലെജന്റ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ബിഎസ്‌എ (ബെര്‍മിങ്ങാം സ്‌മോള്‍ ആംസ് കമ്പനി) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായിരുന്ന ബിഎസ്‌എ തങ്ങളുടെ ഗോള്‍ഡ് സ്‌റ്റാര്‍ 650 ബൈക്കുമായാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 2.99 ലക്ഷം രൂപയാണ് ഗോള്‍ഡ് സ്‌റ്റാര്‍ 650ന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 652 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ എഞ്ചിനും 55 എന്‍എം ടോര്‍ക്കുമാണ് വാഹനത്തിലുള്ളത്. ബ്രെംബോ ബ്രേക്കുകള്‍, എബിഎസ്, അലൂമിനിയം എക്‌സല്‍ റിമ്മുകള്‍, പിറേലി ടയറുകള്‍ തുടങ്ങി നിരവധി സവിശേഷതകളാണ് വാഹനത്തിലുള്ളത്. ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആഗോള മോട്ടോര്‍സൈക്കിള്‍ ചരിത്രത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്കെത്തിക്കുകയാണ് ബിഎസ്‌എയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതു വഴി സാധ്യമായതെന്ന് മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. ബിഎസ്‌എയുടെ സുവര്‍ണ കാലത്തെ അനുസ്‌മരിപ്പിക്കുന്നതിനായി ഈ വാഹനത്തിന്റെ എഞ്ചിന്‍ ടാങ്കിന്റെ ഡിസൈന്‍ മുതല്‍ എഞ്ചിന്റെ ഓരോ കണിക വരെയും അതിയായ ശ്രദ്ധയോടെയാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന് ക്ലാസിക ലെജന്റ്‌സ് സഹ സ്ഥാപകന്‍ അനുപം തേജ പറഞ്ഞു.