4000 കോടിയുടെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ത്യന്‍ ബാങ്ക് ബോര്‍ഡിന്റെ അംഗീകാരം
1 min readന്യൂഡെല്‍ഹി: മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിനായി ഓഹരി വില്‍പ്പനയിലൂടെ 4,000 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദേശം ബോര്‍ഡ് അംഗീകരിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. ‘ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്‌മെന്റുകള്‍ (ക്യുഐപി) / ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) / റൈറ്റ്‌സ് ഇഷ്യു എന്നിവയിലൂടെ ഇക്വിറ്റി മൂലധനമായി മൊത്തം 4,000 കോടി രൂപ സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി,’ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ബോണ്ടുകളിലൂടെ മൂവായിരം കോടി രൂപ സമാഹരിക്കുന്നതിനും ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
നിലവിലെ അല്ലെങ്കില്‍ തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ആവശ്യകതയെ അടിസ്ഥാനമാക്കി ഒന്നോ അതിലധികമോ ഘട്ടങ്ങളായി ബോണ്ട് വിതരണം ചെയ്യുന്നതിന് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായുള്ള ബാങ്ക് 2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 514.28 കോടി രൂപയുടെ ലാഭം സ്വന്തമാക്കിയിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ സ്വന്തമാക്കിയ 247.16 കോടി രൂപയുടെ ഇരട്ടിയാണിത്. അവലോകന കാലയളവില്‍ മൊത്തം വരുമാനം 11,421.34 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,505.62 കോടി രൂപയായിരുന്നു.