പശ്ചിമഘട്ടത്തിലെ ഔഷധസസ്യ വൈവിധ്യത്തിന്‍റെ 10 ശതമാനം മാത്രമേ ആയുര്‍വേദ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താനായിട്ടുള്ളൂ
തിരുവനന്തപുരം: ആയുര്‍വേദ ഗവേഷണങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഈ മേഖലയുടെ സമ്പന്നമായ പാരമ്പര്യവും അതുല്യമായ നേട്ടങ്ങളും പ്രയോജനപ്പെടുത്തുന്നതിന് കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.രാജ്മോഹന്‍ വി. പറഞ്ഞു. ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സെന്‍റര്‍ ബയോ ടെക്നോളജി (ആര്‍ജിസിബി) ‘ആയുര്‍വേദം: ആരോഗ്യകരമായ ജീവിതത്തിന്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണം നയിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തിലെ ഔഷധസസ്യ വൈവിധ്യത്തിന്‍റെ 10 ശതമാനം മാത്രമേ ആയുര്‍വേദ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താനായിട്ടുള്ളൂ. അത് പ്രയോജനപ്പെടുത്താനായാല്‍ ആയുര്‍വേദ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.
നമ്മുടെ ജീവിതശൈലിക്കും ഭക്ഷണശീലങ്ങള്‍ക്കും മാറ്റം വന്നുകഴിഞ്ഞു. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയിലാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരപ്രകൃതി മാനസികാരോഗ്യത്തെയും സ്വാധീനിക്കുന്നു. രോഗിയുടെ പ്രായവും മാനസികാരോഗ്യവും ചികിത്സാഘട്ടത്തിലും മരുന്നിനോടുള്ള പ്രതികരണത്തിലും പ്രധാനമാണ്. യോജിച്ച ഭക്ഷണവും ജീവിതശൈലിയും പിന്തുടരാനും ഉപ്പിലിട്ടതും ഉണക്കിയതും ദിവസങ്ങളോളം കേടുവരാതെ സൂക്ഷിക്കുന്നതുമായ പാതി വെന്തതുമായ ഭക്ഷണം ഒഴിവാക്കണമെന്നും ഡോ.രാജ്മോഹന്‍ കൂട്ടിച്ചേര്‍ത്തു.