രാജ്യത്തെ അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 75,000 കടന്നു
ന്യൂ ഡൽഹി: രാജ്യത്ത് ഇതുവരെ 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അംഗീകാരം നൽകി. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോട് അനുബന്ധിച്ച് പിന്നിടുന്ന ഒരു സുപ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16-ന്, രാജ്യത്ത് നൂതനത്വവും സ്റ്റാർട്ടപ്പുകളും പോഷിപ്പിക്കുന്നതിന് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പരിപാടിക്ക് തുടക്കമിട്ടു. 6 വർഷത്തിനിപ്പുറം, ഇന്ത്യയെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റുന്നതിൽ ഈ കർമ്മ പദ്ധതി വിജയം കണ്ടു. അതുകൊണ്ടുതന്നെ ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യ 10,000 സ്റ്റാർട്ടപ്പുകൾ 808 ദിവസം കൊണ്ട് അംഗീകരിക്കപ്പെട്ടപ്പോൾ, ഏറ്റവും അവസാനത്തെ 10,000 സ്റ്റാർട്ടപ്പുകൾ അംഗീകരിക്കപ്പെട്ടത് 156 ദിവസങ്ങൾ കൊണ്ടാണ്. പ്രതിദിനം, ശരാശരി 80-ലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതീക്ഷാ നിർഭരവും പ്രോത്സാഹജനകവുമാണ് രാജ്യത്തെ സ്റ്റാർട്ടപ്പ് സംസ്കാരത്തിന്റെ ഭാവി.
അംഗീകൃത സ്റ്റാർട്ടപ്പുകളിൽ, ഏകദേശം 12% ഐടി സേവനങ്ങളും, 9% ആരോഗ്യസംരക്ഷണവും ജീവശാസ്ത്രവും, 7% വിദ്യാഭ്യാസം, 5% പ്രൊഫഷണൽ, വാണിജ്യ സേവനങ്ങൾ, 5% കൃഷി എന്നിങ്ങനെയാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയിലൂടെ ഇതുവരെ 7.46 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 6 വർഷം തൊഴിൽ സൃഷ്ടിയിൽ 110% വാർഷിക വർധന രേഖപ്പെടുത്തി. ഏകദേശം 49% സ്റ്റാർട്ടപ്പുകളും റ്റിയർ II & റ്റിയർ III വിഭാഗങ്ങളിൽപ്പെടുന്നവയാണ്.