പോക്കോ ആരാധകര്‍ക്കായി ‘പോക്കോ കമ്യൂണിറ്റി’ അവതരിപ്പിച്ചു
ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നതിന് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി
ന്യൂഡെല്‍ഹി: പോക്കോയുടെ കമ്യൂണിറ്റി ആപ്പായ ‘പോക്കോ കമ്യൂണിറ്റി’ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കോ ബ്രാന്‍ഡ് ആരാധകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും ബ്രാന്‍ഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഉപയോക്താക്കളുടെ പ്രതികരണം അറിയുന്നതിനുമാണ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. ഷവോമിയുടെ ‘മി കമ്യൂണിറ്റി’ ഇന്ത്യയില്‍ നിരോധിച്ച് ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് ‘പോക്കോ കമ്യൂണിറ്റി’ വരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിരോധിച്ച 59 ആപ്പുകളില്‍ ഒന്നായിരുന്നു മി കമ്യൂണിറ്റി. നേരത്തെ ഷവോമിയുടെ കീഴിലെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ പോക്കോ കഴിഞ്ഞ വര്‍ഷം മുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ്.
ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നതിന് പോക്കോ ഇന്ത്യ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. മുഴുവന്‍ പേര്, ജനന തീയതി, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളാണ് യൂസര്‍മാരില്‍നിന്ന് ചോദിക്കുന്നത്. കമ്യൂണിറ്റിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍, ഫേസ്ബുക്ക് എക്കൗണ്ട്, ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ചോദിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കമ്യൂണിറ്റി ഫോറം എപ്പോള്‍ അവതരിപ്പിക്കുമെന്ന് പോക്കോ വ്യക്തമാക്കിയില്ല. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും ഭാവിയിലെ പ്രഖ്യാപനങ്ങളും കമ്യൂണിറ്റി അംഗങ്ങള്‍ക്ക് ആദ്യം ലഭ്യമാക്കുമോയെന്നും അറിയില്ല.
യുവ ഉപയോക്താക്കളില്‍ ബ്രാന്‍ഡ് സംബന്ധിച്ച കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ഇത്തരമൊരു കമ്യൂണിറ്റി ഫോറം കമ്പനിയെ സഹായിക്കും. റിയല്‍മി, വണ്‍പ്ലസ് ഉള്‍പ്പെടെയുള്ള എതിരാളി ബ്രാന്‍ഡുകള്‍ സമാന മാര്‍ഗമാണ് സ്വീകരിക്കുന്നത്. കമ്യൂണിറ്റി ഫോറം അവതരിപ്പിച്ച ആദ്യ കമ്പനികളിലൊന്നാണ് ഷവോമി. സ്വന്തം ഉപയോക്താക്കളെ മി ഫാനുകളായി മാറ്റാനും കമ്പനിക്ക് കഴിഞ്ഞിരുന്നു.