ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 28,252 മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍
1 min readഇതില്‍ 86 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കോവിഡ്-19 രോഗമുക്തരിലാണ്
ന്യൂഡെല്‍ഹി ഇന്ത്യയില്‍ ഇതുവരെ 28,252 മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 86 ശതമാനം പേര്‍ക്ക് നേരത്തെ കോവിഡ്-19 വന്നുപോയിരുന്നതായും 62.3 ശതമാനം പേര്‍ പ്രമേഹ രോഗ ബാധിതരായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയില്‍ 6,339 മ്യൂക്കര്‍മൈക്കോസിസ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 5,486 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്ത് ആണ് രണ്ടാംസ്ഥാനത്ത്. മേയ് 25 രാത്രി വരെയുള്ള കണക്കുകള്‍ അനുസരിച്ച് ആന്ധ്രപ്രദേശില്‍ 768 മ്യൂക്കര്‍മൈക്കോസിസ് കേസുകളും മധ്യപ്രദേശില്‍ 752 കേസുകളും തെലങ്കാനയില്‍ 744 കേസുകളും ഉത്തര്‍പ്രദേശില്‍ 701 കേസുകളും രാജസ്ഥാനില്‍ 492 കേസുകളും കര്‍ണ്ണാടകയില്‍ 481 കേസുകളും ഹരിയാനയില്‍ 436 കേസുകളും തമിഴ്‌നാട്ടില്‍ 236 കേസുകളും ബീഹാറില്‍ 215 കേസുകളും പഞ്ചാബില്‍ 141 കേസുകളും ഉത്തരാഖണ്ഡില്‍ 124 കേസുകളും ഡെല്‍ഹിയില്‍ 119 കേസുകളും ഛത്തീസ്ഗഡില്‍ 103 കേസുകളും ഛണ്ഡീഗഢില്‍ 83 കേസുകളും കേരളത്തില്‍ 36 കേസുകളും ജാര്‍ഖണ്ഡില്‍ 29 കേസുകളും ഒഡീഷയില്‍ 15 കേസുകളും ഗോവയില്‍ പത്ത് കേസുകളും ജമ്മു കശ്മീരില്‍ 5 കേസുകളും ഹിമാചല്‍ പ്രദേശില്‍ 3 കേസുകളും പുതുച്ചേരിയില്‍ 2 കേസുകളും ത്രിപുരയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ്-19 രോഗമുക്തരായവരില്‍ മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം അതിവേഗത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മ്യൂക്കര്‍മൈക്കോസെറ്റ്‌സ് എന്ന ഫംഗസ് ആണ് അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഈ ഫംഗസ് രോഗം ഉണ്ടാക്കുന്നത്. ദീര്‍ഘകാലം സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചവരിലും ആശുപത്രിയില്‍ കഴിഞ്ഞവരിലും ഓക്‌സിജന്‍, വെന്റിലേറ്റര്‍ സഹായം ഉപയോഗിച്ചവരിലും ശുചിത്വമില്ലാത്ത ആശുപത്രി സാഹചര്യങ്ങളില്‍ കഴിഞ്ഞവരിലും പ്രമേഹം പോലുള്ള മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരിലുമാണ് മ്യൂക്കര്‍മൈക്കോസിസ് കൂടുതലായും കാണുന്നത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മ്യൂക്കര്‍മൈക്കോസിസ് കാരണം രോഗിയുടെ ജീവന്‍ നഷ്ടപ്പെടാം. കോവിഡ് രോഗ ചികിത്സയെ തുടര്‍ന്ന് രോഗിയുടെ ശരീരം ദുര്‍ബലമാകുകയും പ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നത് മ്യൂക്കര്‍മൈക്കോസിസ് സാധ്യത ഇരട്ടിപ്പിക്കുന്നു.