ഓഫ്‌റോഡുകള്‍ ഇഷ്ടപ്പെടുന്ന 2022 യമഹ സുമ 125
കാര്യമായ ഡിസൈന്‍ പരിഷ്‌കാരങ്ങളോടെയാണ് സ്‌കൂട്ടര്‍ വരുന്നത്
ടോക്കിയോ: 2022 യമഹ സുമ 125 ആഗോളതലത്തില്‍ അനാവരണം ചെയ്തു. ജാപ്പനീസ് നിര്‍മാതാക്കളുടെ ഓഫ്‌റോഡ് സ്‌കൂട്ടറാണ് സുമ 125.
കാര്യമായ റഗഡ് ഡിസൈന്‍ പരിഷ്‌കാരങ്ങളോടെയാണ് സ്‌കൂട്ടര്‍ വരുന്നത്. ഒരുപോലെയല്ലാത്ത വൃത്താകൃതിയുള്ള ഹെഡ്‌ലാംപുകള്‍ ലഭിച്ച മുന്നിലെ ഏപ്രണ്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. ഹെഡ്‌ലാംപുകള്‍ ക്രമീകരിക്കാന്‍ കഴിയും. ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേ, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ ലഭിച്ചു. മുന്നിലെ മഡ്ഗാര്‍ഡ് ഉയര്‍ത്തി. ബ്ലോക്ക് പാറ്റേണ്‍ ട്രെഡുകളോടെ ഡുവല്‍ സ്‌പോര്‍ട്ട് ടയറുകളാണ് അലോയ് വീലുകള്‍ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് സംരക്ഷണം ലഭിച്ചതാണ് അണ്ടര്‍ബോഡി. ഫൂട്ട്‌ബോര്‍ഡ് ഉയര്‍ത്തി. എക്‌സോസ്റ്റിന് അപ്‌സ്വെപ്റ്റ് ഡിസൈന്‍ ലഭിച്ചു. ഇവയെല്ലാം സ്‌കൂട്ടറിനെ ഓഫ്‌റോഡുകള്‍ക്ക് അനുയോജ്യമാക്കുന്നതാണ്.
ധാരാളം പ്ലാസ്റ്റിക് ക്ലാഡിംഗ്, പുതിയ സീറ്റ്, പുതിയ സസ്‌പെന്‍ഷന്‍ സംവിധാനം എന്നിവ സ്‌കൂട്ടറിന് നല്‍കി. മുന്നില്‍ 81 എംഎം ട്രാവല്‍ ചെയ്യുന്ന തടിച്ച 33 എംഎം ഫോര്‍ക്കുകളും പിന്നില്‍ 78 എംഎം ട്രാവല്‍ ചെയ്യുന്ന ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കി. 128 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ വെറ്റ് വെയ്റ്റ്. ഇന്ധന ടാങ്കിന്റെ ശേഷി 6.05 ലിറ്റര്‍. ഫുള്‍ സൈസ് ഹെല്‍മറ്റ് വെയ്ക്കാന്‍ കഴിയുന്നത്ര ശേഷിയുള്ളതാണ് സീറ്റിനടിയിലെ സ്റ്റോറേജ്. രണ്ട് ഹെല്‍മറ്റ് ഹാങ്ങറുകള്‍ ലഭിച്ചു.
125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, 4 സ്‌ട്രോക്ക് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സിവിടി ചേര്‍ത്തുവെച്ചു. യമഹയുടെ വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (വിവിഎ) സാങ്കേതികവിദ്യ ലഭിച്ചതാണ് എന്‍ജിന്‍. യമഹ സുമ 125 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല.