Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തൃപ്തി പോരാ ? കിയ കാര്‍ണിവല്‍ തിരിച്ചുനല്‍കാം.  95 ശതമാനം തുക തിരികെ

വാഹനം വാങ്ങി മുപ്പത് ദിവസത്തിനുള്ളില്‍ സൗകര്യം പ്രയോജനപ്പെടുത്താം 

ന്യൂഡെല്‍ഹി: കിയ കാര്‍ണിവല്‍ ഉപയോക്താക്കള്‍ക്കായി ‘സാറ്റിസ്ഫാക്ഷന്‍ ഗ്യാരണ്ടി സ്‌കീം’ പ്രഖ്യാപിച്ചു. കിയ കാര്‍ണിവലില്‍ തൃപ്തി തോന്നുന്നില്ല എങ്കില്‍ സ്വകാര്യ ഉടമകള്‍ക്ക് വാഹനം തിരികെ നല്‍കാന്‍ കഴിയുന്നതാണ് പദ്ധതി. കിയ കാര്‍ണിവല്‍ വാങ്ങി മുപ്പത് ദിവസത്തിനുള്ളില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയുടെയും രജിസ്‌ട്രേഷന്‍, ഫിനാന്‍സ് ആവശ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെയും 95 ശതമാനം കിയ ഇന്ത്യ തിരികെ നല്‍കും. എംപിവിയുടെ എല്ലാ വേരിയന്റുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും.

എന്നാല്‍ ചില നിബന്ധനകള്‍ കിയ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്നു. വാഹനം വാങ്ങിയ തീയതി മുതല്‍ 1,500 കിലോമീറ്ററില്‍ കൂടുതല്‍ ഓടരുത്. വാഹനത്തിന് കേടുപാടുകള്‍, തകരാറുകള്‍ സംഭവിക്കരുത്. ഏതെങ്കിലും ക്ലെയിം കാത്തിരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഹൈപ്പോഥെക്കേഷനില്‍നിന്ന് മുക്തമായിരിക്കണം. കൂടാതെ ഫിനാന്‍സറുടെ കയ്യില്‍നിന്ന് വാങ്ങിയ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) സമര്‍പ്പിക്കണം. എല്ലാ ഡോക്യുമെന്റേഷനും ചാര്‍ജുകളും ഉള്‍പ്പെടെ വാഹനം കൈമാറുന്നതിനുള്ള ഉടമയുടെ കരാര്‍ ഒരു വ്യക്തിയുടെ പേരിലായിരിക്കണം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ കിയ കാര്‍ണിവല്‍ അവതരിപ്പിച്ചത്. 7 സീറ്റ്, 8 സീറ്റ്, 9 സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ മൂന്ന് വേരിയന്റുകളില്‍ എംപിവി ലഭിക്കും. 24.95 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

Maintained By : Studio3