പുതിയ ഫീച്ചറുകളോടെ 2021 റേഞ്ച് റോവര്‍ ഇവോക്ക്
എക്‌സ് ഷോറൂം വില 64.12 ലക്ഷം രൂപ മുതല്‍
2021 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 64.12 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ആര്‍ ഡൈനാമിക് എസ്ഇ വേരിയന്റില്‍ പുതിയ ഇവോക്ക് ലഭിക്കും. അതേസമയം, എസ് വേരിയന്റില്‍ മാത്രമായിരിക്കും ഡീസല്‍ വേര്‍ഷന്‍ വാങ്ങാന്‍ കഴിയുന്നത്. ഇന്‍ജീനിയം കുടുംബത്തില്‍പ്പെട്ട 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ കരുത്തേകും. പുതു തലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ഫീച്ചറുകള്‍ നല്‍കി എസ്‌യുവി ഇപ്പോള്‍ പരിഷ്‌കരിച്ചു.
3ഡി സറൗണ്ട് കാമറ, പിഎം2.5 ഫില്‍റ്റര്‍ സഹിതം കാബിന്‍ എയര്‍ അയോണൈസേഷന്‍, ഫോണ്‍ സിഗ്നല്‍ ബൂസ്റ്റര്‍ സഹിതം വയര്‍ലെസ് ചാര്‍ജിംഗ്, പുതിയ ‘പിവി പ്രോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ 2021 റേഞ്ച് റോവര്‍ ഇവോക്കിന് ലഭിച്ച പരിഷ്‌കാരങ്ങളാണ്. കാബിനില്‍ ഇതാദ്യമായി ഡീപ്പ് ഗാര്‍നെറ്റ്, എബണി എന്ന ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം ഫിനിഷ് നല്‍കി.
കാഴ്ച്ചയില്‍, പരിഷ്‌കരിച്ച റേഞ്ച് റോവര്‍ ഇവോക്ക് അതുപോലെ തുടരുന്നു. റേഞ്ച് റോവര്‍ കുടുംബത്തിന്റെ പുതിയ ഡിസൈന്‍ ഭാഷയിലാണ് എസ്‌യുവി അണിയിച്ചൊരുക്കിയത്. റേഞ്ച് റോവര്‍ വെലാറിലാണ് ഈ ഡിസൈന്‍ ഭാഷ ആദ്യം കണ്ടത്. പുതിയ ഗ്രില്‍, സ്വെപ്റ്റ്ബാക്ക് ബോണറ്റ്, സവിശേഷ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ലഭിച്ചു. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍ മറ്റൊരു സവിശേഷതയാണ്. വേര്‍ഷനുകള്‍ക്ക് അനുസരിച്ച് അലോയ് വീലുകള്‍ വ്യത്യാസപ്പെട്ടിരിക്കും.
2.0 ലിറ്റര്‍ ഇന്‍ജീനിയം പെട്രോള്‍ എന്‍ജിന്‍ 247 ബിഎച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. അതേസമയം 2.0 ലിറ്റര്‍ ഇന്‍ജീനിയം ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 201 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. ലാന്‍ഡ് റോവറിന്റെ ജനപ്രിയ മോഡലുകളിലൊന്നാണ് റേഞ്ച് റോവര്‍ ഇവോക്ക്. വോള്‍വോ എക്‌സ്‌സി60, ബിഎംഡബ്ല്യു എക്‌സ്3, മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി എന്നിവയാണ് പ്രധാന എതിരാളികള്‍.
2021 റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്‌വിആര്‍ ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2.19 കോടി രൂപ മുതലാണ് എക്സ് ഷോറൂം വില. ലാന്‍ഡ് റോവറിന്റെ ‘സ്പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ്’ വിഭാഗം നിര്‍മിച്ച വമ്പന്‍ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനിലാണ് ആഡംബര, പെര്‍ഫോമന്‍സ് എസ്‌യുവി വരുന്നത്. ലാന്‍ഡ് റോവര്‍ നിര്‍മിച്ച എക്കാലത്തെയും ഏറ്റവും പവര്‍ഫുള്‍ വാഹനമാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്‌വിആര്‍. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്‌വിആര്‍.
5.0 ലിറ്റര്‍, സൂപ്പര്‍ചാര്‍ജ്ഡ്, വി8 പെട്രോള്‍ എന്‍ജിനാണ് 2021 റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്‌വിആര്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 567 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഘടിപ്പിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 4.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 280 കിലോമീറ്ററാണ് ടോപ് സ്പീഡ്.