ടോപ് 5 100 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍
കാലങ്ങളായി ചില പ്രശസ്ത ബ്രാന്‍ഡുകളാണ് ഈ സെഗ്‌മെന്റ് ഭരിക്കുന്നത്
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സെഗ്‌മെന്റുകളിലൊന്നാണ് 100 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ്. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ചില ഇരുചക്ര വാഹനങ്ങള്‍ ലഭിക്കുന്നത് ഈ സെഗ്‌മെന്റിലാണ്. കാലങ്ങളായി ചില പ്രശസ്ത ബ്രാന്‍ഡുകളാണ് ഈ സെഗ്‌മെന്റ് ഭരിക്കുന്നത്. തലമുറകളായി ഏറ്റവുമധികം വിറ്റുപോകുന്ന ചില നെയിംപ്ലേറ്റുകള്‍ ഈ സെഗ്‌മെന്റില്‍ കാണാം. ഈ മോഡലുകള്‍ അതാത് വാഹന നിര്‍മാതാക്കളുടെ ആകെ വില്‍പ്പനയില്‍ വലിയ തോതില്‍ സംഭാവന ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് 100 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ ഏതെല്ലാമെന്ന് നോക്കാം.
ഹീറോ എച്ച്എഫ് ഡോന്‍
2018 ലാണ് നിലവിലെ ഹീറോ എച്ച്എഫ് ഡോന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുതിയ ഹീറോ എച്ച്എഫ് ഡോന്‍ വിപണിയിലെത്തിയത്. 97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചത്. ഈ മോട്ടോര്‍ 8 ബിഎച്ച്പി കരുത്തും 8 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. മുന്‍ഗാമിയില്‍ ക്രോം, സില്‍വര്‍ ഘടകങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ 2018 മോഡലിന്റെ എന്‍ജിന്‍, ചക്രങ്ങള്‍, ഡ്രമ്മുകള്‍, എക്‌സോസ്റ്റ്, ലെഗ് ഗാര്‍ഡ്, ഫോര്‍ക്ക് ഉള്‍പ്പെടെ മിക്കവാറും എല്ലായിടങ്ങളിലും കറുപ്പ് നിറം നല്‍കി. പുതുതായി നല്‍കിയ സിംപിള്‍ ലുക്കിംഗ് ഡിക്കാളുകള്‍ ആകര്‍ഷിക്കും.
ഹീറോ എച്ച്എഫ് ഡീലക്‌സ്
ഇന്ത്യയിലെ 100 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ 60 ശതമാനത്തില്‍ കൂടുതല്‍ വിപണി വിഹിതം സ്വന്തമാക്കിയ മോഡലാണ് ഹീറോ എച്ച്എഫ് ഡീലക്‌സ്. സെല്‍ഫ് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് എന്നീ വേരിയന്റുകളില്‍ ഹീറോ എച്ച്എഫ് ഡീലക്‌സ് ലഭിക്കും. ‘എക്‌സ്‌സെന്‍സ്’ സാങ്കേതികവിദ്യ സഹിതം ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ ലഭിച്ചതാണ് പുതിയ ഹീറോ എച്ച്എഫ് ഡീലക്‌സ്. ഇതോടെ ഒമ്പത് ശതമാനം കൂടുതല്‍ ഇന്ധനക്ഷമത, മികച്ച ആക്‌സെലറേഷന്‍ എന്നിവ ലഭിക്കും. പുതിയ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 7.94 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 8.05 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.
ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്
ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ വില കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അല്‍പ്പം വര്‍ധിപ്പിച്ചിരുന്നു. ബിഎസ് 6 പാലിക്കുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് ഉപയോഗിക്കുന്നത് 97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 7.91 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 8.05 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.
ബജാജ് പ്ലാറ്റിന 100
ഇലക്ട്രിക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് വേരിയന്റുകളില്‍ ബജാജ് പ്ലാറ്റിന ലഭിക്കും. സ്പ്രിംഗ് ഇന്‍ സ്പ്രിംഗ് സസ്‌പെന്‍ഷന്‍, ട്യൂബ്‌ലെസ് ടയറുകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ ലഭിച്ചതാണ് ഇലക്ട്രിക് സ്റ്റാര്‍ട്ട് (ഇഎസ്) വേരിയന്റ്. ബിഎസ് 6 പാലിക്കുന്ന 102 സിസി, സിംഗിള്‍ സിലിണ്ടര്‍, എസ്ഒഎച്ച്‌സി, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബജാജ് പ്ലാറ്റിന 100 ഉപയോഗിക്കുന്നത്. ഡിടിഎസ് ഐ സാങ്കേതികവിദ്യ കൂടെ ലഭിച്ച ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 7.77 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8.3 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.
ബജാജ് സിടി 100
ഏകദേശം രണ്ട് പതിറ്റാണ്ടായി ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്ന മോട്ടോര്‍സൈക്കിളാണ് ബജാജ് സിടി 100. ഈ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് ഇലക്ട്രോണിക് ഇന്‍ജെക്ഷന്‍ സഹിതം 102 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക് എന്‍ജിനാണ്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 7.8 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8.34 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. മുന്നില്‍ 125 എംഎം ട്രാവല്‍ ചെയ്യുന്ന ടെലിസ്‌കോപിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍ ജോലികള്‍ കൈകാര്യം ചെയ്യുന്നത്. മുന്നിലും പിന്നിലും 17 ഇഞ്ച് ചക്രങ്ങള്‍ നല്‍കി.