September 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ ഫീച്ചറുകളോടെ മൈക്രോസോഫ്റ്റ് ടീംസ്

ആയിരം പേര്‍ക്കുവരെ പങ്കെടുക്കാവുന്ന വെബിനാര്‍ സപ്പോര്‍ട്ട് മറ്റൊരു പ്രധാന ഫീച്ചറാണ്

റെഡ്മണ്ട്, വാഷിംഗ്ടണ്‍: കോളുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെ മൈക്രോസോഫ്റ്റ് ടീംസ് ആപ്പിന് പുതിയ ഫീച്ചറുകള്‍ ലഭിച്ചു. ആയിരം പേര്‍ക്കുവരെ പങ്കെടുക്കാവുന്ന വെബിനാര്‍ സപ്പോര്‍ട്ട് മറ്റൊരു പ്രധാന ഫീച്ചറാണ്. പുതുതായി ചാനല്‍ ഷെയറിംഗ് ഫീച്ചര്‍ കൂടാതെ ഇനി ഇന്റലിജന്റ് സ്പീക്കറുകളെയും മൈക്രോസോഫ്റ്റ് ടീംസ് സപ്പോര്‍ട്ട് ചെയ്യും. ‘മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് 2021’ ഡെവലപ്പര്‍മാരുടെ ഇവന്റിലാണ് പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചത്.

മൈക്രോസോഫ്റ്റ് ടീംസ് വഴി ഇനി ഓരോരുത്തര്‍ക്കും ചെയ്യുന്ന കോളുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതായിരിക്കും. ആയിരം പേരില്‍ കൂടുതല്‍ വെബിനാറിന്റെ ഭാഗമാകുമെങ്കില്‍ വ്യൂ ഓണ്‍ലി ബ്രോഡ്കാസ്റ്റ് അനുഭവം നല്‍കി പതിനായിരം പേരെ ഉള്‍ക്കൊള്ളുന്നവിധം മൈക്രോസോഫ്റ്റ് ടീംസ് പരിണമിക്കും. ദൂരെയിരുന്ന് ജോലി ചെയ്യുന്ന കൊവിഡ് 19 പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനം വരെ ആളുകളുടെ പരിധി ഇരുപതിനായിരം വരെയായി വര്‍ധിപ്പിക്കും.

‘ടീംസ് കണക്റ്റ്’ പ്രഖ്യാപനമാണ് മൈക്രോസോഫ്റ്റ് ടീംസ് സംബന്ധിച്ച മറ്റൊരു പ്രധാന പരിഷ്‌കാരം. ഒരു കമ്പനിക്ക് മറ്റ് നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും സഹകരിക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും. കമ്പനികള്‍ക്ക് ചാനലുകള്‍ ഷെയര്‍ ചെയ്യാനും കഴിയും. പ്രൈവറ്റ് പ്രിവ്യൂ എന്ന നിലയിലാണ് ‘മൈക്രോസോഫ്റ്റ് ടീംസ് കണക്റ്റ്’ ഫീച്ചര്‍ തല്‍ക്കാലം ലഭ്യമാക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷം തന്നെ എല്ലാവര്‍ക്കുമായി അവതരിപ്പിക്കും. കൂടാതെ, മൈക്രോസോഫ്റ്റ് ടീംസ് റൂംസിന് പുതുതായി ടുഗെതര്‍ മോഡ് ഉള്‍പ്പെടെ ഗാലറി വ്യൂസ് അവതരിപ്പിക്കും.

മൈക്രോസോഫ്റ്റ് ടീംസിനായി പുതുതായി ഇന്റലിജന്റ് സ്പീക്കറുകള്‍ കൂടി കമ്പനി പുറത്തിറക്കി. മൈക്രോസോഫ്റ്റ് ടീംസ് റൂമില്‍ സംസാരിക്കുന്ന പത്ത് പേരുടെ വരെ ശബ്ദങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഈ സ്പീക്കറുകള്‍ക്ക് കഴിയും. മീറ്റിംഗ് വേളകളില്‍ ഓരോരുത്തരുടെയും സംസാരത്തിന്റെ പകര്‍പ്പ് തനിയെ സൃഷ്ടിക്കും. ഇപോസ്, യാലിങ്ക് എന്നിവയുമായി ചേര്‍ന്നാണ് ഇന്റലിജന്റ് സ്പീക്കറുകള്‍ നിര്‍മിച്ചത്. ഒരു യോഗത്തില്‍ വ്യത്യസ്ത ഭാഷകളിലാണ് ഓരോരുത്തരും സംസാരിക്കുന്നതെങ്കില്‍ പരിഭാഷ കൂടി സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ സ്പീക്കറുകള്‍. തര്‍ജമയ്ക്കായി ഏതെല്ലാം ഭാഷകളെയാണ് ഇന്റലിജന്റ് സ്പീക്കര്‍ സപ്പോര്‍ട്ട് ചെയ്യുകയെന്ന് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയില്ല.

പ്രസന്റേഷനുകള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിന് ‘മൈക്രോസോഫ്റ്റ് പവര്‍പോയന്റ് ലൈവ്’കൂടി മൈക്രോസോഫ്റ്റ് ടീംസ് ആപ്ലിക്കേഷനില്‍ അവതരിപ്പിച്ചു. വര്‍ച്ച്വല്‍ മീറ്റിംഗ് സമയങ്ങളില്‍ കസ്റ്റമൈസ്ഡ് വീഡിയോ ഫീഡുകള്‍ക്കായി ‘പ്രസന്റര്‍ മോഡ്’ കൂടി നല്‍കി.

Maintained By : Studio3