കൊറോണ വൈറസിന്റെ ഏറ്റവും അപകടകരമായ സമയം ബ്രിട്ടനിൽ വരാനിരിക്കുന്നതേയുള്ളുവെന്ന് മുന്നറിയിപ്പ്
1 min readഇംഗ്ലണ്ട്: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഏറ്റവും അപകടകരമായ സമയം ബ്രിട്ടനിൽ വരാനിരിക്കുന്നതേയുള്ളുവെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെ മുന്നറിയിപ്പ്. അടുത്ത ഏതാനും ആഴ്ചകൾ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് ഏറ്റവും മോശപ്പെട്ട സമയമായിരിക്കുമെന്നും പൊതുജനം മറ്റുള്ളവരുമായുള്ള ഇടപെടൽ പരമാവധി കുറയ്ക്കണമെന്നും ക്രിസ് വിറ്റി ബിബിസിയോട് പറഞ്ഞു.
ആവശ്യമില്ലാതെ മറ്റുള്ളവരുമായി സംവദിക്കുന്നവർക്ക് കോവിഡ്-19 പിടിപെടാനുള്ള സാധ്യത വളരെ അധികമാണെന്ന് ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിൽ ഇതിന് മുമ്പ് ഏറ്റവുമധികം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത കഴിഞ്ഞ ഏപ്രിലിൽ 18,000 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത് എങ്കിൽ നിലവിൽ 30,000 പേരാണ് രോഗം പിടിപെട്ട് ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് വിറ്റി വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കേട്ട് ഞെട്ടാത്ത ആളുകൾ കാര്യങ്ങളുടെ ഗൌരവം മനസിലാക്കത്തവരാണെന്നും വളരെ ഭയാനകമായ സാഹചര്യമാണ് ഇംഗ്ലണ്ടിലുള്ളതെന്നും വിറ്റി പറഞ്ഞു.
ഞായറാഴ്ച പുറത്തിവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം 3,072,349 ആയി വർധിച്ചു. ദിനംപ്രതി അരലക്ഷത്തിലധികം ആളുകളാണ് കോവിഡ് പോസിറ്റീവ് ആകുന്നത്. ഇതുവരെ 81,431 ആളുകൾ രോഗം പിടിപെട്ട് മരിച്ചു. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചാൽ മരണസംഖ്യ ഉയരുമെന്ന് ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് മുന്നറിയിപ്പ് നൽകിയിരുന്നു. വീടുകളിൽ തന്നെ കഴിയുക എന്നതാണ് ഒരു സമൂഹമെന്ന നിലയ്ക്ക് ആളുകൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യമെന്നും ഹാൻകോക് പറഞ്ഞു.