സൊമാറ്റോ ഐപിഒ ജൂലൈ 14ന്; 9375 കോടി സമാഹരിക്കും
1 min read- ഐപിഒ പ്രൈസ് ബാന്‍ഡ് 72-76 രൂപ
- ജൂലൈ 14 മുതല്‍ 16 വരെയാണ് ഐപിഒ
- എസ്ബിഐ കാര്‍ഡ്സ് ഐപിഒക്ക് ശേഷം നടക്കുന്ന വലിയ ഓഹരി വില്‍പ്പന
ബെംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ജൂലൈ 14 മുതല്‍ 16 വരെ നടക്കും. ഓരോ ഇക്വിറ്റി ഷെയറിനും 72 രൂപ മുതല്‍ 76 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 195 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
9,000 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും ഇന്‍ഫോ എഡ്ജ് ഇന്ത്യ വില്‍ക്കുന്ന 375 കോടി രൂപയുടെ ഓഹരികളും ഉള്‍പെട്ടതാണ് ഐപിഒ. മൊത്തത്തില്‍ 9375 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് സൊമാറ്റോ നടത്തുന്നത്. 2020 മാര്‍ച്ചില്‍ എസ്ബിഐ കാര്‍ഡ് നടത്തിയ ഐപിഒക്ക് ശേഷമുള്ള ഏറ്റവും വലിയ ഓഹരി വില്‍പ്പനയാണിത്. എസ്ബിഐ കാര്‍ഡ് സമാഹരിച്ചത് 10,355 കോടി രൂപയായിരുന്നു.
ഐപിഒക്ക് മുമ്പുള്ള നിക്ഷേപസമാഹരണത്തിന്‍റെ ഭാഗമായി ഫെബ്രുവരിയില്‍ സൊമാറ്റോ 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. 5.4 ബില്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിച്ചായിരുന്നു സമഹാരണം. കൊറ മാനേജ്മെന്‍റ്, ടൈഗര്‍ ഗ്ലോബല്‍, ഫിഡെല്‍റ്റി, ഡ്രാഗണീര്‍, ബോ വേവ് തുടങ്ങിയ കമ്പനികളില്‍ നിന്നായിരുന്നു നിക്ഷേപം സമാഹരിച്ചത്.
6,500,000 ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. 15 ശതമാനത്തില്‍ ഏറാതെ സ്ഥാപന ഇതര വിഭാഗത്തിനും പത്തു ശതമാനത്തില്‍ ഏറാതെ ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്കും നീക്കി വെച്ചിട്ടുണ്ട്. ഇക്വിറ്റി ഷെയറുകള്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ ലിസ്റ്റുചെയ്യും.
കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്‍റെ ആഗോള കോ-ഓര്‍ഡിനേറ്റര്‍മാരും ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരും. ബോഫ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഓഫറിന്‍റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
ഐപിഒ നടത്തുന്നതിന് മുന്നോടിയായി ഫുഡ് ടെക്നോളജി ഭീമനായ സൊമാറ്റോ പബ്ലിക് ലിമിറ്റഡ് കമ്പനിയായി നേരത്തെ മാറിയിരുന്നു. പ്രൈവറ്റ് കമ്പനിയെന്ന ലേബല്‍ ഉപേക്ഷിച്ച് വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടുന്നതിനായിരുന്നു ദീപിന്ദര്‍ ഗോയല്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖല ഉന്നമിട്ടത്. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
പഞ്ചാബ് സ്വദേശിയായ ദീപീന്ദര്‍ ഗോയല്‍ 2008ല്‍ തന്‍റെ സുഹൃത്തുമായി ചേര്‍ന്ന് തുടക്കം കുറിച്ച ഫുഡ്ഡീബേ എന്ന ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലിന്‍റെ തുടര്‍ച്ചയായിരുന്നു സൊമാറ്റോ. നഗരത്തിലെ പ്രധാന റെസ്റ്റോറന്‍റുകളിലെ മെനു പരിചയപ്പെടുത്തുകയാണ് ഫുഡ്ഡീബേ ചെയ്തതെങ്കില്‍ ആ റെസ്റ്റോറന്‍റുകളിലെ വിഭവങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് സൊമാറ്റോ ചെയ്തത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകള്‍ വിപണിയില്‍ പിടിമുറുക്കി തുടങ്ങുന്ന കാലത്തുള്ള സൊമാറ്റോയുടെ രംഗപ്രവേശം ഏറെ ഗുണം ചെയ്തു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വിശപ്പകറ്റാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം എന്ന നിലയില്‍ ജനങ്ങള്‍ സൊമാറ്റോയെ സ്വീകരിച്ചു