മഹാമാരിക്കാലത്തെ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡ് സൊമാറ്റൊ
1 min readനാല് അളവുകോലുകളുടെ അടിസ്ഥാനത്തില്‍ പ്രകടനം വിലയിരുത്തിയാണ് ആല്‍ഫ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്തത്
ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രതിസന്ധികള്‍ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ ഉപഭോക്തൃ സമീപനങ്ങളിലും വലിയ വ്യതിയാനങ്ങള്‍ പ്രകടമാകുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. കോവിഡ് വ്യാപന കാലത്തെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡായി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സോമാറ്റോ ഉയര്‍ന്നുവന്നുവെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സിഎംആറിന്‍റെ ‘ആല്‍ഫ ബ്രാന്‍ഡ്സ് 2021’ ലിസ്റ്റിംഗ് വ്യക്തമാക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോയും ആമസോണ്‍ മാര്‍ക്കറ്റ് പ്ലേസുമാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥനങ്ങളിലുള്ളത്. കോവിഡ് 19 ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച ഒരു വര്‍ഷ കാലയളവില്‍ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം, ഫാര്‍മസി, വിനോദം, ഡിജിറ്റല്‍ പേയ്മെന്‍റുകള്‍, ഒടിടി എന്നിവയ്ക്ക് മുന്‍ഗണന നല്‍കി.
‘ഉപഭോക്താക്കളെ അഭിമുഖീകരിക്കുന്ന എല്ലാ മേഖലകളിലും തടസങ്ങളില്ലാതെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞ ബ്രാന്‍ഡുകള്‍ മഹാമാരിയുടെ കാലത്ത് വലിയ വിജയമാണ് നേടുന്നത്,’ സിഎംആറിന്‍റെ ഇന്‍ഡസ്ട്രി കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ഹെഡ് സത്യ മൊഹന്തി പറഞ്ഞു.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയില്‍ സൊമാറ്റോക്ക് ഏറെ പിന്നിലായുള്ള രണ്ടാം സ്ഥാനത്താണ് സ്വിഗ്ഗി ഉള്ളത്. കോവിഡ് 19 കാലയളവില്‍ ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തിലും (81%), ഉപഭോക്താക്കള്‍ മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നതിലും (53%) സ്വിഗ്ഗിയേക്കാള്‍ ബഹുദൂരം മുന്നിലാണ് സൊമാറ്റോ.
നാല് അളവുകോലുകളുടെ അടിസ്ഥാനത്തില്‍ പ്രകടനം വിലയിരുത്തിയാണ് ആല്‍ഫ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്തത്. ബ്രാന്‍ഡിന്‍റെ ഉപയോക്തൃ അടിത്തറ, പ്രധാന തീരുമാനമെടുക്കുന്നവര്‍, ഉപയോക്തൃ സംതൃപ്തി, നെറ്റ് പ്രൊമോട്ടര്‍ സ്കോര്‍ (എന്‍പിഎസ്) എന്നിവയാണ് പരിഗണിച്ചത്.
പാന്‍ഡെമിക്കിനു മുമ്പും ശേഷവും, ഓണ്‍ലൈന്‍ പലചരക്ക് (62%) ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രാന്‍ഡാണ് ബിഗ് ബാസ്കറ്റ്. അതിനുപിന്നില്‍ ആമസോണ്‍ ഫ്രെഷ് ഉണ്ട്. ശക്തമായ മല്‍സരം ഉയര്‍ത്തി ആമസോണ്‍ ഫ്രെഷ് ഈ മേഖലയില്‍ വളര്‍ന്നു വരുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇ-കൊമേഴ്സ് യുദ്ധം ഇപ്പോഴും പ്രധാനമായി ആമസോണും ഫ്ലിപ്കാര്‍ട്ടും തമ്മിലാണ്. ബ്രാന്‍ഡ് യൂസര്‍ഷിപ്പ് (78%), ഉപഭോക്തൃ സംതൃപ്തി (72%), നെറ്റ് പ്രൊമോട്ടര്‍ സ്കോര്‍ (36%) എന്നിവയില്‍ ആമസോണ്‍ ഇ-കൊമേഴ്സ് വിപണിയില്‍ മുന്നിലെത്തി.
ആമസോണ്‍ പ്രൈംവീഡിയോയിലാണ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തരായ ഉപഭോക്താക്കളുള്ളത് (81%). ഡിസ്നി + ഹോട്ട്സ്റ്റാര്‍ (73%), നെറ്റ്ഫ്ലിക്സ് (67%) എന്നിവയുണ്ട്. പ്രീ-പാന്‍ഡെമിക് (2020 മാര്‍ച്ചിന് മുമ്പ്) കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പോസ്റ്റ്-പാന്‍ഡെമിക് കാലയളവില്‍ (2020 മാര്‍ച്ചിന് ശേഷമുള്ളത്) നെറ്റ്ഫ്ലിക്സ് പുതിയ വരിക്കാരുടെ കാര്യത്തില്‍ 14% വളര്‍ച്ച രേഖപ്പെടുത്തി.