വുഹാൻ ലാബിന്റെ പ്രവർത്തനത്തെ കുറിച്ച് വസ്തുതാ റിപ്പോർട്ട് പുറത്തിറക്കി അമേരിക്ക
1 min readകൊറോണ വൈറസിന്റെ പ്രഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിൽ എത്തിയ അതേ സമയത്ത് തന്നെയാണ് ദുരൂഹതകളും വിവാദങ്ങളും കൊണ്ട് വാർത്തകളിൽ ഇടം നേടിയ ചൈനയിലെ വുഹാൻ ലാബിന്റെ പ്രവർത്തനത്തെ കുറിച്ച് അമേരിക്ക വസ്തുതാ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ ലാബിൽ നിന്നായിരിക്കാം വൈറസ് പുറത്തുപോയിരിക്കുക എന്ന സൂചനയാണ് ഇത് നൽകുന്നത്
കൊറോണ വൈറസിന്റെ ഉൽപ്പത്തിയെ കുറിച്ച് അന്വേഷിക്കുന്നതിനായി 13 ഓളം പേർ അടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിൽ എത്തിയിരിക്കെ ലോകത്ത് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വസ്തുതാ റിപ്പോർട്ട് പുറത്തുവിട്ടു. വിവാദമായ വുഹാൻ ലാബിൽ നിന്നാകാം കൊറോണ വൈറസ് എത്തിയതെന്ന അമേരിക്കയുടെ വാദത്തെ ബലപ്പടുത്തുന്ന റിപ്പോർട്ടാണിത്.
2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നിരവധി ഗവേഷകർക്ക് അസുഖം വന്നതിന് തെളിവുണ്ടെന്നും കൊറോണ വൈറസ് പകർച്ചവ്യാധി ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ്-19യുടെ അതേ ലക്ഷണങ്ങളാണ് ഈ അസുഖത്തിനും ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിലോ വിദ്യാർത്ഥികളിലോ സാർസ്-കോവ്-2 ഉം സാർസുമായി ബന്ധപ്പെട്ട മറ്റ് വൈറസ്ജന്യ രോഗങ്ങളും ഉണ്ടായിട്ടില്ലെന്ന വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനായ ഷി ഷെൻഗ്ലിയുടെ അവകാശവാദത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ വസ്തുതയെന്ന് അമേരിക്ക വാദിക്കുന്നു. ഈ രീതിയിൽ പലപ്പോഴും അബദ്ധവശാൽ ലാബിൽ രോഗങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവ ചൈനയിലും മറ്റിടങ്ങളിലും പകർച്ചവ്യാധികൾക്ക് കാരണമായിട്ടുണ്ടെന്നും 2004ൽ ബെയ്ജിംഗിലുണ്ടായ പകർച്ചവ്യാധിയടക്കം ചൂണ്ടിക്കാണിച്ച് യുഎസ് പറയുന്നു.
വുഹാൻ ലാബിലാണ് കൊറോണ വൈറസ് നിർമ്മിച്ചതെന്നും അതിന് തന്റെ പക്കൽ തെളിവുണ്ടെന്നും കഴിഞ്ഞിടെ ഒരു ചൈനീസ് വൈറോളജിസ്റ്റ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ലോകത്തോട് വിളിച്ച് പറഞ്ഞതിന് ശേഷം ലി-മെംഗ് യാൻ എന്ന വൈറോളജിസ്റ്റ് ചൈന വിടുകയും ചെയ്തു. 2019ൽ അസുഖം വന്നവർ ഉൾപ്പടെ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഗവേഷകരെ അഭിമുഖം ചെയ്യാൻ പോലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മാധ്യമ പ്രവർത്തകരെയോ അന്വേഷണ സംഘങ്ങളെയോ ആഗോള ആരോഗ്യ പ്രവർത്തകരെയോ അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടിൽ അമേരിക്ക ആരോപിക്കുന്നുണ്ട്.
കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള വിശ്വാസ്യതയാർന്ന അന്വേഷണ റിപ്പോർട്ടുകളിൽ ഈ ഗവേഷകരുമായുള്ള അഭിമുഖങ്ങൾ ഉണ്ടായിരിക്കണമെന്ന് വൈറസ് ഉത്പത്തിയെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തുന്നതിന് മുമ്പായി അമേരിക്ക ആവശ്യപ്പെട്ടിരുന്നു. വുഹാൻ ലാബിൽ നടക്കുന്ന രഹസ്യസ്വഭാവത്തിലുള്ള ഗവേഷണങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. മാത്രമല്ല ഇവിടെ രഹസ്യമായി സൈനിക നീക്കങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു. കോവിഡ്-19യുടെ ഉൽഭവവുമായി ബന്ധപ്പെട്ട് ഒളിഞ്ഞ് കിടക്കുന്ന വിവരങ്ങളിൽ ചിലത് മാത്രമാണിതെന്നും ഇത് സംബന്ധിച്ച വസ്തുതാപരമായ അന്വേഷണം വുഹാനിലെ ഗവേഷണ ലാബുകളെ കുറിച്ച് സുതാര്യവും സമ്പൂർണവുമായ വിവരങ്ങൾ അടങ്ങുന്നതായിരിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.