കോവാക്സിനെ അംഗീകരിക്കുന്നതില്‍ തീരുമാനം 6 ആഴ്ചയ്ക്കുള്ളില്‍: ഡബ്ല്യുഎച്ച്ഒ
1 min readസുരക്ഷയും കാര്യക്ഷമതയും ഉല്‍പ്പാദന നിലവാരവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ ഡാറ്റ പരിശോധനയ്ക്ക് വിധേയമാക്കും
ന്യൂഡെല്‍ഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് -19 വാക്സിനായ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍ (ഇയുഎല്‍) ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് നാല് മുതല്‍ ആറ് വരെ ആഴ്ചയ്ക്കുള്ളില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തീരുമാനമെടുക്കും. സംഘടനയിലെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് (സിഎസ്ഇ) വെള്ളിയാഴ്ച സംഘടിപ്പിച്ച ഒരു വെബിനാറില്‍ സംസാരിച്ച അവര്‍ ലോകാരോഗ്യസംഘടന കോവാക്സിനെ അവലോകനം ചെയ്യുന്നുണ്ടെന്നും അതിന്‍റെ ഉല്‍പ്പാദകരായ ഭാരത് ബയോടെക് ഇപ്പോള്‍ ഡബ്ല്യുഎച്ച്ഒ-യുടെ പോര്‍ട്ടലില്‍ മുഴുവന്‍ ഡാറ്റയും അപ്ലോഡ് ചെയ്യുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയതോ ലൈസന്‍സില്ലാത്തതോ ആയ ഉല്‍പ്പന്നങ്ങള്‍ പൊതുജനാരോഗ്യ മേഖലയിലെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പ്രക്രിയയെ കാര്യക്ഷമമാക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് ഇയുഎല്‍ എന്ന് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.
ഒരു കമ്പനി മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി മുഴുവന്‍ വിവരങ്ങളും ലോകാരോഗ്യ സംഘടനയുടെ റെഗുലേറ്ററി വിഭാഗത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്, ഇത് ഒരു വിദഗ്ദ്ധ ഉപദേശക സംഘം പരിശോധിച്ച ശേഷമാണ് അംഗീകാരം നല്‍കുക.
സുരക്ഷയും കാര്യക്ഷമതയും ഉല്‍പ്പാദന നിലവാരവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ ഡാറ്റ പരിശോധനയ്ക്ക് വിധേയമാക്കും. ഭാരത് ബയോടെക് ഇതിനകം തന്നെ ഡാറ്റ സമര്‍പ്പിച്ചിട്ടുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. നിലവില്‍, അടിയന്തിര ഉപയോഗത്തിനായി ഫൈസര്‍/ബയോ ടെക്, അസ്ട്രാസെനെക്ക-എസ്കെ ബയോ / സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അസ്ട്രാസെനെക ഇയു, ജാന്‍സെന്‍, മോഡേണ, സിനോഫാര്‍ം എന്നിവയുടെ വാക്സിനുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഇനി അടുത്തതായി അനുമതി നല്‍കുന്നതിന് അവലോകനം ചെയ്യുന്നത് ഭാരത് ബയോടെക്കിന്‍റെ കോവാക്സിനാണ്.
കോവാക്സിനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിച്ചിട്ടുള്ള വാക്സിന്‍. ഇതിന് ഇനിയും ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭ്യമായിട്ടില്ലാത്തത് വിദേശ യാത്രകള്‍ക്ക് ഒരുങ്ങുന്ന പലര്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോവാക്സിന്‍ സ്വീകരിച്ച യാത്രികരെ സ്വന്തം രാജ്യത്ത് പ്രവേശിക്കാന്‍ വിവിധ വിദേശ രാജ്യങ്ങള്‍ അനുമതി നല്‍കുന്നതില്‍ ഡബ്ല്യുഎച്ച്ഒ-യുടെ അംഗീകാരമാണ് നിര്‍ണായകമാകുക.