ഡിജിറ്റല്‍ സ്‌കില്‍ ചാമ്പ്യന്‍സ് പ്രോഗ്രാമുമായി വാട്‌സ്ആപ്പ്, എന്‍എസ്ഡിസി
ലോക നൈപുണ്യ തലസ്ഥാനമായി ഇന്ത്യയെ ഉയര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന് പിന്തുണ നല്‍കും
ന്യൂഡെല്‍ഹി: ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും (എന്‍എസ്ഡിസി) വാട്‌സ്ആപ്പും ചേര്‍ന്ന് ഡിജിറ്റല്‍ സ്‌കില്‍ ചാമ്പ്യന്‍സ് പ്രോഗ്രാം നടപ്പാക്കും. രാജ്യത്തെ ചെറുപ്പക്കാരെ തൊഴില്‍ സജ്ജരാക്കുന്നതിന് പരിശീലന പരിപാടികളിലൂടെ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍, ഓണ്‍ലൈന്‍ കഴിവുകളില്‍ പരിശീലനം നല്‍കും. മാത്രമല്ല, എന്‍എസ്ഡിസിയും വാട്‌സ്ആപ്പും ചേര്‍ന്ന് ‘ഡിജിറ്റല്‍ സ്‌കില്‍സ് ചാമ്പ്യന്‍’ സര്‍ട്ടിഫിക്കറ്റ് കൂടി വിതരണം ചെയ്യും.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് മൂന്നാം ശ്രേണി, നാലാം ശ്രേണി നഗരങ്ങളിലെ കുട്ടികളെ സജ്ജമാക്കുന്നതും ഈ പരിശീലന പരിപാടികളുടെ ലക്ഷ്യമാണ്. വാട്‌സ്ആപ്പ് ഡിജിറ്റല്‍ സ്‌കില്‍സ് അക്കാദമി, പ്രധാനമന്ത്രി കൗശല്‍ കേന്ദ്ര, വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ട്രെയിനിംഗ് സെഷന്‍സ് എന്നിവ ഈ പദ്ധതിയില്‍ സജീവ പങ്കാളികളാണ്. മൂന്നാം ശ്രേണി, നാലാം ശ്രേണി നഗരങ്ങളിലെ ചെറുപ്പക്കാര്‍ക്ക് ഡിജിറ്റല്‍ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച പ്രധാനപ്പെട്ട മേഖലകളില്‍ വാട്‌സ്ആപ്പ് ഡിജിറ്റല്‍ സ്‌കില്‍സ് അക്കാദമി പരിശീലനം നല്‍കും.
രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ അമ്പത് ക്യാമ്പസുകളില്‍ പരീക്ഷണാര്‍ത്ഥമാണ് പദ്ധതി ആരംഭിക്കുന്നത്. വാട്‌സ്ആപ്പിന്റെ പ്രോജക്റ്റ് നിര്‍വഹണ പങ്കാളിയായ ഇന്‍ഫിസ്പാര്‍ക്കിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി കൗശല്‍ കേന്ദ്രത്തിലെ പരിശീലകര്‍ക്ക് വാട്‌സ്ആപ്പ് ബിസിനസ് ആപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വാട്‌സ്ആപ്പ് പരിശീലനം നല്‍കും.
ഇന്ത്യയെ നൈപുണ്യവല്‍ക്കരിക്കുക എന്ന എന്‍എസ്ഡിസിയുടെ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി വാട്‌സ്ആപ്പ് ഇന്ത്യ പബ്‌ളിക് പോളിസി ഡയറക്റ്റര്‍ ശിവ്‌നാഥ് തുക്‌റാല്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്നൊവേഷനിലേക്കും സംരംഭകത്വത്തിലേക്കും രാജ്യം പ്രവേശിക്കുന്ന കാലത്ത് ഓണ്‍ലൈന്‍ സാന്നിധ്യം സംബന്ധിച്ച അറിവുകള്‍ ചെറുപ്പക്കാര്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് അത്യാവശ്യമാണ്. ഈ പങ്കാളിത്തത്തിലൂടെ സംരംഭകത്വ താല്‍പ്പര്യമുള്ള ചെറുപ്പക്കാരുടെ ഡിജിറ്റല്‍ നൈപുണ്യങ്ങള്‍ വളര്‍ത്താനും എല്ലാവര്‍ക്കും സുരക്ഷിതമായൊരു ഡിജിറ്റല്‍ പരിതസ്ഥിതി സൃഷ്ടിക്കാന്‍ ചെറുപ്പക്കാരെ സജ്ജമാക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.