പാളുമോ പ്രതിരോധം, കേരളത്തില്‍ വാക്സിന്‍ ക്ഷാമം; കയറ്റുമതി വിലക്കില്ലെന്ന് കേന്ദ്രം
1 min read- കോവിഡ് രണ്ടാം വരവ് ശക്തിപ്പെടുന്നു; വാക്സിന്‍ ക്ഷാമം രൂക്ഷം
- കോവിഡ് വാക്സിന്‍റെ വാണിജ്യ കയറ്റുമതി വിലക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് സര്‍ക്കാര്‍
- കയറ്റുമതി വിലക്കുന്നത് ഇന്ത്യന്‍ കമ്പനികളെ ബാധിച്ചേക്കുമെന്നും വാദം
മുംബൈ: രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വാക്സിനുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതായി പരാതി ഉയരുന്നു. കേരളത്തില്‍ രണ്ട് ദിവസത്തേക്ക് ഉള്ള വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അവര്‍ വ്യക്തമാക്കി. ആവശ്യത്തിന് വാക്സിന്‍ ലഭിച്ചില്ലെങ്കില്‍ കേരളത്തിന്‍റെ മാസ് വാക്സിനേഷന്‍ പദ്ധതി പ്രതിസന്ധിയിലാകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കനത്ത ജാഗ്രത വേണമെന്നും ജനങ്ങള്‍ ഇതുള്‍ക്കൊള്ളണമെന്നും കെ കെ ശൈലജ പറഞ്ഞു. തദ്ദേശ തലങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. വാര്‍ഡ് തലങ്ങളിലെ കോവിഡ് പ്രതിരോധ സമിതികളും ശക്തമാക്കാനാണ് തീരുമാനം.
വാക്സിന്‍ ക്ഷാമം നേടിരുന്ന സാഹചര്യത്തില്‍ വാക്സിന്‍ കയറ്റുമതി നിര്‍ത്തിവെക്കണമെന്ന വാദങ്ങളും സജീവമാകുകയാണ്. എന്നാല്‍ കോവിഡ് വാക്സിനുകളുടെ വാണിജ്യ കയറ്റുമതി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തയാറാകില്ല.
തിങ്കളാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് വാക്സിനുകളുടെ വാണിജ്യ കയറ്റുമതി വിലക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഈ വിഷയത്തില്‍ പുനരാലോചന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് 19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംദെസിവിര്‍ മരുന്നും അതിന്‍റെ സജീവ ഫാര്‍മ ഘടകങ്ങളും കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വാക്സിന്‍ കയറ്റുമതി നിരോധനവും ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. കയറ്റുമതിക്ക് ഉടന്‍ വിലക്കേര്‍പ്പെടുത്തണമെന്ന് കഴിഞ്ഞയാഴ്ച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
വാക്സിന്‍ ഉല്‍പ്പാദനത്തിന്‍റെ ഹബ്ബാണ് ഇന്ത്യയെ ആഗോള പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കയറ്റുമതി ഇപ്പോള്‍ വിലക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, വാക്സിന്‍ നിര്‍മിക്കുന്ന രണ്ട് ഇന്ത്യന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഏറ്റെടുത്ത ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യവും അപ്പോള്‍ സംജാതമാകും. ഇന്ത്യയിലെ നിക്ഷേപ, ബിസിനസ് അന്തരീക്ഷത്തെയും അത് ബാധിച്ചേക്കും.
ആഗോള കോവാക്സ് മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന്‍(ജിവിഎഐ) 90 ദശലക്ഷം വാക്സിനുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. പ്രധാന വാക്സിന്‍ ഉല്‍പ്പാദകരില്‍ നിന്ന് വാക്സിന്‍ വാങ്ങി, അത് വികസ്വര, അവികസിത രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതനുസരിച്ച് ഇന്ത്യയില്‍ വാക്സിന്‍ കമ്പനികള്‍ ഇതിനോടകം കയറ്റി അയച്ചത് 1.8 കോടി വാക്സിന്‍ ഡോസുകളാണ്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിന്‍ നിര്‍മാതാക്കള്‍ തങ്ങളുടെ രാജ്യത്തിന്‍റെ ആവശ്യകത നിറവേറ്റുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നുവെന്നും ആഗോളതലത്തില്‍ ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ജിഎവിഐ ഭയപ്പെടുന്നുണ്ട്.