അതിര്‍ത്തിയിലെ ചൈനീസ് നീക്കം;യുഎസ് ഇന്ത്യക്കൊപ്പം
1 min readന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കെതിരായ ചൈനയുടെ ആക്രമണാത്മക നടപടികളുടെ പശ്ചാത്തലത്തില്‍ അമേരിക്ക ന്യൂഡെല്‍ഹിക്കൊപ്പം നില്‍ക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ്. അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള ബെയ്ജിംഗിന്‍റെ ശ്രമങ്ങളെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലായ്പ്പോഴും എന്നപോലെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കും പങ്കാളികള്‍ക്കും ഒപ്പം നില്‍ക്കും.’പ്രൈസ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ നിയന്ത്രണ രേഖ യുഎസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റം സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിനു കാരണമാകുന്നു. ഇന്ത്യയിലെയും ചൈനയിലെയും സര്‍ക്കാരുകള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളും യുഎസ് ശ്രദ്ധിക്കുന്നുണ്ട്. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നേരിട്ടുള്ള സംഭാഷണത്തിനും സമാധാനപരമായ നീക്കങ്ങള്‍ക്കും എന്നും യുഎസ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണത്തിന്‍റെ പ്രാധാന്യം പ്രൈസ് ഊന്നിപ്പറഞ്ഞു. “ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. ഒരു പ്രമുഖ ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നുവന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടാതെ ഈ മേഖലയിലെ ഒരു നെറ്റ് സെക്യൂരിറ്റി പ്രൊവൈഡര്‍ എന്ന നിലയിലുള്ള പങ്കാളിത്തവും വളരെ വലുതാണ്. യുഎസ് ഇന്ത്യാ സര്‍ക്കാരുമായി പതിവായി ഇടപഴകുന്നു. ഇത് യുഎസ്-ഇന്ത്യ ബന്ധത്തിന്‍റെ അടിത്തറയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’.അദ്ദേഹം പറഞ്ഞു.പ്രതിരോധം, ഇന്തോ-പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, ഭീകരവാദം, സമാധാന പരിപാലനം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, ബഹിരാകാശം, സമുദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നയതന്ത്ര സുരക്ഷാ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ധിച്ച സഹകരണമുണ്ട്. ഇരു രാജ്യങ്ഹളും തമ്മിലുള്ള വ്യാപാരത്തിലും വന്‍ വര്‍ധനയുണ്ട്.