യുഎഇ-യുഎസ് വിദേശകാര്യ മന്ത്രിമാർ ഫോണിലൂടെ ചർച്ച നടത്തി
1 min readഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങളും പശ്ചിമേഷ്യയിലെ പ്രാദേശിക പ്രശ്നങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തതെന്ന് യുഎഇ വിദേശ കാര്യ മന്ത്രാലയം
ദുബായ്: യുഎഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിൻ സയിദ് അൽ നഹ്യാൻ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി ഫോണിലൂടെ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങളും പശ്ചിമേഷ്യയിലെ പ്രാദേശിക പ്രശ്നങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിലൂടെ അറിയിച്ചു.
പ്രാദേശിക ഭീഷണികളെ ഒരുമിച്ച് നേരിടുന്നതും മേഖലയുടെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നതും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ വിഷയമായതായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
യുഎസ് സഖ്യകക്ഷികളുമായി ബാക്കിയുള്ള ആയുധ ഇടപാടുകൾ പൂർത്തിയാക്കിയതിന് ശേഷം യുഎഇയുമായുള്ള എഫ്-35 യുദ്ധ വിമാനങ്ങളുടെ ഇടപാടുമായി അമേരിക്കയിലെ ജോ-ബൈഡൻ സർക്കാർ മുന്നോട്ടു പോകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അമേരിക്കയിലെ യുഎഇ അംബാസഡർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് പദവി ഒഴിയുന്നതിന് തൊട്ട് മുൻപ് അമേരിക്കയിൽ നിന്നും 50 യുദ്ധ വിമാനങ്ങളും 18 സായുധ ഡ്രോണുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനുള്ള 23 ബില്യൺ ഡോളറിന്റെ കരാറിൽ യുഎഇ ഒപ്പുവെച്ചിരുന്നു.
യുഎഇയിൽ നിന്നുള്ള അലൂമിനിയം ഇറക്കുമതിക്കുള്ള തീരുവ ബൈഡൻ ഭരണകൂടം നിലനിർത്തുമെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൌസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തുന്നത്. ഇത് നിർത്തലാക്കാൻ യുഎസ് പ്രസിഡന്റ് പദവിയിലുള്ള അവസാന നാളുകളിൽ ഡൊണാൾഡ് ട്രംപ് ശ്രമിച്ചിരുന്നു.