ആഗോള തലത്തില്‍ എണ്ണവില 2020 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍
1 min read
യുഎസിന്റെ സാമ്പത്തിക വളര്‍ച്ചാ നിഗമനം വിപണിയെ സ്വാധീനിച്ചു
ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ എണ്ണവില ഇന്നലെ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. അമേരിക്കയിലെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച നിഗമനം പുറത്തുവന്നതും ക്രൂഡ് വിതരണം നിയന്ത്രിക്കുന്നതില്‍ ഉല്‍പ്പാദകര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയുമാണ് വില വര്‍ധനയെ നയിക്കുന്നത്. സാമ്പത്തിക മേഖലയിലും എണ്ണ ആവശ്യകതയിലും വീണ്ടെടുപ്പ് പ്രകടമാകുന്നത് ലോകത്ത് എല്ലാ എണ്ണ വിപണികളിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.7 ശതമാനം ഉയര്‍ന്ന് 59.24 ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 59.41 ഡോളറായിരുന്നു അന്നത്തെ നിരക്ക്. ഈ ആഴ്ച മൊത്തം ബ്രെന്റ് 6 ശതമാനം ഉയര്‍ച്ച പ്രകടമാക്കുമെന്നാണ് കണക്കാക്കുന്നത്. ബ്രെന്റ് വില 60 ഡോളര്‍ എന്ന നാഴികക്കല്ലിലേക്കുള്ള യാത്രയിലാണെന്നും വ്യാവസായിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
ഇന്ത്യയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നും വില നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതിരുന്ന കേന്ദ്ര ബജറ്റ് തീരുവ കുറച്ച് പുതുതായി സെസ് ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. ഇത് സംസ്ഥാനങ്ങളുടെ വരുമാനം കുറയ്ക്കുകയും കേന്ദ്ര സര്‍ക്കാരിന് നേട്ടം നല്‍കുകയും ചെയ്യും. ഉപഭോക്തൃ വിലയെ ഇത് ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
93.20 രൂപയായിരുന്നു ഇന്നലെ മുംബൈയില്‍ പെട്രോളിന് വില. ചെന്നൈയില്‍ 89.13 രൂപയും ഡെല്‍ഹിയില്‍ 86.65 രൂപയും വില രേഖപ്പെടുത്തി. കേരളത്തില്‍ 87-88 രൂപയുമായിരുന്നു ഇന്നലത്തെ പെട്രോള്‍ വില. 84 രൂപയായിരുന്നു ഇന്നലെ മുംബൈയിലെ ഡീസല്‍ വില. രാജ്യ തലസ്ഥാനത്ത് 77.13 രൂപയും ചെന്നൈയില്‍ 82.33 രൂപയും വില രേഖപ്പെടുത്തി. കേരളത്തിലെ ഡീസല്‍ വില 82-83 നിലവാരത്തിലായിരുന്നു.