ട്വിറ്റര്‍ ഫ്‌ളീറ്റ്‌സ് ഫീച്ചര്‍ നിര്‍ത്തുന്നു
ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടുന്നതില്‍ ഫ്‌ളീറ്റ്‌സ് ഫീച്ചര്‍ പരാജയപ്പെട്ടുവെന്ന് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം സമ്മതിച്ചു
സാന്‍ ഫ്രാന്‍സിസ്‌കോ: വരുന്ന ഓഗസ്റ്റ് മൂന്നിന് ഫ്‌ളീറ്റ്‌സ് ഫീച്ചര്‍ നിര്‍ത്തുകയാണെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചു. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ ലഭ്യമാക്കി എട്ട് മാസത്തിനു ശേഷമാണ് ഫ്‌ളീറ്റ്‌സ് അകാലചരമമടയുന്നത്. ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടുന്നതില്‍ ഫ്‌ളീറ്റ്‌സ് ഫീച്ചര്‍ പരാജയപ്പെട്ടുവെന്ന് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം പറയുന്നു. ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്നതാണ് ഫ്‌ളീറ്റുകള്‍. ഈ ഫീച്ചറിന്റെ പ്രത്യേകത പോലെ ഫ്‌ളീറ്റ്‌സിന് വിധിച്ചത് അല്‍പ്പായുസ്സായിരുന്നുവെന്ന് ഇപ്പോള്‍ നമുക്ക് തിരിച്ചറിയാം.
ഫ്‌ളീറ്റ്‌സ് ഫീച്ചറില്‍ പരസ്യങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങി ഒരു മാസത്തിന് ശേഷമാണ് ഫീച്ചര്‍ തന്നെ അവസാനിപ്പിക്കുകയാണെന്ന് ട്വിറ്റര്‍ പ്രഖ്യാപിക്കുന്നത്. ഫ്‌ളീറ്റ്‌സില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന പുതിയ ആളുകളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചപോലെ വര്‍ധന ഉണ്ടായില്ലെന്ന് കമ്പനി സമ്മതിച്ചു. ഫ്‌ളീറ്റ്‌സ് ഒരു പാഠം പഠിപ്പിച്ചെന്നും ആളുകള്‍ക്ക് സംഭാഷണത്തില്‍ ഏര്‍പ്പെടാനും ഓരോരുത്തര്‍ക്കും അവരുടേതായ കാര്യങ്ങള്‍ സംസാരിക്കാനും തങ്ങള്‍ മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 3 മുതല്‍ ഫ്‌ളീറ്റ്‌സ് ലഭ്യമാകില്ലെന്ന് ബ്ലോഗ് പോസ്റ്റിലൂടെയാണ് ട്വിറ്റര്‍ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്ക് സമാനമായിരുന്നു ഫ്‌ളീറ്റുകള്‍. ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ കൂടാതെ ഗാലറിയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട്, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എന്നിവ പങ്കുവെയ്ക്കാനും സാധിക്കുമായിരുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പോലെ 24 മണിക്കൂറിനുശേഷം ഫ്‌ളീറ്റ് അപ്രത്യക്ഷമാകും. ഓഗസ്റ്റ് 3 മുതല്‍ ട്വിറ്റര്‍ ആപ്ലിക്കേഷന്റെ മുകളിലെ ബാറില്‍ ഫ്‌ളീറ്റ്‌സ് ലഭ്യമാകില്ല. അതേസമയം സ്പേസസ് തുടരും.
ട്വിറ്റര്‍ ഇതാദ്യമായല്ല ഒരു ഫീച്ചര്‍ നിര്‍ത്താന്‍ തീരുമാനിക്കുന്നത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഫ്‌ളീറ്റ്‌സ് ഫീച്ചര്‍ അവസാനിപ്പിച്ചതാണ് ഏറെ ശ്രദ്ധേയം. ഫീച്ചറുകള്‍ എടുത്തുകളയുന്ന കാര്യത്തില്‍ ട്വിറ്റര്‍ ഒറ്റയ്ക്കല്ല. വര്‍ഷങ്ങള്‍ക്കിടെ ഗൂഗിള്‍ പോലും പല ഉല്‍പ്പന്നങ്ങളും കൈവെടിഞ്ഞിരുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗൂഗിള്‍ പ്ലേ മ്യൂസിക്കിനെയും അതിന്റെ സംഗീത ലൈബ്രറിയെയും ഓഡിയോ സ്ട്രീമിംഗ് സേവനത്തെയും ടെക് ഭീമന്‍ കൊന്നു.