ഏറ്റവും പുതിയ കൊവിഡ് വിവരങ്ങള്‍ ലഭ്യമാക്കി ട്വിറ്റര്‍
ഇവന്റ് പേജുകള്‍, സ്‌പേസസ്, ലിസ്റ്റുകള്‍, പ്രോംപ്റ്റുകള്‍ തുടങ്ങിയ സഹായങ്ങളാണ് പൊതുജനങ്ങള്‍ക്കായി ട്വിറ്റര്‍ ലഭ്യമാക്കുന്നത്
ന്യൂഡെല്‍ഹി: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിരവധി പേരാണ് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നു. ഈ ആശയവിനിമയത്തിന് ട്വിറ്റര്‍ പരമാവധി പിന്തുണയാണ് നല്‍കുന്നത്. ഇവന്റ് പേജുകള്‍, സ്‌പേസസ്, ലിസ്റ്റുകള്‍, പ്രോംപ്റ്റുകള്‍ തുടങ്ങിയ സഹായങ്ങളാണ് പൊതുജനങ്ങള്‍ക്കായി ട്വിറ്റര്‍ ലഭ്യമാക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് വിശ്വസനീയ വിവരങ്ങള്‍ ലഭ്യമാകുന്ന ഇവന്റ് പേജ് ട്വിറ്റര്‍ ഇതിനകം ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ വിശ്വസനീയ ട്വീറ്റുകളിലേക്ക് നയിക്കാന്‍ സഹായിക്കുന്ന പേജുകളാണിത്. ഇത്തരത്തില്‍ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബന്ധപ്പെട്ട മറ്റു വ്യക്തികള്‍ എന്നിവര്‍ നല്‍കുന്ന വിവരങ്ങള്‍ ‘കേരള പേജിലൂടെ’ ലഭിക്കും. കൊവിഡ് 19 ഹബ്, കൊവിഡ് 19 എസ്ഒഎസ് പേജ്, വാക്‌സിന്‍ സേഫ്റ്റി, ഹൗ ടു സ്റ്റേ സേഫ് എന്നീ പേജുകളിലൂടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്.
ഇന്ത്യയില കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, ഈയാഴ്ച്ചയാദ്യം രാജ്യത്ത് ട്വിറ്റര്‍ സ്‌പെയ്‌സുകള്‍ പുറത്തിറക്കുന്നതിനാണ് ട്വിറ്റര്‍ പ്രാധാന്യം നല്‍കിയത്. ആഗോളതലത്തില്‍ 600 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളവര്‍ക്ക് മാത്രമാണ് സ്പെയ്സ് ഹോസ്റ്റ് ചെയ്യാന്‍ കഴിയുന്നത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ സ്പെയ്സ് ഹോസ്റ്റ് ചെയ്യാനും ട്യൂണ്‍ ചെയ്യാനും സാധിക്കും. ആളുകള്‍ക്ക് സ്പെയ്സുകളില്‍ മറ്റുള്ളവരെ റിപ്പോര്‍ട്ട് ചെയ്യാനും തടയാനും കഴിയും. അല്ലെങ്കില്‍ ഒരു സ്പേസ് റിപ്പോര്‍ട്ട് ചെയ്യാനും കഴിയും.
എല്ലാ എക്കൗണ്ടുകളില്‍നിന്നുമുള്ള വിവരങ്ങള്‍ ഒരു പട്ടികയായി നല്‍കുന്നതാണ് ട്വിറ്റര്‍ ലിസ്റ്റ്. പ്രധാനപ്പെട്ട വിവരങ്ങളിലേക്ക് ആളുകളെ നയിക്കുന്നതിനും എക്കൗണ്ട് ഉടമകളുമായി ആശയവിനിമയം നടത്തുന്നതിനും സഹായിക്കും. ആരോഗ്യ വകുപ്പ് അധികൃതര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍, ആരോഗ്യമേഖലയില്‍ വിദഗ്ധരായ മാധ്യമപ്രവര്‍ത്തകര്‍, യഥാര്‍ത്ഥ വിവരങ്ങള്‍ പരിശോധിക്കുന്നവര്‍ എന്നിവര്‍ നല്‍കുന്ന വിവരങ്ങളാണ് ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യുന്നത്. മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ ഇതുവഴി കഴിയുന്നു. കൊവിഡുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ പട്ടികയും ഇത്തരത്തില്‍ തയ്യാറാക്കി. ആളുകള്‍ക്ക് ഇവരെ ട്വിറ്ററില്‍ ഫോളോ ചെയ്യാം.
രാജ്യത്തെ വാക്‌സിന്‍ ലഭ്യത, യോഗ്യത, മറ്റ് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കാന്‍ ട്വിറ്റര്‍ നടപടികള്‍ സ്വീകരിച്ചു. വാക്സിനുകളെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹോം ടൈംലൈന്‍ പ്രോംപ്റ്റുകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ട്വിറ്റര്‍ അവതരിപ്പിച്ചു. ഇവകൂടാതെ, ട്വിറ്റര്‍ അതിന്റെ കൊവിഡ് 19 മിസ് ഇന്‍ഫര്‍മേഷന്‍ നയം ശക്തിപ്പെടുത്തി. ആളുകള്‍ പരസ്പരം നല്‍കുന്ന പിന്തുണ വര്‍ധിപ്പിക്കുന്നതിന് മലയാളം ഉള്‍പ്പെടെ പതിനൊന്ന് ഇന്ത്യന്‍ ഭാഷകളില്‍ ഒരു ഇമോജി ആരംഭിച്ചു.