കൊവിഡ് 19 ആശുപത്രി ഡയറക്റ്ററിയുമായി ട്രൂകോളര്‍
ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ക്ക് സ്വന്തം പ്രദേശത്തെ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഡയറക്റ്ററി
ന്യൂഡെല്‍ഹി: ടെലിഫോണ്‍ സെര്‍ച്ച് എന്‍ജിനും കോളര്‍ ഐഡി സേവന ദാതാക്കളുമായ ട്രൂകോളര്‍ ഇന്ത്യയില്‍ കൊവിഡ് 19 ആശുപത്രി ഡയറക്റ്ററി അവതരിപ്പിച്ചു. ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ക്ക് സ്വന്തം പ്രദേശത്തെ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ ഡയറക്റ്ററി.
ആപ്പില്‍തന്നെയാണ് ഡയറക്റ്ററി നിര്‍മിച്ചിരിക്കുന്നത്. മെനുവില്‍ നിന്നോ ഡയലറില്‍നിന്നോ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ചികിത്സയ്ക്കായി പ്രത്യേകം സജ്ജീകരിച്ച ആശുപത്രികളുടെ ടെലിഫോണ്‍ നമ്പറുകളും വിലാസവും ഉള്‍പ്പെടുന്നതാണ് ഡയറക്റ്ററി. സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റബേസുകളില്‍നിന്നാണ് ഇതിനായി വിവരങ്ങള്‍ ശേഖരിച്ചത്.
ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് സെര്‍ച്ച് ബട്ടണ്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമാണോയെന്ന വിവരം ലഭിക്കില്ല.
എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യുമെന്നും ഇന്ത്യയിലെ പരമാവധി പ്രദേശങ്ങളിലെ പരമാവധി ആശുപത്രികളും അവയുടെ ഫോണ്‍ നമ്പറുകളും ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ട്രൂകോളര്‍ വ്യക്തമാക്കി. പുതിയ ഫീച്ചര്‍ ലഭിക്കുന്നതിന് പ്ലേ സ്റ്റോര്‍ സന്ദര്‍ശിച്ച് ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. തല്‍ക്കാലം ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമായിരിക്കും ഈ ഡയറക്റ്ററി ലഭിക്കുന്നത്.