തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളം
തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1100 കോടിയിലധികം ചെലവിൽ വികസിപ്പിച്ച രണ്ട് നിലകളുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 44 ലക്ഷത്തിലധികം യാത്രക്കാർക്കും തിരക്കുള്ള സമയങ്ങളിൽ ഏകദേശം 3500 യാത്രക്കാർക്കും സേവനം നൽകാനുള്ള ശേഷിയുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം അത്യാധുനിക സൗകര്യങ്ങളും സവിശേഷതകളും പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.
തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ, സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കു പ്രധാനമന്ത്രി പുരസ്കാരങ്ങൾ നൽകും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും. വിവിധ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. സേലം-മാഗ്നസൈറ്റ് ജംഗ്ഷൻ-ഓമല്ലൂർ-മേട്ടൂർ അണക്കെട്ട് ഭാഗത്തെ 41.4 കിലോമീറ്റർ ഇരട്ടിപ്പിക്കൽ പദ്ധതി; മധുരയിൽ – തൂത്തുക്കുടി 160 കിലോമീറ്റർ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി; തിരുച്ചിറപ്പള്ളി-മാനാമധുരൈ-വിരുദുനഗർ, വിരുദുനഗർ – തെങ്കാശി ജംഗ്ഷൻ, ചെങ്കോട്ട – തെങ്കാശി ജങ്ഷൻ – തിരുനെൽവേലി – തിരുച്ചെന്തൂർ റെയിൽ പാത വൈദ്യുതീകരണത്തിനായുള്ള മൂന്ന് പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോകുന്നതിനുള്ള റെയിൽ ശേഷി മെച്ചപ്പെടുത്തുന്നതിനും തമിഴ്‌നാട്ടിലെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റെയിൽ പദ്ധതികൾ സഹായിക്കും.
റോഡ് മേഖലയിലെ അഞ്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. NH-81 ന്റെ ട്രിച്ചി – കല്ലകം ഭാഗത്തിനായി 39 കിലോമീറ്റർ നാലുവരിപ്പാത; NH-81 ന്റെ കല്ലകം – മീൻസുരുട്ടി ഭാഗത്തിന്റെ 60 കിലോമീറ്റർ നീളമുള്ള 4/2-വരി പാത; NH-785 ന്റെ ചെട്ടികുളം – നത്തം ഭാഗത്തിന്റെ 29 കിലോമീറ്റർ നാലുവരിപ്പാത; NH-536-ന്റെ കാരക്കുടി-രാമനാഥപുരം സെക്ഷന്റെ 80 കിലോമീറ്റർ നീളമുള്ള രണ്ടുവരി പാത; NH-179A സേലം – തിരുപ്പത്തൂർ – വാണിയമ്പാടി റോഡിന്റെ 44 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോഡ് പദ്ധതികൾ മേഖലയിലെ ജനങ്ങളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുകയും ട്രിച്ചി, ശ്രീരംഗം, ചിദംബരം, രാമേശ്വരം, ധനുഷ്‌കോടി, ഉതിരകോശമംഗൈ, ദേവിപട്ടണം, ഏർവാടി, മധുര തുടങ്ങിയ വ്യവസായ വാണിജ്യ കേന്ദ്രങ്ങളുടെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. പരിപാടിയിൽ പ്രധാന റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. NH 332A യുടെ മുഗയ്യൂർ മുതൽ മരക്കാനം വരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. ഈ റോഡ് തമിഴ്‌നാടിന്റെ കിഴക്കൻ തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുകയും ലോക പൈതൃക സ്ഥലമായ മാമല്ലപുരത്തേക്കുള്ള റോഡ് ഗതാഗതസൗകര്യം വർധിപ്പിക്കുകയും കൽപ്പാക്കം ആണവനിലയത്തിലേക്ക് മികച്ച സമ്പർക്കസൗകര്യം നൽകുകയും ചെയ്യും.
9000 കോടിയിലധികം രൂപയുടെ പ്രധാനപ്പെട്ട പെട്രോളിയം – പ്രകൃതിവാതക പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. രാഷ്ട്രത്തിനു സമർപ്പിക്കുന്ന രണ്ടു പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) 488 കിലോമീറ്റർ നീളമുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ- എന്നൂർ – തിരുവള്ളൂർ – ബെംഗളൂരു – പുതുച്ചേരി – നാഗപട്ടണം – മധുരൈ – തൂത്തുക്കുടി പൈപ്പ് ലൈൻ ഭാഗത്തിന്റെ IP101 (ചെങ്കൽപേട്ട്) മുതൽ IP 105 (സായൽക്കുടി) വരെ; കൂടാതെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) 697 കിലോമീറ്റർ നീളമുള്ള വിജയവാഡ-ധർമ്മപുരി മൾട്ടിപ്രൊഡക്ട് (POL) പെട്രോളിയം പൈപ്പ്ലൈൻ (VDPL).
കൂടാതെ, തറക്കല്ലിടുന്ന പദ്ധതികളിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) കൊച്ചി-കൂറ്റനാട്-ബംഗളൂരു- മംഗളൂരു വാതകപൈപ്പ്ലൈൻ II (കെകെബിഎംപിഎൽ II) ന്റെ കൃഷ്ണഗിരി മുതൽ കോയമ്പത്തൂർ വരെയുള്ള 323 കിലോമീറ്റർ പ്രകൃതിവാതക പൈപ്പ് ലൈൻ വികസനം; ചെന്നൈയിലെ വള്ളൂരിൽ നിർദിഷ്ട ഗ്രാസ് റൂട്ട് ടെർമിനലിനായി പൊതു ഇടനാഴിയിൽ പിഒഎൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു. പെട്രോളിയം, പ്രകൃതിവാതക മേഖലയുടെ ഈ പദ്ധതികൾ മേഖലയിലെ ഊർജത്തിന്റെ വ്യാവസായിക, ഗാർഹിക, വാണിജ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പായിരിക്കും. ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സംഭാവനയേകുന്നതിനും ഇവ വഴിയൊരുക്കും.
കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തിലെ (ഐജിസിഎആർ) ഡെമോൺസ്ട്രേഷൻ ഫാസ്റ്റ് റിയാക്ടർ ഇന്ധന പുനഃസംസ്കരണ നിലയവും (ഡിഎഫ്ആർപി) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 400 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഡി.എഫ്.ആർ.പി. സവിശേഷമായ രൂപകൽപ്പനയാൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഇത്തരത്തിൽ ലോകത്തു തന്നെ ഒരേയൊരു രൂപകൽപ്പനയാണ്. കൂടാതെ ഫാസ്റ്റ് റിയാക്ടറുകളിൽ നിന്ന് പുറന്തള്ളുന്ന കാർബൈഡ്, ഓക്സൈഡ് ഇന്ധനങ്ങൾ വീണ്ടും സംസ്കരിക്കാൻ കഴിവുള്ളതുമാണ്. പൂർണമായും ഇന്ത്യൻ ശാസ്ത്രജ്ഞർ രൂപകൽപ്പന ചെയ്തതാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള വലിയ ഫാസ്റ്റ് റിയാക്ടർ ഇന്ധന പുനഃസംസ്കരണ നിലയങ്ങൾ നിർമിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഇത്. മറ്റ് പദ്ധതികൾക്കൊപ്പം, തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എൻഐടി) 500 കിടക്കകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ ‘അമേത്തിസ്റ്റ്’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.