ടൂറിസം മേഖലയോട് അവഗണനയെന്ന് സംരംഭകര്‍, നാളെ കരിദിനം
തിരുവനന്തപുരം: കോവിഡ് 19 മൂലം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ടൂറിസം മേഖലയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കുകയാണെന്നും ടൂറിസം സംരംഭകരുടെ സംഘടനകള്‍ പ്രഖ്യാപിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് വിളിക്കുന്നില്ലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കറുപ്പണിഞ്ഞ് പ്രതിഷേധം അറിയിക്കുന്നതിനാണ് സംരംഭകര്‍ ഒരുങ്ങുന്നത്.
കോവിഡിന്‍റെ ആദ്യ തരംഗത്തില്‍ നിന്ന് വീണ്ടെടുപ്പ് പ്രതീക്ഷിച്ചിരുന്ന ടൂറിസം മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ മേഖലയിലെ 20 ലക്ഷത്തോളം തൊഴിലാളികള്‍ ജീവിതം വഴിമുട്ടിയ നിലയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊത്തം 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതി പ്രകാരം ഇതുവരെ അമ്പതോളം പേര്‍ക്ക് മാത്രമാണ് വായ്പ ലഭിച്ചിട്ടുള്ളതെന്നും സംഘടനകള്‍ ആരോപിക്കുന്നു.
ബാങ്കുകള്‍ ടൂറിസം മേഖലയ്ക്ക് വായ്പ നല്‍കുന്നതിന് വിമുഖത തുടരുകയാണ്. പരാതികളെ തുടര്‍ന്ന് ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സാഹചര്യങ്ങളില്‍ വലിയ മാറ്റം വന്നിട്ടില്ല. അപ്രായോഗികമായ നിബന്ധനകളാണ് വായ്പയ്ക്കായി മുന്നോട്ടുവെക്കുന്നതെന്നും സംരംഭകര്‍ ചൂണ്ടിക്കാണിക്കുന്നു. ടൂറിസം മേഖലയിലെ 5000ഓളം സംരംഭകര്‍ക്കും നൂറോളം തൊഴിലാളികള്‍ക്കും വായ്പാ സഹായം ലഭ്യമാക്കുന്നതിനായിരുന്നു 10 മാസം മുന്‍പ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്.