മീനെണ്ണ ഗുളികയും ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട തകരാറുകളും തമ്മിലുള്ള ബന്ധം കണ്ടെത്തി
കാര്‍ഡിയോ വാസ്‌കുലാര്‍ രോഗസാധ്യത കൂടിയവരില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏട്രിയല്‍ ഫൈബ്രിലേഷന് കാരണമാകും
രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ് അടങ്ങിയവര്‍ക്ക് ഒമേഗ 3 സപ്ലിമെന്റുകള്‍ മൂലം ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ പഠനം. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലായ കാര്‍ഡിയോവാസ്‌കുലാര് ഫാര്‍മകോതെറാപ്പിയിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്ലാസ്മ ട്രൈഗ്ലിസറൈഡുകള്‍ കൂടുതലുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ് നിലവില്‍ മീനെണ്ണ ഗുളികകള്‍ നല്‍കുന്നത്. ഇങ്ങനെയുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ മീനെണ്ണ ഗുളികകള്‍ പൊതുവെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കുറഞ്ഞ ഡോസിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാങ്ങുന്നതിന് ഡോക്ടര്‍മാരുടെ കുറിപ്പടി പോലും ആവശ്യമില്ല. എന്നാല്‍ തോന്നിയ രീതിയിലുള്ള മീനെണ്ണ ഗുളികകളുടെ ഉപയോഗം ആരോഗ്യത്തിന് നന്നല്ല എന്നാണ് പഠനം പറയുന്നത്.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉപയോഗം ഹൃദയമിടിപ്പിന്റെ താളം തെറ്റുന്ന ഏട്രിയല്‍ ഫൈബ്രിലേഷന് കാരണമായേക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വ്വകലാശാലയിലെ ഡോ. സാല്‍വത്തോര്‍ കാര്‍ബണ്‍ പറഞ്ഞു. ഈ പ്രശ്‌നമുള്ളവരില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി അധികമാണ്. പല ഡോസിലുള്ള, വിവിധ ഫോര്‍മുലകളോട് കൂടിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉപയോഗിച്ചാണ് പഠനം നടന്നത്. രക്തത്തില്‍ ട്രൈഗ്ലിസറൈഡുകളുടെ അളവ് കൂടുതലുള്ള, നിലവില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങളുള്ളവരോ, അല്ലെങ്കില്‍ ഭാവിയില്‍ രോഗമുണ്ടാകാന്‍ സാധ്യതയുള്ളവരോ ആണ് പഠനത്തില്‍ പങ്കെടുത്തത്. മൊത്തത്തില്‍ 50,277 രോഗികള്‍ക്ക് മീനെണ്ണ ഗുളികകളോ പ്ലസീബൊയോ നല്‍കി. രണ്ട് മുതല്‍ 7.4 വര്‍ഷത്തോളം ഇത് തുടര്‍ന്നു. 0.84 ഗ്രാം മുതല്‍ 4 ഗ്രാം വരെ ഡോസേജുള്ള മീനെണ്ണ ഗുളികകളാണ് ഇവര്‍ക്ക് നല്‍കിയത്.
പ്ലസീബൊയെ അപേക്ഷിച്ച് ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകള്‍ ഉപയോഗിച്ചവരില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ സാധ്യത വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ളവരിലാണ് ഇവ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഇത്തരം സപ്ലിമെന്റുകള്‍ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ടെങ്കിലും വളരെ എളുപ്പത്തില്‍ സുലഭമായി ലഭിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത് ഇവയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന് കാര്‍ബണ്‍ പറഞ്ഞു.